Deshabhimani

മരുന്ന് കഴിക്കേണ്ടെന്ന് ചാറ്റ് ജിപിടി; അനുസരിച്ച സോഫ്റ്റ്‌വെയർ എഞ്ചിനീയർ മരിച്ചു, കേസുമായി മാതാപിതാക്കൾ

open ai
വെബ് ഡെസ്ക്

Published on Oct 28, 2026, 04:37 PM | 2 min read

ബീജീങ്: ചാറ്റ് ജിപിടിയുടെ ഉപദേശ പ്രകാരം അപസ്മാരത്തിന്റെ മരുന്ന് കഴിക്കാതിരുന്നതിനെ തുടർന്ന് 31കാരി മരിച്ച സംഭവത്തിൽ ഓപ്പൺ എഐയ്ക്കെതിരെ യുവതിയുടെ മാതാപിതാക്കൾ കോടതിയെ സമീപിച്ചു. ഡോക്ടറുടെ നിർദേശമില്ലാതെ മരുന്ന് കഴിക്കാതിരിക്കാൻ ചാറ്റ്ജിപിടി പ്രേരിപ്പിച്ചതിനെ തുടർന്ന് അമേരിക്കയിലെ ആമസോണിലെ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ചൈനീസ് സ്വദേശിനി ബോവൻ വാൻ ആണ് മരിച്ചത്.


ഫെബ്രുവരിയിൽ നടന്ന മരണത്തിൽ എഐ ചാറ്റ്ബോട്ട് നൽകിയ തെറ്റായ ഉപദേശങ്ങളാണ് മകളുടെ ജീവനെടുത്തതെന്ന് മാതാപിതാക്കൾ ആരോപിക്കുന്നു. എഐ ചാറ്റ്ബോട്ടുകൾ മെഡിക്കൽ നിർദേശങ്ങൾ നൽകുന്നത് പൂർണമായി തടഞ്ഞിരുന്നെങ്കിൽ ഈ ദുരന്തം ഒഴിവാക്കാമായിരുന്നുവെന്ന് മാതാപിതാക്കൾ നൽകിയ ഹർജിയിൽ പറയുന്നു. ചൈനീസ് സ്വദേശിയായ ബോവൻ വാൻ എന്ന യുവതിയുടെ മരണത്തിലാണ് മാതാപിതാക്കളായ ക്യുൻ വാനും മെയ്ചിൻ ക്സുവും കേസ് ഫയൽ ചെയ്തത്. ഡോക്ടർമാരോട് പറയാതെ അപസ്മാരത്തിനുള്ള മരുന്നിന്റെ അളവ് ഘട്ടംഘട്ടമായി കുറയ്ക്കാനുള്ള പ്ലാൻ ഉണ്ടാക്കി നൽകിയത് ചാറ്റ്ജിപിടി ആണെന്ന് പരാതിയിൽ പറയുന്നു.


ലാമോട്രിജിൻ എന്ന മരുന്നായിരുന്നു അപസ്മാരത്തിനായി ബോവൻ വാൻ കഴിച്ചിരുന്നത്. ഇത് കഴിച്ചതോടെ പ്രതിമാസം അപസ്മാരം വരുന്നത് വളരെ കുറഞ്ഞിരുന്നു. എന്നാൽ 2026 ജനുവരിയിൽ, ഈ മരുന്ന് തന്റെ സംസാരശേഷിയെ ബാധിക്കുന്നുണ്ടെന്നും ജോലിയിലെ ഇന്റർവ്യൂകളെ അത് ബാധിക്കുമെന്നും ഭയന്ന് മരുന്നിന്റെ അളവ് കുറയ്ക്കുന്നതിനെക്കുറിച്ച് വാൻ ചാറ്റ്ജിപിടിയോട് ചോദിച്ചു. ആഴ്ചകൾക്കുള്ളിൽ മരുന്നിന്റെ അളവ് പൂജ്യത്തിലേക്ക് എത്തിക്കാനുള്ള ഷെഡ്യൂൾ ചാറ്റ്ജിപിടി നിർമിച്ചു നൽകിയെന്നാണ് കേസ്.


കൂടാതെ, ഈ കാര്യം ഡോക്ടർമാരിൽ നിന്ന് മറച്ചുവെക്കാനും രക്തപരിശോധന നടത്തുന്നതിൽ നിന്ന് പിന്മാറാനും ചാറ്റ്ജിപിടി യുവതിയെ പ്രേരിപ്പിച്ചു. വാൻ തന്റെ ഗ്രീൻ കാർഡ് അപേക്ഷയുമായി ബന്ധപ്പെട്ടും മരുന്നിനെക്കുറിച്ചുള്ള ആശങ്കകൾ ഉന്നയിച്ചിരുന്നു. മെഡിക്കൽ പരിശോധനയില്‍ മരുന്നിന്റെ അളവ് കുറയ്ക്കുന്നത് എങ്ങനെ ബാധിക്കുമെന്നും ചാറ്റ്ജിപിടി വാനുമായി ചർച്ച ചെയ്തിരുന്നു.


എന്നാൽ, യുവതിയുടെ ന്യൂറോളജിസ്റ്റായ ഡോ. നിക്കോളാസ് പൂലോസ് ഇത് തികച്ചും തെറ്റായ കാര്യമാണെന്ന് വ്യക്തമാക്കി. "വ്യക്തമായ ഫലം തരുന്ന മരുന്ന് നിർത്താൻ ഉപദേശിക്കുന്നത് വൈദ്യശാസ്ത്രപരമായി ഗുരുതരമായ വീഴ്ചയാണ്," എന്ന് അദ്ദേഹം പറഞ്ഞു. മരുന്നിന്റെ അളവ് കുറച്ചതോടെ തലകറക്കം, ഓർമക്കുറവ്, അസാധാരണമായ അസ്വസ്ഥതകൾ എന്നിവ അനുഭവപ്പെട്ടതായി വാൻ ചാറ്റ്ജിപിടിയോട് പറഞ്ഞിരുന്നു. എന്നാൽ തലച്ചോർ പുതിയ മാറ്റങ്ങളുമായി പൊരുത്തപ്പെടുന്നതിന്റെ ഭാഗമാണിതെന്നാണ് ചാറ്റ്ജിപിടി യുവതിക്ക് നൽകിയ മറുപടി.


വാൻ, ചാറ്റ്ജിപിടിയുമായി നടത്തിയ 2.7 ലക്ഷത്തിലധികം സന്ദേശങ്ങൾ പരിശോധിച്ച് തയ്യാറാക്കിയ റിപ്പോർട്ടിൽ, 158-ലധികം തവണ മരുന്ന് കുറയ്ക്കുന്നതിലെ ആശങ്ക വാൻ എഐയോട് പങ്കുവെച്ചിരുന്നതായി വ്യക്തമാക്കുന്നു. ഫെബ്രുവരി 11ന് അയച്ച അവസാന സന്ദേശത്തിൽ, തലയിലെ വേദന പനിയെ തുടർന്നുള്ള വേദനയാണോ എന്ന് വാൻ ചോദിച്ചിരുന്നു. എന്നാൽ ഇത് അപകടകരമല്ലെന്നും ശരീരത്തിന്റെ സുഖപ്പെടൽ പ്രക്രിയയാണെന്നുമാണ് ചാറ്റ്ജിപിടി മറുപടി നൽകിയത്.


മകളുടെ വിവരമൊന്നും അറിയാതിരുന്നതിനെ തുടര്‍ന്ന്, ചൈനയിലായിരുന്ന മാതാപിതാക്കൾ സംശയം തോന്നി വാനിന്റെ സുഹൃത്തുക്കളോട് അന്വേഷിക്കാൻ ആവശ്യപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. തുടർന്ന് നടത്തിയ പരിശോധനയിൽ വാനിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശരീരത്തിൽ മരുന്നിന്റെ അളവ് സാധാരണയായി വേണ്ടതിന്റെ അഞ്ചിലൊന്ന് മാത്രമായി കുറഞ്ഞിരുന്നതായി കണ്ടെത്തി. മരുന്നുകളെക്കുറിച്ചും ചികിത്സകളെക്കുറിച്ചുമുള്ള നിർദ്ദേശങ്ങൾ എഐ ചാറ്റ്ബോട്ടുകൾ നൽകുന്നത് ഓപ്പൺ എഐ പൂർണമായും തടയണമെന്നാണ് വാനിന്റെ മാതാപിതാക്കളുടെ ആവശ്യം. ഉപയോക്താക്കൾക്ക് ഈ സുരക്ഷാ മാനദണ്ഡങ്ങൾ മറികടക്കാൻ അവസരം നൽകരുത്.മറ്റ് മേഖലകളിൽ കർശനമായ നിയമങ്ങൾ വെക്കുന്നത് പോലെ മെഡിക്കൽ നിർദേശങ്ങൾ നൽകുന്നതിലും എഐ മോഡലുകൾക്ക് ശക്തമായ നിയന്ത്രണം വേണമെന്ന് കുടുംബം വാദിക്കുന്നു.


അതേസമയം ഈ കേസിൽ ഉൾപ്പെട്ടിരിക്കുന്നത് GPT-4o എന്ന പഴയ മോഡലാണെന്നാണ് കമ്പനിയുടെ വാദം. വാൻ മരിച്ചതിന്റെ പിറ്റേന്ന് ഓപ്പൺ എഐ ഈ മോഡൽ പിൻവലിച്ചിരുന്നു. സംഭവം 'വളരെ ഹൃദയഭേദകമാണ്' എന്ന് പ്രതികരിച്ച ഓപ്പൺ എഐ, പുതിയ എഐ മോഡലുകൾക്ക് ഇത്തരം അടിയന്തിര സാഹചര്യങ്ങൾ കൃത്യമായി തിരിച്ചറിയാൻ സാധിക്കുമെന്നും വ്യക്തമാക്കി.


2023 മുതൽ വാൻ റിലേഷൻഷിപ്പ് അഡ്വൈസിനും ഇൻഷുറൻസ് ആവശ്യങ്ങൾക്കുമായി ചാറ്റ്ജിപിടി ഉപയോഗിച്ചിരുന്നു. എന്നാൽ 2025 ആയപ്പോഴേക്കും ആഴ്ചയിൽ 1,500ലധികം സന്ദേശങ്ങൾ അയക്കുകയും മാതാപിതാക്കളോട് സംസാരിക്കുന്നത് കുറയ്ക്കുകയും ചെയ്തിരുന്നു. 2025-ൽ 16-കാരനായ മകന്റെ മരണവുമായി ബന്ധപ്പെട്ട് മറ്റൊരു കുടുംബവും കമ്പനിക്കെതിരെ സമാനമായ കേസ് നൽകിയിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home