നെടുമ്പാശേരി വാഹനാപകടം; സുഹൈലിനും കൂട്ടുപ്രതികൾക്കും ജാമ്യമില്ല

കൊച്ചി : നെടുമ്പാശേരിയിൽ മദ്യപിച്ച് അമിതവേഗത്തിൽ ഓടിച്ച ആഡംബരക്കാറിടിച്ച് മൂന്നുപേർ മരിച്ച സംഭവത്തിൽ ഒന്നാം പ്രതി സുഹൈലിന് ജാമ്യമില്ല. സുഹൈൽ ഉൾപ്പെടെയുള്ള നാല് പ്രതികളുടെയും ജാമ്യാപേക്ഷ എറണാകുളം അഡീ. സെഷന്‍സ് കോടതി തള്ളി. നിനവ്, അമീൻ, ജോയൽ എന്നിവരാണ് മറ്റു പ്രതികൾ. നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി ഇവരുടെ ജാമ്യാപേക്ഷ തള്ളിയിരുന്നു. പിന്നാലെയാണ് ജാമ്യാപേക്ഷയുമായി സെഷന്‍സ് കോടതിയെ സമീപിച്ചത്. പ്രതികളെ വീണ്ടും കസ്റ്റഡിയില്‍ വേണമെന്ന് പൊലീസ് അറിയിക്കുകയായിരുന്നു.
ഈ മാസം 11ന് പുലർച്ചെയാണ് നെടുമ്പാശേരി എയർപോട്ട് റോഡിൽ അപകടമണ്ടായത്. മദ്യലഹരിയിൽ അമിതവേഗതയിലെത്തിയ മിനി കൂപ്പർ വാഹനം സ്കൂട്ടർ യാത്രികരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അപകടത്തിൽ കൽപ്പറ്റ മടക്കിമല താഴെവീട്ടിൽ സന്തോഷ്‌ഭവനിൽ സന്തോഷിന്റെ മകൾ ദേവിക (21), പാലക്കാട് കരിമ്പ ചെമ്പൻത്തിട്ട മുള്ളൻകുഴിയിൽ വീട്ടിൽ പ്രദീപ്‌കുമാറിന്റെ മകൾ ഗോപിക (21), കർണാടക സുള്ള്യ കനകമഞ്ചൽ വീട്ടിൽ ഇബ്രാഹിമിന്റെ മകൾ ഇയാസ് (21) എന്നിവരാണ് മരിച്ചത്.
പാലാരിവട്ടം, കടവന്ത്ര, നെടുമ്പാശേരി എന്നിവിടങ്ങളിലെ ബാറുകളിൽ കയറി മദ്യപിച്ച ശേഷമായിരുന്നു സുഹൈലിന്റെ മരണപ്പാച്ചിൽ. 150 കിലോമീറ്ററോളം വേഗതയിലാണ് സുഹൈൽ കാറോടിച്ചിരുന്നത്. കേസിലെ പ്രധാന പ്രതിയെ സംരക്ഷിക്കാൻ പൊലീസ് ബോധപൂർവമായ ശ്രമങ്ങൾ നടത്തിയത് ചർച്ചയായിരുന്നു. ദുർബലമായ വകുപ്പുകൾ ചുമത്തിയാണ് മുഖ്യപ്രതി സുഹൈലിനെതിരെ ആദ്യം കേസെടുത്തത്. പ്രതിയെ ബോസ്റ്റൽ സ്കൂളിലേക്ക് മാറ്റിയതടക്കം വിവാദമായിരുന്നു.









0 comments