Deshabhimani

ജയിൽ ചാടുന്നവരെ വെടിവെയ്ക്കാൻ ഉത്തരവിറക്കി തമിഴ്നാട് ജയിൽവകുപ്പ്

Jail break

ജയിലില്‍ നിന്നും രക്ഷപ്പെട്ട തടവുകാരെ പിടികൂടിയപ്പോള്‍, Photo: X, Tamilnadu Police

വെബ് ഡെസ്ക്

Published on Oct 28, 2026, 02:53 PM | 1 min read

ചെന്നൈ: ജയിൽ ചാടുന്നവരെ വെടിവെച്ചു പിടിക്കാൻ ഉത്തരവിറക്കി തമിഴ്നാട് ജയിൽവകുപ്പ്. തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്നും തടവുകാർ കൂട്ടത്തോടെ രക്ഷപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് പുതിയ നീക്കം. തടവുകാർ രക്ഷപ്പെടുന്നത് തടയാൻ ആവശ്യമാണെങ്കിൽ തോക്ക് ഉപയോഗിക്കാൻ ജയിൽ വകുപ്പ് ഉദ്യോഗസ്ഥർക്ക് അനുമതി നൽകി. ജയിൽ ഡിജിപി സന്ദീപ് റായ് റാത്തോഡ് ആണ് ഉത്തരവിറിക്കിയത്. മറ്റിടങ്ങളിലും സമാനമായ സംഭവങ്ങൾ ഉണ്ടാകാതിരിക്കാനാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.


തിങ്കളാഴ്ച രാത്രിയാണ് തേനി തെക്കമ്പട്ടി സബ് ജയിലിൽ നിന്നും 17 തടവുകാർ ചാടിപ്പോയത്. ഇതിൽ 15 പേരെയും കഴിഞ്ഞ ദിവസങ്ങളിലായി പൊലീസ് പിടികൂടി. ജയിലിൽ നിന്ന് രക്ഷപെട്ടോടിയവരിൽ ഭൂരിഭാഗവും 19 നും 26 നും ഇടയിൽ പ്രായമുള്ള യുവാക്കളാണ്. മധുര, ശിവഗംഗ, രാമനാഥപുരം, സേലം, കന്യാകുമാരി, തേനി എന്നിവയുൾപ്പെടെ തമിഴ്‌നാട്ടിലെ വിവിധ ജില്ലകളിൽ നിന്നുള്ളവരാണ് ഇവർ. ജയിലിൽ നിന്നും രക്ഷപ്പെട്ട സംഘം തമ്പടിച്ചിരുന്നത് അമ്മച്ചിയാപുരത്തെ മലയിലായിരുന്നു. വിവരം കിട്ടിയ പൊലീസ് മല വളയുകയും തടവുകാരെ സാഹസികമായി പിടികൂടുകയുമായിരുന്നു.


സംഭവത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഒൻപത് ജയിൽ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. രക്ഷപ്പെട്ടവരിൽ ബാക്കിയുള്ള രണ്ടുപേർക്കായി തിരച്ചിൽ നടത്തി വരികയാണ്. നാടകീയമായാണ് സംഘത്തിന്റെ ജയിൽചാട്ടം. 17 പേരെയും ഒരു സെല്ലിലാണ് പാർപ്പിച്ചിരുന്നത്. തുടർന്ന് കൂട്ടത്തിലൊരാൾക്ക് സുഖമില്ലെന്ന് പറയുകയും ആശുപത്രിയിലേക്കു മാറ്റാൻ ശ്രമിച്ചപ്പോൾ തടവുപുള്ളികൾ മദൻ മോഹൻ എന്ന ജയിലുദ്യോഗസ്ഥനെ ആക്രമിക്കുകയും പൊലീസുകാരന്റെ സ്വർണമാല പൊട്ടിച്ചെടുക്കുകയും ചെയ്തു. തുടർന്ന് തങ്കപാണ്ടി എന്ന ജയിൽ ജീവനക്കാരനെ അടിച്ചുവീഴ്ത്തിയശേഷം രക്ഷപ്പെടുകയായിരുന്നു.


ആക്രമണത്തിൽ തലയ്ക്ക് സാരമായി പരിക്കേറ്റ പൊലീസ് ഉദ്യോ​ഗസ്ഥൻ ചികിത്സയിൽ തുടരുകയാണ്. മറ്റ് രണ്ട് ജയിൽ ജീവനക്കാർക്കും പരിക്കേറ്റിട്ടുണ്ട്. സംഭവത്തിൽ ജയിൽ ചാടിയ മുഴുവൻ തടവുകാർക്കെതിരെയും വധശ്രമത്തിന് പൊലീസ് കേസെടുത്തു. കഴിഞ്ഞ ദിവസം പിടികൂടിയ അഞ്ചു പേരെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു. ബാക്കിയുള്ളവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home