Deshabhimani

എൽനിനോ ശക്തിപ്രാപിക്കുന്നു; പസഫിക് സമുദ്രത്തിൽ റെക്കോർഡ് ചൂട്

heat wave
വെബ് ഡെസ്ക്

Published on Oct 28, 2026, 04:40 PM | 2 min read

കാലിഫോർണിയ : പസഫിക് സമുദ്രത്തിൽ അസാധാരണമായ ചൂട് ആശങ്ക ഉയർത്തുന്നതായി ലോക കാലാവസ്ഥാ സംഘടന. എൽനിനോ ശക്തിപ്രാപിക്കുന്നതിനാലാണ് ചൂട് കഠിനമാകാൻ കാരണം. പസഫിക്കിലെ സമുദ്രോപരിതല താപനില ഒക്ടോബർ 22ന് 30 ഡിഗ്രി സെൽഷ്യസിലെത്തി. ഇതാദ്യമായാണ് താപനില ഇത്രയും ഉയർന്ന നിലയിൽ രേഖപ്പെടുത്തുന്നത്. എൽനിനോ ഡിസംബറോടെ ഉച്ചസ്ഥായിയിലെത്തിയേക്കുമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ മുന്നറിയിപ്പ്. ആഗോള കാലാവസ്ഥയെ സ്വാധീനിക്കുന്ന ​ഗുരുതര പ്രതിസന്ധിയായി എൽനിനോ പ്രതിഭാസം മാറുകയാണെന്ന് സൂചിപ്പിക്കുന്നതാണ് ഈ പുതിയ മുന്നറിയിപ്പ്.


എൽനിനോയുടെ തീവ്രത വിലയിരുത്താൻ ശാസ്ത്രജ്ഞർ ഉപയോ​ഗിക്കുന്ന നിനോ 3.4 സൂചികയിൽ സമുദ്രോപരിതല താപനില വ്യതിയാനം ജൂണിൽ 1.6 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് സാധാരണയേക്കാൾ കൂടുതലായിരുന്നു. ആ​ഗസ്തിൽ ഇത് 2.5 ഡിഗ്രിയായി ഉയർന്നു. ഒക്ടോബർ–ഡിസംബർ കാലയളവിൽ താപനില വ്യതിയാനം 3.7 ഡിഗ്രി വരെയെത്താമെന്നാണ് ലോക കാലാവസ്ഥ സംഘടനയുടെ പ്രവചനം. ഇതിന് മുൻപ് 2015–16 കാലയളവിൽല 2.6 ഡിഗ്രിയാണ് എൽനിനോ പ്രതിഭാ​സത്തെ തുടർന്ന് താപനില വ്യതിയാനം രേഖപ്പെടുത്തിയത്.


പസഫിക് സമുദ്ര ജലത്തിന്റെ താപനില ഉയരുന്നത് കാറ്റുകളുടെ ഗതിയെയും മഴമേഘങ്ങളുടെ രൂപീകരണത്തെയും സ്വാധീനിക്കും. ഇതുവഴി പസഫിക് മേഖലയിൽ മാത്രമല്ല, ലോകത്തിന്റെ വിവിധ ഭാഗങ്ങളിലും കാലാവസ്ഥ വ്യതിയാനങ്ങളുണ്ടാകാം. ഇതു കാരണം ചില പ്രദേശങ്ങളിൽ വരൾച്ചയും ചൂടും ശക്തമാകുമ്പോൾ, മറ്റിടങ്ങളിൽ അതിതീവ്രമഴയും വെള്ളപ്പൊക്കവുമുണ്ടാകും.


ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂൺ രാജ്യത്ത് സാധാരണയേക്കാൾ 13 ശതമാനം കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. വരും മാസങ്ങളിൽ ദക്ഷിണേഷ്യയുടെ വലിയൊരു ഭാഗത്ത് സാധാരണയേക്കാൾ ഉയർന്ന താപനില അനുഭവപ്പെടാമെന്നാണ് ലോക കാലാവസ്ഥാ സംഘടനയുടെ വിലയിരുത്തൽ.


ഇന്ത്യയിലെ മൺസൂൺ മഴയെ എൽനിനോ പ്രതിഭാസം സാധാരണയായി ദുർബലപ്പെടുത്താറുണ്ട്. എന്നാൽ, രാജ്യത്തെ മഴയുടെ അളവ് നിർണയിക്കുന്ന ഏക ഘടകമല്ലിക്. ഇന്ത്യൻ മഹാസമുദ്രത്തിലെ താപനില വ്യതിയാനങ്ങൾ, കാറ്റുകളുടെ ഗതി, പ്രാദേശിക ന്യൂനമർദം എന്നിങ്ങനെയുള്ള​​ ഘടകങ്ങളും മഴയെ സ്വാധീനിക്കും.


മഴയുടെ അളവ് കുറഞ്ഞതിനാലും ചൂട് കൂടുകയും ചെയ്തതിനാൽ കൃഷി, ജലസംഭരണം, വൈദ്യുതി ഉപഭോഗം തുടങ്ങി രാജ്യത്തെ വിവിധ മേഖലകൾ നിലവിൽ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുകയാണ്. ഇത് മഴയെ ആശ്രയിച്ചുള്ള കൃഷികളെയും, വിളവിനെയും ബാധിച്ചിട്ടുണ്ട്. ഈ പ്രതിസന്ധി ഭക്ഷ്യവസ്തുക്കളുടെ ലഭ്യതയേയും വിലയേയും പ്രതിഫലിച്ചിട്ടുണ്ട്. 2027 തുടക്കത്തിലും എൽനിനോ ശക്തമായി തുടരാമെന്നാണ് നിലവിലെ പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home