Deshabhimani

ആന്ധ്രാ പ്രദേശിൽ നാശംവിതച്ച് അർണബ് ചുഴലിക്കാറ്റ്; മൂന്ന് മരണം

Arnab Cyclone
വെബ് ഡെസ്ക്

Published on Oct 28, 2026, 03:54 PM | 1 min read

അമരാവതി: അർണബ് ചുഴലിക്കാറ്റ് തീരംതൊട്ടതിനെ തുടർന്ന് ആന്ധ്രാ പ്രദേശിൽ വലിയ നാശനഷ്ടങ്ങൾ. സംസ്ഥാനത്ത് 3 പേർ മരണപ്പെടുകയും നിരവധി വീടുകൾ തകരുകയും ചെയ്തതായി ദേശീയ ദുരന്തനിവാരണ സേന അറിയിച്ചു. അധികൃതരുടെ കണക്കനുസരിച്ച്, ശക്തമായ അർണബ് ചുഴലിക്കാറ്റ് 714 ഓളം ഗ്രാമങ്ങളെയാണ് ബാധിച്ചിരിക്കുന്നത്.


ആന്ധ്രാ പ്രദേശിനും ഒഡീഷയ്ക്കും പുറമെ ഛത്തീസ്ഗഡ്, ഝാർഖണ്ഡ്, പുതുച്ചേരി, തെലങ്കാന, അന്തമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലും എൻഡിആർഎഫ് സംഘങ്ങളെ വിന്യസിച്ചിട്ടുണ്ട്ഒ. ഈ പ്രദേശങ്ങളിലായി ആകെ 39 എൻഡിആർഎഫ് സംഘങ്ങളെ നിയോഗിച്ചിട്ടുണ്ടെന്നും ഇന്നലെ രാത്രി നാല് അധിക എൻഡിആർഎഫ് സംഘങ്ങളെക്കൂടി ആന്ധ്രാപ്രദേശിലേക്ക് അയച്ചതായും എൻഡിആർഎഫ് ഇൻസ്‌പെക്ടർ ജനറൽ നരേന്ദ്ര സിങ് ബുന്ദേല വാർത്താസമ്മേളനത്തിൽ പറഞ്ഞു.


ഇന്ന് പുലർച്ചെ ദക്ഷിണേന്ത്യൻ സംസ്ഥാനത്തിന്റെ തീരംതൊട്ട അർണബ് ചുഴലിക്കാറ്റ് 'അതിതീവ്ര' ചുഴലിക്കാറ്റിൽ നിന്ന് 'തീവ്ര' ചുഴലിക്കാറ്റായി ശക്തി കുറഞ്ഞിട്ടുണ്ട്. ഒഡീഷയിലെ 16 ജില്ലകളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. മുൻകരുതലിന്റെ ഭാഗമായി വിശാഖപട്ടണം, വിജയവാഡ വിമാനത്താവളങ്ങളിലേക്കുള്ള സർവീസുകൾ താൽക്കാലികമായി നിർത്തിവെച്ചു. ഈ മേഖലയിലെ 50 ലധികം ട്രെയിനുകളും റദ്ദാക്കിയിരിക്കുകയാണ്. ചെന്നൈയിലും റോഡിലേക്ക് ഉയർന്ന തിരമാലകൾ അടിച്ചതിനെത്തുടർന്ന് ഗതാഗതം തടസപ്പെട്ടു. വരും മണിക്കൂറുകളിലും അതീവജാഗ്ര പാലിക്കാൻ കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്.


അർണബ് ചുഴലിക്കാറ്റിനെ തുടർന്ന് 10 സ്ഥലങ്ങളിൽ മരങ്ങൾ വീണതുൾപ്പെടെ ചെറിയ തടസ്സങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. എക്‌സിലെ പോസ്റ്റിലൂടെയാണ് ഈ തടസ്സങ്ങൾ ഉടനടി പരിഹരിച്ചുവെന്നും മുതിർന്ന ഉദ്യോഗസ്ഥർ സ്ഥിതിഗതികൾ വിലയിരുത്തിയെന്നും മന്ത്രി അറിയിച്ചത്. ട്രെയിൻ സർവീസുകൾ സുരക്ഷിതമായും സുഗമമായും നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home