Deshabhimani

ട്രെയിനിലെ ശുചിമുറിയില്‍ വെള്ളമില്ല; വഴിയിലിറങ്ങേണ്ടി വന്ന കുടുംബത്തിന് 16000 രൂപ നഷ്ടപരിഹാരം നൽകാൻ ഉത്തരവ്

railway
വെബ് ഡെസ്ക്

Published on Oct 28, 2026, 01:55 PM | 1 min read

ന്യൂഡൽഹി : ട്രെയിനിലെ ശുചിമുറിയിൽ വെള്ളമില്ലാത്തതിനെ തുടർന്ന് യാത്രാമധ്യേ ട്രെയിനിൽ നിന്ന് ഇറങ്ങി 24 അം​ഗ കുടുംബം. സംഭവത്തിൽ സൗത്ത് വെസ്റ്റേൺ റെയിൽവേ കുറ്റക്കാരാണെന്ന് കണ്ടെത്തിയ കർണാടക ജില്ലാ ഉപഭോക്തൃ കോടതി യാത്രക്കാർക്ക് 16,000 രൂപയുടെ നഷ്ടപരിഹാരം നൽകാൻ ഉത്തരവിട്ടു.


സേവനത്തിൽ ഗുരുതരമായ വീഴ്ച വരുത്തിയതിന് ടിക്കറ്റ് തുകയായ 1,000 രൂപ തിരികെ നൽകാനും, 10,000 രൂപ നഷ്ടപരിഹാരമായും 5,000 രൂപ കോടതി ചെലവായും നൽകാൻ ഒക്ടോബർ 17ന് പുറപ്പെടുവിച്ച ഉത്തരവിൽ കമീഷൻ നിർദേശിച്ചു. ശിവമോ​ഗ സ്വദേശിയായ ടി നാഗേന്ദ്രയും കുടുംബവുമാണ് റെയിൽവേയ്ക്കെതിരെ ഉപഭോക്തൃ കമീഷനെ സമീപിച്ചത്.


2025 ഏപ്രിലിൽ നാല് കുട്ടികളും 20 മുതിർന്നവരും അടങ്ങുന്ന 24 അംഗ സംഘം തിരുപ്പതി-തിരുമല ക്ഷേത്ര ദർശനത്തിനായി പോയിരുന്നു. ഏപ്രിൽ 15 ന് ബംഗളൂരുവിലെ യശ്വന്ത്പൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ശിവമോ​ഗയിലേക്ക് പോകുന്നതിനായി 1,000 രൂപയ്ക്ക് സെക്കൻഡ് ക്ലാസ് ടിക്കറ്റെടുത്താണ് കയറിയത്.


എന്നാൽ ട്രെയിൻ യശ്വന്ത്പൂരിൽ നിന്ന് തുമകൂരിലേക്കുള്ള യാത്രാമധ്യേയാണ് കോച്ചിലെ ടോയ്‌ലറ്റുകളിൽ വെള്ളമില്ലെന്ന് ഇവർ കണ്ടെത്തിയത്. വെള്ളമില്ലാത്തതിനാൽ കൂടെയുണ്ടായിരുന്ന സ്ത്രീകൾക്കും കുട്ടികൾക്കും പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാൻ കഴിഞ്ഞില്ല. തുടർന്ന് നാഗേന്ദ്ര ട്രെയിനിലുണ്ടായിരുന്ന റെയിൽവേ പൊലീസിനോട് പരാതിപ്പെട്ടെങ്കിലും കാര്യമുണ്ടായില്ല. പകരം തുമകൂർ സ്റ്റേഷനിൽ ഇറങ്ങി സ്റ്റേഷൻ മാസ്റ്ററെ സമീപിക്കാൻ പൊലീസ് നിർദേശിച്ചു. തുമകൂരിൽ ഇറങ്ങിയ കുടുംബം 1,760 രൂപയ്ക്ക് പുതിയ ടിക്കറ്റുകൾ എടുത്ത് മറ്റൊരു എക്സ്പ്രസ് ട്രെയിനിൽ യാത്ര തിരിക്കുകയായിരുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home