നിലമ്പൂർ - ഷൊർണൂർ പാതയിൽ മേലാറ്റൂർ ക്രോസിങ് സ്റ്റേഷൻ തുറന്നു

നിലമ്പൂർ : ഷൊർണൂർ–നിലമ്പൂർ പാതയിലെ ലൈൻ ശേഷി വർധിപ്പിക്കുന്നതിന്റെ ഭാഗമായി മേലാറ്റൂർ ക്രോസിങ് സ്റ്റേഷൻ പ്രവർത്തനക്ഷമായി. 56609 നമ്പർ ട്രെയിനാണ് ആദ്യമായി സ്റ്റേഷൻ കടന്നുപോയത്. ദക്ഷിണ റെയിൽവേയിൽ അത്യാധുനിക ഡയറക്ട് ഡ്രൈവ് ഇലക്ട്രോണിക് ഇന്റർലോക്കിംഗ് സംവിധാനം (ക്യോസാൻ K5D) സ്ഥാപിക്കുന്ന രണ്ടാമത്തെ സ്റ്റേഷനാണ് മേലാറ്റൂർ. സിഗ്നലിങ് രംഗത്തെ പുതുതലമുറ സാങ്കേതികവിദ്യയാണിത്. സുരക്ഷയും വിശ്വാസ്യതയും പ്രവർത്തനക്ഷമതയും വർധിപ്പിക്കാൻ ഇത് സഹായിക്കുമെന്ന് റെയിൽവേ പറഞ്ഞു.
2024 മാർച്ചിൽ അനുമതി ലഭിച്ച പദ്ധതി ഏകദേശം 27.8 കോടി രൂപ ചെലവിലാണ് പൂർത്തിയാക്കിയത്. സിവിൽ, ട്രാക്ക്, സിഗ്നലിംഗ്, ഓവർഹെഡ് വൈദ്യുതീകരണ ജോലികളെല്ലാം ഇതിൽ ഉൾപ്പെടുന്നു. പുതിയ സ്റ്റേഷൻ കെട്ടിടം, 730 മീറ്റർ നീളമുള്ള ലൂപ്പ് ലൈൻ, 24 കോച്ച് ട്രെയിനുകൾക്ക് നിർത്താവുന്ന ഉയർന്ന പ്ലാറ്റ്ഫോം എന്നിവ ഒരുക്കിയിട്ടുണ്ട്. അങ്ങാടിപ്പുറത്തിനും വാണിയമ്പലത്തിനും ഇടയിലാണ് മേലാറ്റൂർ.
24 സിഗ്നലിങ് റൂട്ടുകൾ, 10 മെയിൻ സിഗ്നലുകൾ, എട്ട് സബ്സിഡിയറി സിഗ്നലുകൾ, നാല് പോയിന്റുകൾ, 12 ട്രാക്ക് സർക്യൂട്ടുകൾ എന്നിവയും ട്രെയിൻ നീക്കം നിരീക്ഷിക്കാനും നിയന്ത്രിക്കാനും ഇരട്ട വിഡിയു സംവിധാനവും സ്റ്റേഷനിലുണ്ട്. ഇന്റഗ്രേറ്റഡ് പവർ സപ്ലൈ, ഫയർ ഡിറ്റക്ഷൻ ആൻഡ് അലാറം, ഡാറ്റ ലോഗിങ്, ആക്സിൽ കൗണ്ടർ, വൈദ്യുത സുരക്ഷാ സംവിധാനങ്ങൾ എന്നിവയും സജ്ജമാക്കി. സിഗ്നലിങ് ജോലികൾ ആർഡിഎസ്ഒ മാനദണ്ഡങ്ങൾ പാലിച്ചാണ് നടത്തിയത്. ഷൊർണൂർ–നിലമ്പൂർ ഒറ്റവരി പാതയാണ്. എതിർദിശയിൽ വരുന്ന ട്രെയിനുകൾക്ക് ക്രോസിംഗ് സ്റ്റേഷനുകളിൽ മാത്രമേ പരസ്പരം കടന്നുപോകാനാകൂ. ഇത്തരം സ്റ്റേഷനുകളുടെ കുറവ് മൂലം ട്രെയിനുകൾ പലപ്പോഴും കാത്തുകിടക്കേണ്ടി വന്നിരുന്നു.
ഷൊർണൂർ ജംഗ്ഷനും അങ്ങാടിപ്പുറത്തിനും ഇടയിലുള്ള കുലുക്കല്ലൂർ ക്രോസിങ് സ്റ്റേഷൻ ജൂൺ 4-ന് കമീഷൻ ചെയ്തിരുന്നു. ഏകദേശം 28.3 കോടി രൂപയായിരുന്നു ചെലവ്. 2024 മാർച്ചിൽ തന്നെയാണ് ഈ പദ്ധതിക്കും അനുമതി ലഭിച്ചത്. രണ്ട് സ്റ്റേഷനുകൾക്കും പുതിയ കെട്ടിടങ്ങളും 730 മീറ്റർ ലൂപ്പ് ലൈനുകളും 24 കോച്ച് ട്രെയിനുകൾക്കുള്ള ഉയർന്ന പ്ലാറ്റ്ഫോമുകളുമുണ്ട്. ഇരുപദ്ധതികൾക്കുമായി ആകെ ഏകദേശം 56.1 കോടി രൂപ ചെലവായി.
രണ്ട് പുതിയ ക്രോസിംഗ് സൗകര്യങ്ങൾ ലഭ്യമായതോടെ ട്രെയിനുകൾ കാത്തുകിടക്കുന്ന സമയം കുറയുമെന്നും സമയനിഷ്ഠ മെച്ചപ്പെടുമെന്നും ട്രെയിൻ ഷെഡ്യൂളിങ്ങിൽ കൂടുതൽ വഴക്കം ലഭിക്കുമെന്നും റെയിൽവേ അറിയിച്ചു. പ്രവർത്തന ആവശ്യകതകൾക്ക് വിധേയമായി ഭാവിയിൽ കൂടുതൽ ട്രെയിൻ സർവീസുകൾ ആരംഭിക്കാനും ഇത് സഹായകമാകുമെന്നാണ് പ്രതീക്ഷ.









0 comments