വിപ്ലവകാരിയായ എഴുത്തുകാരൻ; ചെറുകാടിന്റെ ഓർമകൾക്ക് 50 വയസ്

വിപ്ലവ കഥാകൃത്തും ഇടതുപക്ഷ പ്രവർത്തകനുമായ എഴുത്തുകാരൻ ചെറുകാടിന്റെ ഓർമകൾക്ക് ഇന്ന് 50 വർഷം. അടിച്ചമർത്തലിനും ചൂഷണത്തിനുമെതിരെ തന്റെ തൂലിക ചലിപ്പിച്ച്, എഴുത്തിലൂടെ വിപ്ലവമൊരുക്കിയ മലയാളത്തിന്റെ പ്രിയ എഴുത്തുകാരനായ ചെറുകാട് 1976 ഒക്ടോബർ 28നാണ് വിട പറഞ്ഞത്. അവസ്ഥകളോടുള്ള പോരാട്ടമായിത്തീർന്ന ജീവിതത്തെ എഴുത്തിലൂടെ അവതരിപ്പിച്ച സാഹിത്യകാരനായിരുന്നു ചെറുകാട്. മനുഷ്യർ ഉണർന്നു മുന്നേറുന്നതിന്റെ ചിത്രം തന്റെ രചനകളിലൂടെ വരയ്ക്കാൻ ശ്രമിച്ച വ്യക്തി.
മലപ്പുറം ജില്ലയിലെ പെരിന്തൽമണ്ണയിൽ 1914ലാണ് ചെറുകാട് എന്നറിയപ്പെട്ടിരുന്ന ഗോവിന്ദപിഷാരടി ജനിച്ചത്. വിദ്യാഭ്യാസത്തിനു ശേഷം വിവിധ സ്കൂളുകളിൽ അധ്യാപകനായി. പിന്നീട് പാവറട്ടി സംസ്കൃത കോളേജിലും പട്ടാമ്പി ഗവൺമെന്റ് സംസ്കൃത കോളേജിലും അധ്യാപകനായി.
പുരോഗമനസാഹിത്യ പ്രസ്ഥാനത്തിന്റെ ആദ്യകാലനേതാക്കളിൽ ഒരാളായിരുന്നു ചെറുകാട്. മലയാളത്തിലെ ഏറ്റവും മികച്ച ആത്മകഥകളിലൊന്നായ ജീവിതപ്പാത ചെറുകാടിന്റെ സംഭാവനയാണ്. 1948ലെ കൽക്കത്ത തീസിസിനെ തുടർന്ന് കമ്യൂണിസ്റ്റുകാരെ വലിയ തോതിൽ വേട്ടയാടിയിരുന്ന കാലത്ത് കമ്യൂണിസ്റ്റുകാരനും അധ്യാപകസംഘടനാ പ്രവർത്തകനുമായ ചെറുകാടിനെ പൊലീസുകാർ അറസ്റ്റ് ചെയ്യുന്നതിന്റെ ചിത്രീകരണത്തോടെ അവസാനിക്കുന്ന ജീവിതപ്പാത കമ്യൂണിസ്റ്റായ എഴുത്തുകാരന്റെ നേരനുഭവങ്ങളായിരുന്നു. പൊള്ളുന്ന കാലത്തെ സ്വജീവിതംകൊണ്ട് അടയാളപ്പെടുത്തുകയായിരുന്നു ജീവിതപ്പാതയിൽ. മലയാളിയുടെ ആത്മകഥാ വായനയെ പുതുക്കിപ്പണിത കൃതി കേരളത്തിലെ കമ്യൂണിസ്‌റ്റ് പാർടിയുടെ ചരിത്രരേഖകൂടിയാണ്
മുത്തശ്ശി, മണ്ണിന്റെ മാറിൽ, ശനിദശ തുടങ്ങിയവ പിന്നീടുവന്ന ശ്രദ്ധിക്കപ്പെട്ട രചനകളാണ്. അധ്യാപകരുടെ ജീവിതവും യാതനകളും വരച്ചുകാട്ടിയ മുത്തശ്ശി എന്ന കൃതിയിലൂടെ ചെറുകാട് എന്ന എഴുത്തുകാരൻ മലയാള സാഹിത്യത്തിൽ അടയാളപ്പെടുത്തപ്പെട്ടു. കേരളത്തിലെ അധ്യാപകപ്രസ്ഥാനത്തിന്റെ സമരചരിത്രം അടിസ്ഥാനമാക്കിയ നോവൽ മലയാള സാഹിത്യത്തിലെ കരുത്തുറ്റ സ്ത്രീകഥാപാത്രങ്ങളിലൊരാളെ അവതരിപ്പിച്ച കൃതി കൂടിയാണ്. അതിജീവിക്കാൻ പാടുപെടുന്ന മനുഷ്യരുടെ പ്രതിരോധവീര്യം പ്രകടമാകുന്ന രചനകളായിരുന്നു ചെറുകാടിന്റേത്. കേവലം സാമൂഹിക യാഥാർഥ്യചിത്രീകരണത്തിനപ്പുറം ജീവിതം എന്തായിത്തീരണമെന്ന കാഴ്ചപ്പാടോടുകൂടി മലയാളത്തിലേക്ക് കടന്നുവന്ന എഴുത്തുകാരിലൊരാളാണ് ചെറുകാട്.









0 comments