Deshabhimani

പത്തനംതിട്ടയിൽ മൂന്നിടത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം

Child Kidnap

പ്രതീകാത്മക ചിത്രം, എഐ നിര്‍മിതം

വെബ് ഡെസ്ക്

Published on Oct 28, 2026, 04:33 PM | 2 min read

പത്തനംതിട്ട: പത്തനംതിട്ടയിൽ മൂന്നിടങ്ങളിലായി കുട്ടികളെ തട്ടിക്കൊണ്ടുപോകാൻ ശ്രമം നടത്തിയതായി പരാതി. പഴകുളം, കൊടുമൺ, പന്തളം എന്നിവിടങ്ങളിലാണ് കുട്ടികളെ കടത്തികൊണ്ടുപോകാൻ ശ്രമിച്ചത്. പഴകുളത്ത് 9 വയസുള്ള രണ്ട് പെൺകുട്ടികളെയും കൊടുമണ്ണിൽ അഞ്ചാം ക്ലാസുകാരനെയും പന്തളത്ത് ഒന്നരവയസുകാരിയെയുമാണ് തട്ടികൊണ്ടുപോകാൻ ശ്രമിച്ചത്. പഴകുളത്തും കൊടുമണ്ണിലും വെള്ള നിറത്തിലുള്ള കാറിലെത്തിയ സ്ത്രീയും മുടി നീട്ടി വളർത്തിയ പുരുഷനുമാണ് കുട്ടികളെ കടത്താൻ ശ്രമിച്ചത്. ഒക്ടോബർ 26-ാം തീയതിയാണ് സംഭവം.


പഴകുളത്ത് മദ്രസ കഴിഞ്ഞ് മടങ്ങിയ രണ്ട് പെൺകുട്ടികളെയാണ് സ്ത്രീയും പുരുഷനും കാറിൽ കയറ്റാൻ ശ്രമിച്ചത്. കുട്ടികളുടെ അമ്മയെ അറിയാമെന്നും കാറിൽ കയറിയാൽ വീട്ടിൽ കൊണ്ടുവിടാമെന്നുമായിരുന്നു നൽകിയ വാ​ഗ്ദാനം. തങ്ങൾ കുട്ടികളുടെ ബന്ധുക്കളാണെന്ന് പറയുകയും ചെയ്തു. ഇതു വിശ്വസിച്ച് രണ്ട് കുട്ടികളില്‍ ഒരാൾ കാറിൽ കയറാൻ തുടങ്ങിയപ്പോൾ ഒപ്പമുണ്ടായിരുന്ന കുട്ടി വിലക്കി. എന്നാൽ കാറിൽ നിന്ന് ഇറങ്ങിയ സ്ത്രീ ഡോർ തുറന്ന് കുട്ടികളെ കയറ്റാൻ ശ്രമിക്കുന്നത് കണ്ട് സമീപത്തു നിന്നും ഒരു സ്ത്രീ കുട്ടികളെ വിളിച്ചു.


കുട്ടികളെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമമാണെന്ന സംശയത്തെ തുടർന്നാണ് ഇവർ കുട്ടികളെ വിളിച്ചത്. പഴകുളം ജം​ഗ്ഷനു സമീപത്തെ കെഎപി കനാൽ റോഡിലാണ് സംഭവം. സ്ത്രീ ഇടപെട്ടതോടെ ആളുകളുടെ ശ്രദ്ധയിൽപ്പെട്ടുവെന്ന് മനസിലാക്കിയ സംഘം കാറിൽ കയറി അതിവേ​ഗം പോവുകയും ചെയ്തു. തുടർന്ന് സമീപത്തെ ട്യൂഷൻ സെന്ററിനു പരിസരത്ത് ഏറെ നേരം സംഘം കറങ്ങിയതായാണ് വിവരം. സംഭവത്തിൽ കുടുംബം പൊലീസിൽ പരാതി നൽകി. ഇതിന്റെ അടിസ്ഥാനത്തിൽ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരികയാണ്.


കൊടുമണിലും ഇതേസംഘം തന്നെയാണ് അഞ്ചാം ക്ലാസുകാരനെയും കട‌ത്താൻ ശ്രമിച്ചതെന്നാണ് വിവരം. 26-ാം തീയതി രാവിലെയാണ് സംഭവം. സ്കൂളിൽ പോകാൻ റോഡരികിൽ നിന്ന കുട്ടിയെ സ്കൂളിൽ എത്തിക്കാമെന്ന് വാ​ഗ്ദാനം നൽകി കാറിൽ കയറ്റാൻ ശ്രമം നടത്തുകയായിരുന്നു. എന്നാൽ കുട്ടി കയറാൻ കൂട്ടാക്കിയില്ല. വെള്ള നിറത്തിലുള്ള കാറിൽ സ്ത്രീയും പുരുഷനുമാണ് എത്തിയതെന്നുമാണ് വിവരം. രണ്ടിടത്തും സമാന സ്വഭാവമുള്ള ശ്രമങ്ങൾ നടന്നതിനെ തുട‌ർന്ന് രക്ഷിതാക്കളും ഭീതിയിലാണ്. കുട്ടികളെ പുറത്തിറക്കാൻ പോലും പേടിയാണെന്ന് രക്ഷിതാക്കൾ പറഞ്ഞു. സംഭവത്തിൽ, കുട്ടികളുടെയും ദൃക്സാക്ഷിയുടെയും മൊഴികൾ രേഖപ്പെടുത്തും.


പന്തളത്ത് ഇതരസംസ്ഥാന തൊഴിലാളികളായ ദമ്പതിമാരുടെ ഒന്നരവയസുകാരിയായ മകളെ തട്ടികൊണ്ടുപോകാൻ ശ്രമിച്ചത് തമിഴ്നാട് സ്വദേശിയായ മധ്യവയസ്കനാണ്. ഇയാളെ പൊലീസ് കഴിഞ്ഞ ദിവസം രാത്രിയോടെ പിടികൂടി. മാനസിക വെല്ലുവിളി നേരിടുന്നതായി കണ്ടെത്തിയതോടെ ദമ്പതികൾ കേസ് പിൻവലിക്കുകയും തുടർന്ന് ഇയാളെ വിട്ടയച്ചു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home