Deshabhimani

ചേരാനെല്ലൂർ വാഹനക്കുരുതി; പ്രതിയായ അഡീഷണൽ ജഡ്‌ജിയെ ചോദ്യം ചെയ്യുന്നു

Cheranallur.jpg
വെബ് ഡെസ്ക്

Published on Oct 28, 2026, 04:14 PM | 1 min read

കൊച്ചി: അമിതവേഗത്തിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ പ്രതിയായ അഡീഷണൽ ജഡ്‌ജിയെ ചോദ്യം ചെയ്യുന്നു. എറണാകുളം പൊലീസ് ക്ലബ്ബിൽ വച്ചാണ് ചോദ്യം ചെയ്യൽ തുടരുന്നത് . ജില്ലാ ക്രൈം ബ്രാഞ്ചിന്റെ ചോദ്യം ചെയ്യല്‍ ഒരുമണിക്കൂര്‍ പിന്നിട്ടു.


ചൊവ്വാഴ്ച രാവിലെ അന്വേഷകസംഘം ആലുവയിലെ ഫ്ലാറ്റിൽ എത്തി പ്രതിയുടെയും അമ്മയുടെയും മൊഴിയെടുത്തിരുന്നു. കാർ അമിതവേഗത്തിലല്ലായിരുന്നെന്നും മഴയുണ്ടായിരുന്നെന്നും സംഭവസ്ഥലത്ത്‌ വെള്ളക്കെട്ടുണ്ടായെന്നുമാണ് പതിനേഴുകാരന്റെ മൊഴി. ജയബാലകൃഷ്‌ണൻ സഞ്ചരിച്ച സ്‌കൂട്ടർ കണ്ടില്ല. ആദ്യമായാണ്‌ വാഹനം ഓടിക്കുന്നതെന്നും യൂട്യൂബ്‌ നോക്കിയാണ്‌ ഡ്രൈവിങ്‌ പഠിച്ചതെന്നടക്കമുള്ള മൊഴികൾ ആവർത്തിച്ചു. മകൻ വാഹനം കൊണ്ടുപോയത്‌ അറിഞ്ഞില്ലെന്നുമായിരുന്നു അമ്മയുടെ മൊഴി.


കഴിഞ്ഞ ദിവസം പൊലീസിന് മൊഴി നൽകാൻ കാർ ഉടമയായ ജഡ്ജി ഹാജരായിരുന്നില്ല. കോടതിയുടെ അനുവാദം വാങ്ങാത്തതിനെ തുടർന്നാണ് മൊഴിയെടുക്കാൻ സാധിക്കാത്തതെന്ന് പൊലീസ് അറിയിച്ചിരുന്നു. ജനരോഷത്തെ തുടർന്ന് ജഡ്ജിക്കെതിരെ കഴിഞ്ഞദിവസം മോട്ടോർവാഹന നിയമപ്രകാരം കേസെടുത്തിരുന്നു. ഇക്കാര്യം ഹൈക്കോടതി രജിസ്‌ട്രാറെ അറിയിച്ചു. എന്നാൽ മൊഴിയെടുക്കാൻ വേണ്ട നടപടി പൊലീസ് സ്വീകരിച്ചില്ല.


ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ ജഡ്‌ജി ടി റിനോ ഫ്രാൻസിസ്‌ സേവ്യറിന്റെ മകനായ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച്‌ സ്‌കൂട്ടർ യാത്രികൻ മാഞ്ഞാലി പുത്തൻപറന്പിൽ വീട്ടിൽ ജയബാലകൃഷ്‌ണൻ (55) ഞായർ പുലർച്ചെയാണ്‌ മരിച്ചത്‌. കണ്ടെയ്‌നർ റോഡിൽ ചേരാനല്ലൂർ മാരാപറമ്പ് സ്‌റ്റോപ്പിനു സമീപമായിരുന്നു അപകടം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home