നെതന്യാഹു മുന്നിൽ പക്ഷേ ഭരണം നേടാനുള്ള സഖ്യശക്തിയില്ല
ഇസ്രയേൽ തെരഞ്ഞെടുപ്പ്; ഭൂരിപക്ഷം ഉറപ്പാക്കാനാവാതെ സഖ്യങ്ങൾ, നിര്‍ണായക ലീഡുമായി അറബ് പാര്‍ടികൾ

ടെൽ അവീവ്: ഇസ്രയേൽ പാർലമെന്റ് തെരഞ്ഞെടുപ്പിൽ നിര്‍ണായക ലീഡ് നേടി അറബ് പാര്‍ടികൾ. വോട്ടെണ്ണൽ അവസാന ഘട്ടത്തിലേക്ക് കടക്കുമ്പോൾ ഒറ്റ സഖ്യത്തിനും സ്വന്തമായി ഭൂരിപക്ഷം ഉറപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ്. ഇതിനിടയിലാണ് അറബ് പാര്‍ടികളുടെ ലീഡ‍് നിര്‍ണായകമായി മാറുന്നത്.
പ്രധാനമന്ത്രി നെതന്യാഹുവിന്റെ ലിക്വുഡ് പാര്‍ടി ഏറ്റവും വലിയ ഒറ്റകക്ഷിയായി മുന്നേറുന്നു. എന്നാൽ സര്‍ക്കാർ രൂപീകരിക്കാനുള്ള മേൽക്കൈ സഖ്യത്തിന് ഒട്ടാകെയും ഇല്ല. തൊട്ടുപിന്നിലായി പ്രധാന എതിരാളി ഗാദി ഐസൻകോട്ടും സഖ്യവും തുടരുകയും ചെയ്യുന്നു.
വോട്ടെണ്ണലിൽ 72.4 ശതമാനം പൂർത്തിയായി. ഈ ഘട്ടത്തിൽ അറബ് പാർട്ടികൾ നിർണായക സ്വാധീനമാകാൻ ഉതകുന്ന പിന്തുണ ഉറപ്പിച്ച കാഴ്ചയാണ്.
നെതന്യാഹുവിന്റെ ലിക്വുഡ് പാർട്ടി 27 സീറ്റുകളിൽ ലീഡ് നേടിയിട്ടുണ്ട്. അദ്ദേഹത്തെ പിന്തുണയ്ക്കുന്ന മറ്റ് പാര്‍ടികളും ചേര്‍ന്ന് സഖ്യം 54 സീറ്റുകളിലാണ് മുന്നേറുന്നത്.
21 സീറ്റുകളിൽ ലീഡ് നേടി ഐസൻകോട്ടിന്റെ യാഷിർ പാർട്ടി രണ്ടാമത്തെ ഒറ്റകക്ഷിയായി തൊട്ടു പിന്നിലുണ്ട്. ഇദ്ദേഹത്തോടൊപ്പം നെതന്യാഹു വിരുദ്ധ പാർട്ടികൾ 48 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. ഇതോടെയാണ് 18 സീറ്റുകളിൽ ലീഡ് ചെയ്യുന്ന അറബ് പാര്‍ടികൾ നിര്‍ണായക സ്വാധീനമായി ഉയര്‍ന്നത്.
120 അംഗ ഇസ്രയേൽ പാർലമെന്റായ നെസെറ്റിലേക്ക് കേവല ഭൂരിപക്ഷത്തിന് 61 സീറ്റുകളാണ് വേണ്ടത്. ഇസ്രയേലിലെ വോട്ടർമാരിൽ ഏകദേശം 20% വരുന്നത് അറബ് ജനവിഭാഗമാണ്. മുൻകാലങ്ങളിൽ പൊതു തെരഞ്ഞെടുപ്പ് വരുമ്പോൾ അറബ് വോട്ടർമാർ സമ്മതിദാനം രേഖപ്പെടുത്തുന്നത് താരതമ്യേന കുറവായിരുന്നു.
പരമാവധി വംശീയതയും വിഭാഗീയതയും കത്തിച്ചാണ് നെതന്യാഹു ഇത്തവണ തെരഞ്ഞെടുപ്പ് നേരിട്ടത്. ഹമാസ് ആക്രമണത്തിന്റെ ഉത്തരവാദിത്തം ഒഴിയാൻ വിദ്വേഷം മറയാക്കി. പ്രതിപക്ഷ നേതാക്കളും ഇതേ തന്ത്രം തന്നെ പ്രയോഗിച്ചതോടെ രാജ്യം വിദ്വേഷ കലുഷിതമായി.
Related News









0 comments