Deshabhimani

ജനവിധി എതിരായാലും നെതന്യാഹുവിനെ വാഴിക്കാൻ പദ്ധതി

ഞാൻ പിന്തുണച്ചപ്പോൾ എല്ലാം മാറിമറിഞ്ഞു: ഇസ്രയേൽ തെര‍ഞ്ഞെടുപ്പിൽ അവകാശവാദവുമായി ട്രംപ്

netanyahu trump
വെബ് ഡെസ്ക്

Published on Oct 28, 2026, 11:51 AM | 3 min read

വാഷിങ്ടൺ: ഇസ്രയേൽ പാ‍ർലമെന്റ് തെര‍ഞ്ഞെടുപ്പിൽ നിലവിലെ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു നേരിയ ലീഡ് നേടിയതോടെ അവകാശവാദവുമായി യു എസ് പ്രസിഡന്റ് ഡൊണൾഡ് ട്രംപ്. താൻ നെതന്യാഹുവിനെ പിന്തുണച്ചതോടെയാണ് കാര്യങ്ങൾ മാറിമറിഞ്ഞെതെന്ന് ട്രംപ് അവകാശപ്പെട്ടു. വോട്ടെടുപ്പിന് മുൻപുള്ള എക്സിറ്റ് പോളുകൾ പ്രകാരം നെതന്യാഹു പുറത്താവുന്ന സൂചനകളായിരുന്നു.


വോട്ടെണ്ണൽ 53 ശതമാനം പിന്നിട്ടതോടെ 27 സീറ്റുകളിൽ നെതന്യാഹുവിന്റെ ലിക്വിഡ് പാര്‍ടി മുന്നേറുന്നു. പ്രതിപക്ഷത്തെ പ്രമുഖ പാര്‍ടി ഗാദി ഐസൻകോട്ടിന്റെ യാഷർ പാർട്ടി 22 സീറ്റുകളിലാണ് മുന്നിട്ടു നിൽക്കുന്നത്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ അവകാശ വാദം.


'പ്രസിഡന്റ് ട്രംപ് ബിബി നെതന്യാഹുവിന് പിന്തുണ പ്രഖ്യാപിച്ചതോടെ കാര്യങ്ങൾ ആകെ മാറിമറിഞ്ഞു. ഒരു മികച്ച പ്രധാനമന്ത്രിക്ക് നേരിടേണ്ടി വരുമായിരുന്ന ദയനീയ പരാജയത്തിന് പകരം, ഇപ്പോൾ ഇതൊരു വലിയ തിരിച്ചുവരവിനും സമനിലയ്ക്കും, അല്ലെങ്കിൽ നെതന്യാഹുവിന്റെ വിജയത്തിന് പോലും വഴിവെക്കുന്നതായി കാണപ്പെടുന്നു! - എന്നാണ് ട്രംപിന്റെ കുറിപ്പ്


മധ്യപൂർവേഷ്യയ്ക്കും ഇസ്രായേലിനും അമേരിക്കയ്ക്കും നന്മമാത്രം ആഗ്രഹിക്കുന്ന പ്രസിഡന്റ് ട്രംപിന്റെ പിന്തുണയ്ക്ക് ശേഷമാണ് ഇതെല്ലാം സംഭവിച്ചത്!' എന്ന് ആത്മ പ്രശംസ നടത്തുകയും ചെയ്തു. തന്റെ മുന്നേറ്റത്തിൽ ട്രംപും ദൈവവും പ്രധാന പങ്കാളികളാണെന്നാണ് ഇതിനോട് നെതന്യാഹു പ്രതികരിച്ചത്.


അനുകൂലമായാലും ഇല്ലെങ്കിലും

നെതന്യാഹുവിനെ വാഴിക്കാൻ യു എസ്


മുൻ സൈനിക മേധാവിയായ ഗാദി ഐസൻകോട്ടാണ് നെതന്യാഹുവിന്റെ പ്രധാന എതിരാളി. നെതന്യാഹു സഖ്യത്തിന് 52 സീറ്റുകളും ഐസൻകോട്ടിനും മറ്റുള്ളവർക്കും കൂടി 49 സീറ്റുകളുമാണ് ഇസ്രയേലിലെ ചാനൽ 12 പ്രവചിച്ചത്. മറ്റു പ്രധാന ഇസ്രയേലി ടിവി ചാനലുകളെല്ലാം കടുത്ത പോരാട്ടമാണ് പ്രവചിക്കുന്നത്. റെക്കോർഡ് പോളിങാണ് ഇത്തവണത്തേത്. ഇസ്രയേൽ തെരഞ്ഞെടുപ്പ് പാര്‍ടികൾ തമ്മിലാണ്. ജനവിധി പാര്‍ടികൾക്കാണ് നൽകുന്നത്.


എതിരായ പ്രവചനങ്ങൾ പുറത്തു വന്നതോടെ തന്നെ നെതന്യാഹുവിനെ തിരികെ എത്തിക്കാൻ അമേരിക്കൻ കരുനീക്കം ആരംഭിച്ചിരുന്നു. ഭൂരിപക്ഷം നേടുന്ന കാര്യത്തിൽ ഇരു വിഭാഗവും വെല്ലുവിളിയിലായി. ഇതോടെ പ്രധാനമന്ത്രി പദം പരസ്പരം പങ്കിടുന്ന റൊട്ടേഷനൽ ഫോർമുലയിലൂടെ നെതന്യാഹുവിനെ തന്നെ വീണ്ടും ഭരണത്തിലെത്താനുള്ള നീക്കങ്ങളാണ് അമേരിക്കൻ ഭരണകൂടം തുടങ്ങി വെച്ചത്.


അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രതിനിധികളും ഇസ്രായേൽ ഉദ്യോഗസ്ഥരുമായി ഇതേക്കുറിച്ച് ചർച്ചകൾ നടത്തിയതായി വാഷിങ്ടൺ പോസ്റ്റ് വാര്‍ത്ത പുറത്തു വിട്ടിരുന്നു. മികച്ച യോദ്ധാവായ പ്രധാനമന്ത്രി എന്നാണ് ഇതിനിടെ ട്രംപ് നെതന്യാഹുവിനെ വിശേഷിപ്പിച്ചത്. തീവ്ര വലതുപക്ഷ സഖ്യകക്ഷിയായ ഇറ്റാമർ ബെൻ-ഗ്വിറിന്റെ 'ഒത്സ്മ യെഹൂദി' പാർട്ടിയെ ഒഴിവാക്കി മുഖ്യ എതിരാളി ഗാദി ഐസൻകോട്ടുമായി കൈകോർത്ത് ഒരു മിതവാദി സർക്കാർ രൂപീകരിക്കുക എന്ന പദ്ധതിയാണ് യു എസ് ഒരുക്കിയത്. ഇതിനുള്ള സമ്മതം നെതന്യാഹു അമേരിക്കൻ യൂറോപ്യൻ ഉദ്യോഗസ്ഥരെ അറിയിച്ചതായും വാര്‍ത്ത പുറത്തെത്തി.


എന്നാൽ തുടര്‍ പ്രവചനങ്ങൾ തനിക്ക് അനുകൂലമായതോടെ ഐക്യ സര്‍ക്കാര്‍ നി‍ർദ്ദേശം ഐസൻകോട്ട് തള്ളിയിരുന്നു. നെതന്യാഹു തങ്ങളെ ഒഴിവാക്കുന്നതിന് എതിരെ വലതുപക്ഷ നേതാവായ ഇറ്റാമർ ബെൻ-ഗ്വിർ പരസ്യമായി പ്രതികരിക്കയും ചെയ്തു. ഇവരുടെ സംഖ്യം ജോയിന്റ് ലിസ്റ്റ്, റാം (Ra'am) തുടങ്ങിയ അറബ് പാർട്ടികളുടെ പിന്തുണയ്ക്കുള്ള ശ്രമങ്ങൾ തുടങ്ങി വെക്കുകയും ചെയ്തിരുന്നു. ലിബറൽ ഡെമോക്രസി വേണമോ അതോ വംശീയ ദേശീയത ഇനിയും പിന്തുടരണമോ എന്ന ചോദ്യമാണ് ഉന്നയിക്കപ്പെട്ടത്. എന്നാൽ ഗാദി ഐസൻകോട്ട് നയിച്ച പാര്‍ടിയും വോട്ടെടുപ്പ് മുൻനിര്‍ത്തി കടുത്ത വംശീയതയിലേക്ക് മാറി. ഇക്കാര്യത്തിൽ നെതന്യാഹു പക്ഷത്തോട് മത്സരിക്കുന്ന കാഴ്ചയായി.


ഇതിനിടെ ചിത്രം വീണ്ടും മാറുകയാണ്. ഇരുവിഭാഗത്തിനും ഭൂരിപക്ഷം ലഭിക്കാതെ രാജ്യം രാഷ്ട്രീയ പ്രതിസന്ധിയിൽ എത്തിയാലും നെതന്യാഹു പക്ഷം യു എസ് സഹായത്തോടെ മുന്നോട്ട് വരും എന്ന സാഹചര്യമാണ് ഒരുക്കുന്നത്. കെയർടേക്കർ പ്രധാനമന്ത്രിയായി തുടരുക എന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിക്കുക എന്ന ബദലും ഉയര്‍ത്തി കാണിക്കുന്നു. ഇവ രണ്ടും അല്ലെങ്കിൽ വീണ്ടുമൊരു തിരഞ്ഞെടുപ്പിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തേക്കാം. തെരഞ്ഞെടുപ്പ് ഒഴിവാക്കാൻ അവസാന നിമിഷം ഐസൻകോട്ടിനെ സമ്മതിപ്പിക്കുക എന്ന തന്ത്രമാണ് ഈ ഉപാധിയിൽ കരുവായി ഉപയോഗിക്കുന്നത്.


ഔദ്യോഗിക ഫലം വരെ

നീളുന്ന നാടകം


സെൻട്രൽ ഇലക്ഷൻ കമ്മിറ്റിയുടെ കണക്കുകൾ പ്രകാരം ഇസ്രയേൽ തെരഞ്ഞെടുപ്പിൽ 77.7 ശതമാനം വോട്ടർമാർ വോട്ട് രേഖപ്പെടുത്തി. 2022-ലെ തിരഞ്ഞെടുപ്പിനേക്കാൾ 7.1 ശതമാനം വർധനവാണിത്. 1999-ന് ശേഷം ഇസ്രായേലിൽ രേഖപ്പെടുത്തുന്ന ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. ഇതാണ് അറബ് പാർടികളുടെ സജീവത ചർച്ചയിൽ എത്തിച്ചത്.


ഔദ്യോഗിക വോട്ടെണ്ണൽ പുരോഗമിക്കുകയാണ്. അന്തിമ ഫലം ഒക്ടോബർ 30-ഓടെ പുറത്തുവരുമെന്നും ഔദ്യോഗിക പ്രഖ്യാപനം നവംബർ 4-ന് ഉണ്ടാകുമെന്നും കരുതുന്നു. തുടർന്ന് പ്രസിഡന്റ് ഐസക് ഹെർസോഗ് രാഷ്ട്രീയ കക്ഷികളുമായി ചർച്ച നടത്തി സർക്കാർ രൂപീകരിക്കാൻ ഏറ്റവും കൂടുതൽ സാധ്യതയുള്ള നേതാവിനെ ക്ഷണിക്കും. ക്ഷണിക്കപ്പെടുന്ന നേതാവിന് ഭൂരിപക്ഷം തെളിയിക്കാൻ 42 ദിവസം ലഭിക്കും. ആർക്കും ഭൂരിപക്ഷം തികയ്ക്കാനായില്ലെങ്കിൽ ഇസ്രായേൽ വീണ്ടുമൊരു പൊതുതിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടിവരും.





deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home