Deshabhimani

'കാശുള്ളവൻ കൂപ്പർ വാങ്ങുമ്പോൾ കാശില്ലാത്തോൻ ഇടി കൊണ്ട് മരിക്കുന്നു'...

Luxury Car Accidents
avatar
ആര്യാ കൃഷ്ണൻ വി

Published on Oct 28, 2026, 01:28 PM | 4 min read

കാശുള്ളവൻ ഹമ്മർ വാങ്ങുമ്പോൾ

കാശില്ലാത്തോൻ ഇടി കൊണ്ട് മരിക്കുന്നു

പണമുള്ളവൻ മാളിക പണിയുമ്പോൾ

പാവങ്ങളോ പാറാവിരിക്കുന്നു...


പത്തുവർഷം മുമ്പ് 'തകര' (Thakara) എന്ന മ്യൂസിക് ബാൻഡിനായി ജോസഫ് വിജീഷ് എഴുതി ജെയിംസ് തകര പാടിയ പുട്ടു പാട്ടിലെ വരികളാണിവ. എല്ലാവർക്കും ഈ വരികൾ അറിയണമെന്നില്ല. എന്നാൽ ചുരുങ്ങിയ ദിവസങ്ങൾക്കിടെ ഈ വരികളെ അന്വർഥമാക്കുന്ന രണ്ട് സംഭവങ്ങളാണ് കേരളത്തിലുണ്ടായത്. രണ്ടും സംഭവിച്ചത് എറണാകുളം ജില്ലയിലാണ്. അമിതവേ​ഗതയിലെത്തിയ ആഡംബര വാഹനങ്ങളിടിച്ച് രണ്ട് അപകടങ്ങളിലായി നാലുപേർക്കാണ് ജീവൻ നഷ്ടമായത്. നെടുമ്പാശേരിയിൽ മദ്യലഹരിയിൽ പത്തൊമ്പതുകാരൻ അമിതവേ​ഗത്തിലോടിച്ച ഓടിച്ച വാഹനമിടിച്ച് മൂന്നുപേർ മരണമടഞ്ഞു. ചേരാനല്ലൂരിൽ 17കാരൻ അമിതവേ​ഗതയിലോടിച്ച ബെൻസ് ഇടിച്ച് മധ്യവയസ്കനും ജീവൻ നഷ്ടമായി. പുട്ടുപാട്ടിലെ വരികൾ പോലെതന്നെ ജീവൻ നഷ്ടപ്പെട്ട സാധാരണക്കാരേക്കാൾ പരി​ഗണന ലഭിക്കുന്നത് അപകടമുണ്ടാക്കിയ കൗമാരക്കാർക്കാണെന്നത് മറ്റൊരു വിരോധാഭാസം. സമ്പന്നപുത്രൻമാരും സ്വാധീനമുള്ളവരും അപകടങ്ങളുണ്ടാക്കുമ്പോൾ പൊലിയുന്ന ജീവനുകൾക്ക് യാതൊരു വിലയുമില്ല ഇവിടെ.


ബെൻസ് ഓടിച്ചത് ആ​ഗ്രഹം കൊണ്ടെന്ന് 17കാരൻ, നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണി


എറണാകുളം ചേരാനല്ലൂരിൽ 17കാരൻ ഓടിച്ച ബെൻസ് ഇടിച്ച് ജീവൻ നഷ്ടമായത് ഒരു കുടുംബത്തിന്റെ അത്താണിയായ മധ്യവയസ്കന്. ഉപജീവനത്തിനായി തട്ടുകട നടത്തിയിരുന്ന ജയബാലകൃഷ്ണനാണ് (55) അമിതവേ​ഗത്തിൽ ജീവൻ പൊലിഞ്ഞത്. 28 വർഷമായി തട്ടുകട നടത്തുകയായിരുന്നു ജയബാലകൃഷ്ണൻ. 17കാരൻ ഓടിച്ച അമിതവേ​ഗത്തിലെത്തിയ ബെൻസ് ജയബാലകൃഷ്ണൻ സഞ്ചരിച്ച സ്കൂട്ടറിന് പിന്നിൽ ഇടിക്കുകയായിരുന്നു. ഒക്ടോബർ 25 ഞായർ പുലർച്ചെയായിരുന്നു അപകടം. മോട്ടോർ ആക്സിഡന്റ് ക്ലെയിം ട്രിബ്യൂണൽ ജഡ്ജിയുടെ മകനായ 17കാരനാണ് അപകടമുണ്ടാക്കിയത്. മഴയായതിനാൽ റോഡ് കണ്ടില്ലെന്നും ആ​ഗ്രഹമുണ്ടായതിനാലാണ് കാറെടുത്തതെന്നും യൂട്യൂബ് നോക്കിയാണ് ഓടിക്കാൻ പഠിച്ചതെന്നുമാണ് 17കാരൻ മൊഴി നൽകിയത്.


Cheranallur.jpg


എന്നാൽ ​ഗുരുതരമായ അപകടമായിട്ടും നിസാര വകുപ്പുകൾ ചുമത്തി സ്റ്റേഷൻ ജാമ്യം നൽകി കൗമാരക്കാരനെ വിട്ടയയ്ക്കാനാണ് പൊലീസ് ശ്രമിച്ചത്. ജയബാലകൃഷ്ണന്റെ കുടുംബം പ്രതിഷേധിച്ചതോടെയാണ് മനപൂർവമല്ലാത്ത നരഹത്യയടക്കമുള്ള വകുപ്പുകൾ ചുമത്തിയത്. എന്നാൽ ജഡ്ജിയുടെ മകനെ രക്ഷിക്കാൻ പിന്നെയും ശ്രമങ്ങൾ തുടർന്നു. 17കാരന്റെ ചിത്രം ജയബാലകൃഷ്ണന്റെ ബന്ധുക്കളും ചില പ്രദേശവാസികളും പകർത്തിയിരുന്നു. ഈ ഫോണുകൾ പൊലീസ് പിടിച്ചുവാങ്ങുകയും ചിത്രം നീക്കം ചെയ്യുകയും ചെയ്തു. ചിത്രങ്ങൾ പുറത്തുവന്നാൽ കേസിൽപ്പെടുത്തി ജയിലിൽ ഇടുമെന്നായിരുന്നു പൊലീസിന്റെ ഭീഷണി.


ജയബാലകൃഷ്ണന്റെ കുടുംബത്തെ 17കാരന്റെ പിതാവായ ജഡ്ജിയും ഭീഷണിപ്പെടുത്തി. വാഹനാപകടങ്ങൾ സംബന്ധിച്ച കേസുകൾ കൈകാര്യം ചെയ്യുന്ന, വിഷയത്തിന്റെ ​ഗൗരവം പൂർണമായി അറിയാവുന്ന വ്യക്തി തന്നെയാണ് സ്വന്തം മകന്റെ കുരുതിക്ക് കൂട്ടുനിന്നത്. ഇതിനൊപ്പം പൊലീസും നിന്നതോടെ നീതിക്കായി ജയബാലകൃഷ്ണന്റെ കുടുംബത്തിന് തെരുവിലിറങ്ങേണ്ടി വന്നു.


cheranalloor accident death


പോസ്റ്റ്മോർട്ടമടക്കമുള്ള നടപടികൾക്ക് ശേഷം ആറ് മണിക്കൂറോളമെടുത്താണ് മൃതദേഹം വിട്ടുനൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞു. എന്നാൽ വെറും അഞ്ചുമിനിറ്റ് കൊണ്ട് അപകടമുണ്ടാക്കിയ പ്രതിക്ക് സ്റ്റേഷനിൽ നിന്ന് പുറത്തിറങ്ങാനായി. മോശം അവസ്ഥയിലാണ് ജയബാലകൃഷ്ണന്റെ മൃതദേഹം ലഭിച്ചതെന്നും ബന്ധുക്കൾ വ്യക്തമാക്കിയികുന്നു. മൃതദേഹം തൊടാൻപോലും കഴിയില്ലായിരുന്നു. തൊട്ടുകഴിഞ്ഞാൽ രക്തംവരുന്ന നിലയിലായിരുന്നു.


അപകടത്തിനു തൊട്ടുമുമ്പ് വരെ കാർ അമിതവേ​ഗതയിലാണെന്ന് വ്യക്തമായിട്ടും കാറിന്റെ ഉടമ ആരാണെന്നും ചെയ്ത കുറ്റങ്ങളെന്താണെന്നും കൃത്യമായി മനസിലായിട്ടും അങ്ങേയറ്റം നിരുത്തരവാദപരമായി കേസിനെ സമീപിച്ച പൊലീസ് സാധാരണക്കാരന്റെ ജീവന് വിലയില്ലെന്ന് ഒരിക്കൽ കൂടി തെളിയിക്കുകയായിരുന്നു.


മദ്യലഹരിയിൽ അമിതവേ​ഗം, പൊലിഞ്ഞത് മൂന്ന് ജീവനുകൾ


ചേരാനല്ലൂരിൽ ജയബാലകൃഷ്ണന്റെ ജീവൻ പൊലീഞ്ഞതിന് കൃത്യം 14 ദിവസം മുമ്പ് ഒരു ഞായറാഴ്ച തന്നെയാണ് നെടുമ്പാശേരിയിൽ കേരളമനസാക്ഷിയെ ഞെട്ടിച്ച അപകടമുണ്ടായത്. നെടുമ്പാശേരിയിൽ മദ്യലഹരിയിൽ 19കാരൻ ഓടിച്ച ആഡംബര വാഹനമിടിച്ച് മൂന്ന് പേരാണ് മരിച്ചത്. ആലപ്പുഴ സ്വദേശിയായ സുഹൈൽ സജീവ് എന്ന 19കാരന്റെ മിനി കൂപ്പറാണ് അപകടമുണ്ടാക്കിയത്. 150 കിലോമീറ്റർ വേഗതയിലെത്തിയ കാർ സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന സുഹൃത്തുക്കളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.


പാലക്കാട് സ്വദേശി ഗോപിക, വയനാട് സ്വദേശിനി ദേവിക (21), കർണാടക സ്വദേശി ഇജാസ് (21) എന്നിവരാണ് മരിച്ചത്. മൂന്ന് ബാറുകളിൽ കയറി മദ്യപിച്ച ശേഷമാണ് സുഹൈൽ അമിതവേഗത്തിൽ കാറോടിച്ചത്. ഒപ്പം മൂന്ന് സുഹൃത്തുക്കളുമുണ്ടായിരുന്നു. എന്നാൽ അപകടശേഷവും കൂസലില്ലാതെ തുടർന്ന സുഹൈൽ എന്തുവന്നാലും തന്റെ അച്ഛൻ നോക്കിക്കോളുമെന്ന് നാട്ടുകാരെ വെല്ലുവിളിക്കുകയും ചെയ്തു.


mini cooper accident


തൃക്കാക്കരയിലെ ആന്റിക് ഷോപ്പിലെ ജീവനക്കാരായിരുന്നു അപകടത്തിൽ മരിച്ച മൂന്നുപേരും. സാധാരണ കുടുംബങ്ങളിൽ നിന്നെത്തി ജീവിതം പുലർത്താൻ കഷ്ടപ്പെടുന്നവർ. പഠനത്തിനായുള്ള പണം കണ്ടെത്താനായാണ് പകൽ പഠനത്തിനു ശേഷം ജോലി ചെയ്തിരുന്നത്. ഇഹ ഡിസൈൻസ് എന്ന പേരിൽ വസ്ത്രവ്യാപാരസ്ഥപാനവും ഓൺലൈൻ വസ്‌ത്രവ്യാപാരവും നടത്തുന്ന സജീവ് ജമാലിന്റെയും നൂഹ സജീവിന്റെയും മകനാണ് സുഹൈൽ.


ഇവിടെയും സമ്പന്ന പുത്രനായ പ്രതിയെ രക്ഷിക്കാനുള്ള ശ്രമങ്ങൾ പൊലീസ് നടത്തി. മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലാണ് വാ​ഹനമോടിച്ചതെന്നും പേരും മാതാപിതാക്കളുടെ പേരും അടക്കമുള്ള സകല വിവരങ്ങളും ലഭ്യമായിട്ടും എഫ്ഐആറിൽ സു​ഹൈലിന്റെ പേരുണ്ടായിരുന്നില്ല. unknown driver എന്നുമാത്രമാണ് ഉണ്ടായിരുന്നത്. മദ്യപിച്ച വിവരവും എഫ്ഐആറിൽ ഉണ്ടായിരുന്നില്ല. അപകടവിവരം പുറത്തുവന്ന ഉടൻ തന്നെ കോൺ​ഗ്രസിലെ ഉന്നത നേതാക്കളടക്കം വിഷയത്തിൽ ഇടപെട്ടതായും പുറത്തുവന്നിരുന്നു.


Accident


നരഹത്യ ചുമത്തിയ പ്രതിയെ ജയിലിലേക്ക് മാറ്റുന്നതിന് പകരം കാക്കനാടുള്ള ബോസ്റ്റൽ സ്കൂളിലേക്കാണ് മാറ്റിയത്. ബോസ്റ്റൽ സ്‌കൂളിലെത്തിച്ചശേഷം സുഹൈലിന്റെ മുടിവെട്ടി രൂപം മാറ്റിയിരുന്നു. പരേഡിൽ സാക്ഷികൾ തിരിച്ചറിയാതിരിക്കാൻ വേണ്ടിയായിരുന്നിത്‌. ‘നമ്മുടെ പയ്യനാണെന്നും ഒരുബുദ്ധിമുട്ടും ഉണ്ടാകരുതെന്നുമാണ്‌’ ഉന്നതങ്ങളിൽനിന്നുള്ള നിർദേശം. ഇതിനുപുറമെ സൈബറിടങ്ങളിൽ അപകടത്തിൽ മരിച്ച പെൺകുട്ടികൾക്കു നേരെ വ്യക്തിഹത്യയും ആരംഭിച്ചു.


ജീവനെടുത്ത ഹമ്മർ


11 വർഷം മുമ്പ് ജനുവരിയിലാണ് കേരളത്തിലിന്നേവരെ കേട്ടുകേൾവിയില്ലാത്ത ക്രൂരത അരങ്ങേറിയത്. 2015 ജനുവരി 29ന് പുലർച്ചെ ചന്ദ്രബോസെന്ന സെക്യൂരിറ്റി ജീവനക്കാരനെ മുഹമ്മദ് നിഷാം എന്ന സമ്പന്നൻ തന്റെ ആഡംബര കാർ കയറ്റി കൊന്നു. അന്നത്തിനായി പകലന്തിയോളം കാവലിരുന്ന തൊഴിലാളിയെയാണ് പണക്കൊഴുപ്പിൽ നിഷാം തന്റെ ആഡംബര ഹമ്മർ ഇടിച്ചുകയറ്റി കൊലപ്പെടുത്തിയത്. തൃശൂർ ശോഭ സിറ്റിയിലെ ജീവനക്കാരനായിരുന്നു ചന്ദ്രബോസ്. നിഷാമിനായി ഗേറ്റ് തുറക്കാൻ വൈകിയതിന്റെ പേരിലായിരുന്നു ആക്രമണം. ചആക്രമണസമയത്ത് ഇയാൾ മദ്യപിച്ചിരുന്നു.


ജീവരക്ഷാർഥം സെക്യൂരിറ്റി മുറിയിലേക്ക് ചന്ദ്രബോസ് ഓടിക്കയറിയെങ്കിലും പിന്നാലെയെത്തിയ നിഷാം മുറിയുടെ ചില്ലുകൾ ഇടിച്ചു തകർത്തു. ഭയന്നോടിയ ചന്ദ്രബോസിനെ പിന്നാലെ കാറിൽ പിന്തുടർന്നു. സമീപത്തെ വെള്ളച്ചാട്ടത്തിനു പിന്നിൽ ചന്ദ്രബോസ് മറഞ്ഞുനിന്നപ്പോൾ ഇവിടേക്ക് വണ്ടി കയറ്റി. ഇവിടെനിന്നും ഇറങ്ങിയോടുന്നതിനിടെയാണ് ഇടിച്ചുവീഴ്ത്തിയത്.


chandrabose nisham


കൈയും വാരിയെല്ലും ഒടിഞ്ഞ് രക്തം വാർന്നു കിടന്ന ചന്ദ്രബോസിനെ പ്രതി ബലമായി കാറിൽ കയറ്റി പാർക്കിങ് ഏരിയയിലെത്തിച്ച ശേഷം ക്രൂരമായി വീണ്ടും മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ ചന്ദ്രബോസിനെ പൊലീസെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. 18 ദിവസത്തോളം തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞശേഷമായിരുന്നു മരണം. ആക്രമണത്തിൽ ചന്ദ്രബോസിന്റംറ നട്ടെല്ലും വാരിയെല്ലുകളും തകർന്നിരുന്നു. ശ്വാസകോശത്തിന് സാരമായ പരിക്കേറ്റു. വാഹന പരിശോധന നടത്തിയ വനിത എസ്ഐയെ ബെൻസ് കാറിൽ പൂട്ടിയിട്ടതടക്കം നിരവധി കേസുകളിൽ പ്രതിയായിരുന്നു മുഹമ്മദ്.


ആഡംബരത്തിൽ പൊലിയുന്ന ജീവിതങ്ങൾ


കേരളമനസാക്ഷിയെ ഞെട്ടിച്ച മൂന്ന് കേസുകളിലും അപകടമുണ്ടാക്കിയത് ആഡംബര വാഹനങ്ങൾ. അപകടമുണ്ടാക്കിയവരാകട്ടെ കോടികൾ സ്വന്തമായുള്ള വ്യവസായികളും സമ്പന്നപുത്രൻമാരും സ്വാധീനമുള്ളവരും. ചേരാനല്ലൂരിൽ അപകടമുണ്ടാക്കിയത് ആഡംബര വാഹനമായ മെർസിഡീസ് ബെൻസാണ്. ജർമനിയിലെ ഡെയിംലർ എ ജി എന്ന കമ്പനിയുടെ വിഭാഗമാണ് മെർസിഡീസ് ബെൻസ്. ലോകത്തിലെ ഏറ്റവും പ്രശസ്തമായ ആഡംബര വാഹന നിർമാണ കമ്പനികളിലൊന്നാണിത്. മോഡലുകൾ മാറുന്നതനുസരിച്ച് 50 ലക്ഷം മുതൽ രണ്ടരക്കോടി വരെയാണ് വില.


ജർമൻ വാഹന നിർമാണ കമ്പനിയായ ബിഎംഡബ്ല്യൂവിന്റെ ഉടമസ്ഥതയിലുള്ള പ്രശസ്ത പ്രീമിയം കാർ ബ്രാൻഡാണ് മിനി കൂപ്പർ ( MINI Cooper). 50 ലക്ഷം മുതലാണ് ഇതിന്റെ വില. അമേരിക്കൻ വാഹന ബ്രാൻഡായ ജനറൽ മോട്ടോഴ്സിന്റെ ഓഫ് റോഡർ എസ്‍യുവിയാണ് ഹമ്മർ. റഗ്ഗഡ് ട്രക്കിന്റെ സിവിലിയൻ പതിപ്പായിരുന്നു ഹമ്മർ. 90 ലക്ഷം രൂപ മുതലാണ് വില.


ഇതിനുപുറമെ അപകടമുണ്ടാക്കിയവരെല്ലാം ഏറെ പണവും സ്വാധീനവുമുള്ളവരാണ്. അഡീഷണൽ ജഡ്ജിയുടെ മകനായതിനാൽ നിസാര വകുപ്പുകൾ ചുമത്തി പ്രതിയായ 17കാരനെ ജാമ്യത്തിൽ വിടുകയായിരുന്നു പൊലീസ്. നെടുമ്പാശേരിയിൽ കോടികളുടെ ഉടമയായ വ്യവസായിയുടെ പുത്രനുവേണ്ടി ഉന്നത നേതാക്കളടക്കം ഇടപെട്ടു. സാധാരണ പൗരന്റെ ജീവന് ഇവിടെ വിലയില്ലേ എന്ന ചോദ്യമാണ് ഓരോ സംഭവങ്ങളും വീണ്ടും ഉയർത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home