അധിനിവേശ ജീവികളെ തുരത്തി; തിരികെയെത്തിയത് സ്വാഭാവിക ആവാസ വ്യവസ്ഥ; 'നുഉതെലെ' നൽകുന്ന പരിസ്ഥിതി പാഠങ്ങൾ

എഐ പ്രതീകാത്മകചിത്രം
സമോവ : അധിനിവേശ ജീവികളെയും സസ്യങ്ങളെയും തുരത്തി പഴയ സ്വാഭാവിക ആവാസ വ്യവസ്ഥ തിരിച്ചെടുത്തതിന്റെ കഥയാണ് പസഫിക് സമുദ്രത്തിലെ സമോവയ്ക്കു സമീപമുള്ള നുഉതെലെ (Nu'utele) ദ്വീപിനു പറയാനുള്ളത്. ദ്വീപിൽ ആധിപത്യം സ്ഥാപിച്ചിരുന്ന ജീവികളെയും സസ്യങ്ങളെയും തുരത്തിയതിനുപിന്നാലെ പതിറ്റാണ്ടുകൾക്കുശേഷം കടലാമകൾ മുട്ടയിടാനായി ദ്വീപിലെത്തി. ദ്വീപിലെ തദ്ദേശീയ സസ്യങ്ങൾക്കും വന്യജീവികൾക്കും ഭീഷണിയായിരുന്ന അധിനിവേശ എലികളെയും കാട്ടുപന്നികളെയും നീക്കം ചെയ്തതോടെയാണ് പഴയ ആവാസവ്യവസ്ഥ തിരികെയെത്തിയത്. പരിസ്ഥിതി സംരക്ഷണത്തിന് പുതിയ മാതൃക നൽകുന്നതാണ് നുഉതെലെയിലെ പ്രവർത്തനങ്ങൾ. അധിനിവേശ ജീവികളെ മാറ്റിയതോടെ ആവാസവ്യവസ്ഥയിൽ ശ്രദ്ധേയമായ മാറ്റങ്ങളുണ്ടായതായി പരിസ്ഥിതി സംരക്ഷണ സംഘടനയായ ഐലൻഡ് കൺസർവേഷൻ പറയുന്നു. ദ്വീപിലെ വനങ്ങൾ വീണ്ടും പച്ചപ്പണിയുകയും അപൂർവ ഇനം പക്ഷികൾ തിരികെയെത്തി പ്രജനനം ആരംഭിക്കുകയും ചെയ്തു.
സമോവയിലെ ഉപോലു ദ്വീപിന്റെ കിഴക്കൻ തീരത്തുള്ള നുഉതെലെ സമുദ്ര സംരക്ഷിത മേഖലയാണ്. ഏകദേശം 1.08 ചതുരശ്ര കിലോമീറ്ററാണ് വിസ്തീർണം. ജനവാസമില്ലാത്ത നുഉതെലെ ദ്വീപ് സമോവയിലെ ഏറ്റവും മികച്ച രീതിയിൽ സംരക്ഷിക്കപ്പെട്ട ഉഷ്ണമേഖലാ വനമേഖലകളിലൊന്നായിരുന്നു. എന്നാൽ പുറത്തുനിന്നെത്തിയ എലികളും കാട്ടുപന്നികളും തദ്ദേശീയ സസ്യങ്ങളെ നശിപ്പിക്കുകയും പക്ഷികളുടെ മുട്ടകളെയും കുഞ്ഞുങ്ങളെയും ഭക്ഷിക്കുകയും ചെയ്തതോടെ ദ്വീപിലെ സ്വാഭാവിക ആവാസവ്യവസ്ഥ തകർച്ച നേരിട്ടു. എലികൾ പക്ഷികളുടെ മുട്ടകളും കുഞ്ഞുങ്ങളെയും ഭക്ഷിച്ചപ്പോൾ കാട്ടുപന്നികൾ മണ്ണിളക്കിയും സസ്യങ്ങൾ നശിപ്പിച്ചും സ്വാഭാവിക വളർച്ച തടസ്സപ്പെടുത്തി.
ഇതോടെയാണ് 2025 മാർച്ചിൽ സമോവയുടെ പ്രകൃതിവിഭവ പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഐലൻഡ് കൺസർവേഷന്റെയും നേതൃത്വത്തിൽ അധിനിവേശ ജീവികളെ നീക്കം ചെയ്യാനുള്ള പദ്ധതി ആരംഭിച്ചത്. 12 ദൗത്യങ്ങളിലായി 130 ദിവസത്തിലധികം വിദഗ്ധസംഘം ദ്വീപിൽ പ്രവർത്തിച്ചു. പ്രദേശവാസികളുടെയും അന്താരാഷ്ട്ര പരിസ്ഥിതി സംഘടനകളുടെയും സഹകരണത്തോടെ 2026 മെയിലാണ് അധിനിവേശ ജീവികളെ നീക്കം ചെയ്യാനുള്ള പ്രധാന പ്രവർത്തനങ്ങൾ പൂർത്തിയായത്. പിന്നാലെ ദ്വീപിലെ വനങ്ങളിൽ തദ്ദേശീയ സസ്യങ്ങൾ മുളച്ചുതുടങ്ങി. വാഴ, പൈനാപ്പിൾ, പപ്പായ, ചേമ്പ് തുടങ്ങിയ വിളകളുടെ കൃഷി മെച്ചപ്പെട്ടു.
അപൂർവ പക്ഷിയായ ഷൈ ഗ്രൗണ്ട് ഡോവ് (Shy Ground Dove) ദ്വീപിൽ വീണ്ടും പ്രജനനം ആരംഭിച്ചതാണ് ഏറ്റവും ശ്രദ്ധേയം. ഈ പക്ഷികളുടെ മുട്ടകളുള്ള നിരവധി കൂടുകൾ ഗവേഷകർ കണ്ടെത്തി. സമോവൻ സ്റ്റാർലിങ്, സമോവൻ ഫ്ലൈകാച്ചർ, സമോവൻ വിസ്‌ലർ തുടങ്ങിയ തദ്ദേശീയ പക്ഷികളുടെ പ്രജനനത്തിലും പുരോഗതിയുണ്ടായി. പതിറ്റാണ്ടുകളായി മുട്ടയിടാൻ എത്താതിരുന്ന കടലാമകൾ ദ്വീപിന്റെ തീരങ്ങളിലേക്ക് തിരിച്ചെത്തിയതാണ് പദ്ധതിയുടെ ഏറ്റവും ശ്രദ്ധേയമായ നേട്ടം. കൂടാതെ, ദ്വീപിൽ മുമ്പ് രേഖപ്പെടുത്തിയിട്ടില്ലാത്ത ഒരിനം കരഞണ്ടിനെയും ഗവേഷകർ കണ്ടെത്തി. വനങ്ങളുടെ പുനരുജ്ജീവനം മണ്ണൊലിപ്പ് കുറയ്ക്കാനും തീരപ്രദേശങ്ങളെയും ശുദ്ധജല സ്രോതസ്സുകളെയും സംരക്ഷിക്കാനും സഹായിക്കുമെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.
അധിനിവേശ ജീവികളെ നിയന്ത്രിക്കുന്നതിലൂടെ നാശത്തിന്റെ വക്കിലെത്തിയ ദ്വീപുകളിലെ ആവാസവ്യവസ്ഥയെ വീണ്ടെടുക്കാൻ കഴിയുമെന്നതിന്റെ ശ്രദ്ധേയമായ ഉദാഹരണമായാണ് നുഉതെലെ.








0 comments