നോർക്ക കെയർ ഇൻഷുറൻസ്: അടിയന്തര ഇടപെടൽ അനിവാര്യം- ഓർമ

ദുബായ്: നോർക്ക കെയർ ഇൻഷുറൻസ് പദ്ധതിയിലെ അനിശ്ചിതത്വം പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഓർമ ദുബായ്. ക്ലെയിം തുക, പിരിച്ചെടുത്ത പ്രീമിയത്തേക്കാൾ ഉയർന്നതിനാൽ പ്രീമിയം നിരക്ക് വർധിപ്പിക്കണമെന്ന ഇൻഷുറൻസ് കമ്പനിയുടെ ആവശ്യം പുതിയ കരാർ സംബന്ധിച്ച ചർച്ചകളെ പ്രതിസന്ധിയിലാക്കിയെന്നാണ് റിപ്പോർട്ടുകൾ. സമയബന്ധിതമായി കരാർ പുതുക്കിയില്ലെങ്കിൽ നിലവിലുള്ള ഇൻഷുറൻസ് പരിരക്ഷയുടെ പുതിയ രജിസ്ട്രേഷനെയും ബാധിക്കുമെന്ന് സംഘടന ചൂണ്ടിക്കാട്ടി.
പ്രവാസികളുടെ ആരോഗ്യസുരക്ഷയുമായി നേരിട്ട് ബന്ധപ്പെട്ട വിഷയത്തിൽ മുഖ്യമന്ത്രി ഉടൻ ഇടപെടണം. പ്രവാസി പെൻഷൻ വിതരണത്തിലും ക്ഷേമപദ്ധതികളുടെ നടത്തിപ്പിലും പരാതികൾ നിലനിൽക്കുന്ന സാഹചര്യത്തിൽ ഇൻഷുറൻസ് പരിരക്ഷയും അനിശ്ചിതത്വത്തിലാകുന്നത് ഗൗരവതരമാണ്. നോർക്ക കെയർ ഇൻഷുറൻസ് പദ്ധതി തടസ്സമില്ലാതെ തുടരാനും നിലവിലുള്ള അംഗങ്ങളുടെ പരിരക്ഷ ഉറപ്പാക്കാനും പുതിയ അംഗങ്ങൾക്ക് രജിസ്ട്രേഷൻ സൗകര്യം ലഭ്യമാക്കാനും അടിയന്തര നടപടി സ്വീകരിക്കണമെന്നും ഓർമ ദുബായ് ഭാരവാഹികൾ പ്രസ്‌താവനയിൽ ആവശ്യപ്പെട്ടു.









0 comments