Deshabhimani

അമേരിക്കൻ കമ്പനിയുമായി കൈകോർത്ത് മലയാളി കമ്പനി ഓസ്ട്രിച്ച് മൊബിലിറ്റി

ostrich mobility
വെബ് ഡെസ്ക്

Published on Oct 28, 2026, 02:28 PM | 1 min read

ബംഗളൂരു: ഭിന്നശേഷി-പുനരധിവാസ ഉപകരണ നിർമാണ രംഗത്തെ ആഗോള ഭീമന്മാരായ അമേരിക്കൻ കമ്പനി പ്രൈഡ് മൊബിലിറ്റിയുമായി ധാരണാപത്രം ഒപ്പുവെച്ച് ഇന്ത്യയിലെ ആദ്യ തനത് ഇലക്ട്രിക് വീൽചെയർ നിർമാതാക്കളായ ഓസ്ട്രിച്ച് മൊബിലിറ്റി. പ്രൈഡിന്റെ ജാസി, ക്വാണ്ടം റീഹാബ് തുടങ്ങിയ ഉൽപ്പന്നങ്ങൾ ഓസ്ട്രിച്ചിന്റെ വിപണന ശൃംഖല വഴി ഇന്ത്യയിലുടനീളം ലഭ്യമാക്കുന്നതിനാണ് ഇരു കമ്പനികളും ധാരണാപത്രം ഒപ്പുവെച്ചത്. മൊബിലിറ്റി സൊല്യൂഷനുകൾ മിതമായ നിരക്കിൽ ലഭ്യമാക്കുകയാണ് പങ്കാളിത്ത ലക്ഷ്യം. കൂടുതൽ ഭിന്നശേഷിക്കാരിലേക്ക് ആധുനിക മൊബിലിറ്റി സൊല്യൂഷനുകൾ എത്തിക്കാൻ പുതിയ സഹകരണത്തിലൂടെ സാധിക്കുമെന്ന് കമ്പനി സിഇഒ വേണു കൃഷ്ണൻ പറഞ്ഞു.


മലയാളികളായ വേണു, ബിനു, ശ്രീജിത്ത്, ഹർഷ, ഹരി എന്നിവർ ചേർന്ന് 2007ൽ ആരംഭിച്ച സ്ഥാപനമാണ് ഓസ്ട്രിച്ച്. മാരുതി ബലേനോ കാറിന്റെ വൈപ്പർ മോട്ടോറിൽ ആദ്യ പ്രോട്ടോടൈപ്പ് നിർമിച്ച് തുടങ്ങിയ കമ്പനിക്ക് ഇന്ന് 22,000ത്തിലധികം ഉപയോക്താക്കളുണ്ട്. ബാംഗ്ലൂർ ഡെയ്‌സ്, വസീർ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധനേടിയ ഉൽപ്പന്നം ഹാർവാർഡ് ബിസിനസ് സ്കൂളിൽ കേസ് സ്റ്റഡിയായി ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, സിഡ്ബി-ഇ ടി എംഎസ്എംഇ അവാർഡ്, ഇടി നൗ ലീഡേഴ്സ് ഓഫ് ടുമോറോ അടക്കമുള്ള ദേശീയ പുരസ്‌കാരങ്ങളും ലഭിച്ചു.


കേന്ദ്ര ഘനവ്യവസായ മന്ത്രാലയം, ഐഐടി മദ്രാസ്, ഐഐടി കാൺപൂർ എന്നിവയുമായി ചേർന്നുള്ള സാങ്കേതികവിദ്യകളും വീട്ടുപടിക്കൽ സേവനമെത്തിക്കുന്ന ഡോർസ്റ്റെപ്പ് സർവീസുമാണ് ഓസ്ട്രിച്ചിന്റെ സവിശേഷത. വ്യക്തികളുടെ ശാരീരിക അവസ്ഥയ്ക്കനുസരിച്ച് മാറ്റങ്ങൾ വരുത്താവുന്ന വിധത്തിലാണ് ഉപകരണങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. ദുർഘട പാതകളിൽ സുരക്ഷിത യാത്രയൊരുക്കുന്ന സ്പ്ലിറ്റ് ഫ്രെയിം സസ്പെൻഷൻ ടെക്നോളജി, ഇടുങ്ങിയ സ്ഥലങ്ങളിലും ചെറിയ ശുചിമുറികളിലും സുഗമമായി തിരിയാൻ സഹായിക്കുന്ന ജോയ്സ്റ്റിക് അധിഷ്ഠിത 'ഓട്ടോമാറ്റിക് വീൽബേസ് അഡ്ജസ്റ്റർ' എന്നീ പേറ്റന്റ് നേടിയ സാങ്കേതികവിദ്യകളാണ് വിൽചെയറിൽ ഉപയോ​ഗിച്ചിരിക്കുന്നത്. നിലവിൽ ഇന്ത്യൻ പ്രതിരോധ സേനയുടെ കാന്റീൻ വഴിയും ആക്സെഞ്ചർ, ടാർഗെറ്റ്, സിസ്കോ, മെഴ്സിഡസ്-ബെൻസ്, എബിബി തുടങ്ങിയ പ്രമുഖ കമ്പനികളുടെ സിഎസ്ആർ പദ്ധതികൾ വഴിയും ഓസ്ട്രിച്ച് ഉത്പന്നം വിതരണം ചെയ്യുന്നുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home