Deshabhimani

ചേരാനല്ലൂർ വാഹനക്കുരുതി കേസിൽ അടിമുടി വിസ്‌മയം; ഇനിയും കാണാം ഇരട്ടിയായി

Cheranalloor Accident jayabalakrishnan Benz car

അപകടമുണ്ടാക്കിയ കാർ നമ്പർപ്ലേറ്റ് മാറ്റി 
സ്വകാര്യവ്യക്തിയുടെ പറമ്പിൽ എത്തിച്ചപ്പോൾ (ഇടത്), ജയബാലകൃഷ്ണൻ (വലത്)

വെബ് ഡെസ്ക്

Published on Oct 28, 2026, 02:40 PM | 3 min read

കൊച്ചി: ചേരാനല്ലൂർ വാഹനക്കുരുതിയിൽ പൊലീസിന്റെ ഒത്തുകളിയും വാഹന ഉടമയായ അഡീഷണൽ ജില്ലാ ജഡ്ജി റിനോ ഫ്രാൻസിസിന്‍റെ നിയമലംഘനങ്ങളും സംസ്ഥാനം എത്തിപ്പെട്ട ഗതികെട്ട അവസ്ഥയുടെ സൂചനകളാണ്‌. അനീതി പ്രതിരോധിക്കാൻ അഛന്റെ മൃതദേഹം ചിതയിലേക്കെടുക്കും മുന്പ്‌ ഒരു മകൾ തെരുവിലേക്കിറങ്ങേണ്ടി വന്നത്‌ മലയാളികൾക്കാകെ അപമാനമായി. നിയമപരമായ കാര്യങ്ങൾ നടപ്പാകാൻ ആ പെൺകുട്ടിയ്‌ക്ക്‌ ഓരോ നിമിഷവും പോരാടേണ്ടി വര്ികയാണ്‌. വെറും ആറു മാസംകൊണ്ട്‌ ഒരു സംസ്ഥാനത്തെ ക്രമസമാധാന, സുരക്ഷാ സംവിധാനങ്ങൾ അത്രയധികം മലീമസമായിരിക്കുന്നു.


കടുത്ത പ്രതിഷേധത്തെ തുടർന്ന് നാല് പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ്‌ ചെയത്‌ മുഖംരക്ഷിക്കാനുള്ള ശ്രമത്തിലായിരുന്നു സർക്കാർ. അതിലും അടങ്ങില്ലെന്ന്‌ മനസിലായപ്പോൾ കമീഷണറെ മാറ്റി. അതൊന്നും നീതി നടപ്പാക്കുന്നതിനുള്ള മാർഗങ്ങളല്ല. കുറ്റക്കാർക്കെതിരെ ന്യായമായ നടപടികൾ ഉണ്ടാകണം. റോഡിൽ കൊലചെയ്യപ്പെട്ട സാധു മനുഷ്യന്റെ കുടുംബത്തിന്‌ നീതി ലഭ്യമാകണം. അതത്ര എളുപ്പമല്ലെന്ന്‌ ഇതുവരെയുള്ള കേസിന്റെ സംഭവഗതികൾ സൂചിപ്പിക്കുന്നു.


Cheranalloor Accident Bhadra Keerthiചേരാനല്ലൂരിൽ അപകടത്തിൽ ആഡംബര കാർ ഇടിച്ചു മരിച്ച സ്‌കൂട്ടർ യാത്രക്കാരൻ ജയബാലകൃഷ്ണന് നീതി ആവശ്യപ്പെട്ട് ബന്ധുക്കൾക്കൊപ്പം ചേരാനല്ലൂർ പൊലീസ് സ്റ്റേഷന് മുന്നിലിരുന്ന് ഉപരോധിക്കുന്നതിനിടെ മകൾ ഭദ്ര കീർത്തി ചർച്ചയ്ക്കെത്തിയ കൊച്ചി ഡി സി പി അരുൺ കെ പവിത്രനുമായി സംസാരിക്കുന്നു. മകൻ ഭരത് ശങ്കറും സമീപം


ചേരാനല്ലൂർ വാഹനക്കുരുതി കേസിൽ അപകടം നടന്നതിന്റെ തൊട്ടടുത്ത മിനിറ്റു മുതൽ അട്ടിമറിനീക്കങ്ങൾ തുടങ്ങി. കേസിൽ കൃത്യമായ നടപടികളുമായി ഇടപെടേണ്ട പൊലീസും നീതി നടപ്പാക്കേണ്ട ജഡ്‌ജിയും നീതി നിഷേധിക്കാൻ അരയുംതലയും മുറുക്കി ഇറങ്ങിയിരിക്കുകയാണ്‌.

പൊലീസിന്റെ ഭാഗത്തു നിന്നാണ്‌ കേസൊതുക്കാനുള്ള നീക്കങ്ങൾ ആദ്യം തുടങ്ങിയത്‌. സംഭവസ്ഥലത്തുനിന്ന്‌ അതിവേഗം പ്രതിയായ പതിനേഴുകാരനെ സ്‌റ്റേഷനിൽ ഭദ്രമായി എത്തിച്ചു. അതേസമയം തന്നെ വാഹന ഉടമയായ ജഡ്‌ജിയെയും വിളിച്ചറിയിച്ചു. സ്‌റ്റേഷനിലേക്കു കുതിച്ച ജഡ്‌ജി അതിനിടെ തന്നെ മുകളിലുള്ളവരെ വിളിച്ച്‌ കാര്യങ്ങൾ വരുതിയിലാക്കുന്നതിനുള്ള കരുനീക്കങ്ങൾ നടത്തി.


സ്‌റ്റേഷനിലെത്തിച്ച പതിനേഴുകാരന്‌ ഏതാനും മണിക്കൂറുകൾക്കകം ലഘുവായ വകുപ്പുകൾ മാത്രം ചുമത്തി ജാമ്യം നൽകി. അതിക്രൂരമായ അപകടത്തിൽ ഒരാൾ മരിച്ചിട്ടും പ്രതിക്കെതിരെ അശ്രദ്ധ മൂലമുള്ള മരണത്തിന് (BNS 106(1)) മാത്രം ചുമത്തി കേസെടുത്ത് വിട്ടയച്ചു. മൈനറായ പ്രതിയെ ജുവനൈൽ ജസ്‌റ്റിസ്‌ ബോർഡിനു മുന്നിൽ ഹാജരാക്കാതെ പൊലീസ്‌ ഒത്തുകളിക്കുകയായിരുന്നു. പ്രതിഷേധം കടുത്തപ്പോഴാണ്‌ ഇക്കാര്യത്തിലെങ്കിലും നിയമം നടപ്പായത്‌. അതിന്റെ പേരു പറഞ്ഞാണ്‌ പൊലീസുകാർക്ക്‌ സസ്‌പെൻഷൻ. ആരോ ഉന്നതർ പറഞ്ഞതു കേട്ട പൊലീസുകാരെ മാത്രം ശിക്ഷിച്ചതുകൊണ്ട്‌ എല്ലാമാകില്ല.


നിയമപരമായ കാര്യങ്ങൾ വൈകിപ്പിച്ചാൽ ഗുണം പ്രതിക്കു തന്നെയാണ്‌. ഇവിടെ എല്ലാം വൈകിപ്പിക്കാനാണ്‌ പൊലീസ്‌ ശ്രമിച്ചത്‌. എഫ്ഐആറിൽ ചേർക്കേണ്ട സുപ്രധാന വിവരങ്ങളും മറച്ചുവെച്ചു. പ്രതിയുടെയോ വാഹന ഉടമയുടെയോ പേര് ചേർക്കാതെ അൺനോണെന്നും ഡ്രൈവർ ഓഫ്‌ ബെൻസ്‌ കാർ എന്നുമാണ് രേഖപ്പെടുത്തിയത്. പ്രതി മൈനറാണെങ്കിൽ പോലും അവശ്യമായി രേഖപ്പെടുത്തേണ്ട കാര്യങ്ങൾ പലതും കരുതിക്കൂട്ടി ഒഴിവാക്കി.


അപകടം കഴിഞ്ഞയുടൻ സംഭവത്തെ കുറിച്ച്‌ അറിയാനും മറ്റു വിവരങ്ങൾ നൽകാനും സ്‌റ്റേഷനിലെത്തിയ മരിച്ചയാളുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്താനും അവരുടെ കൈയിലുണ്ടായ തെളിവുകൾ നശിപ്പിക്കാനും പൊലീസ്‌ അമിത വ്യഗ്രത കാണിച്ചു. നാട്ടുകാരും ബന്ധുക്കളും മൊബൈൽഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസുകാർ ബലമായി ഡിലീറ്റ് ചെയ്യിച്ചു. അപകടം വരുത്തിയ കാറിലുണ്ടായിരുന്ന ജഡ്‌ജിയുടെ ബോർഡും പൊലീസുകാർ രാത്രിക്കു രാത്രി ഒടിച്ചുകളിഞ്ഞിട്ടുണ്ട്‌. അതു ഘടിപ്പിച്ച ഇരുമ്പ് ക്ലാമ്പ് കസ്‌റ്റഡിയിലുള്ള കാറിൽ ഇപ്പോഴുമുണ്ട്‌.


വാഹനാപകട കേസ്‌ പരിഗണിക്കുന്ന ജഡ്‌ജി തന്നെ നടത്തിയ വാഹനനിയമലംഘനങ്ങളും കേസിലെ അനാവശ്യ ഇടപെടലും ഞെട്ടിക്കുന്നതാണ്‌. മൈനറായ മകന്‌ കാറും ബൈക്കും യഥേഷ്‌ടം ഓടിക്കാൻ നൽകുന്ന അഛനാണ്‌ ന്യായാധിപൻ. ലൈസൻസ് ഇല്ലാത്ത മകന് വാഹനം ഓടിക്കാൻ നൽകിയതിന് മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 199എ പ്രകാരം കാറുടമയായ ജഡ്ജി നേരിട്ട് കുറ്റക്കാരനാണ്.


മകൻ അപകടമുണ്ടാക്കിയ വിഷയത്തിൽ ഒരു ജഡ്‌ജി പൊലീസ്‌ സ്‌റ്റേഷനിൽ വരുന്നത്‌ മനസിലാക്കാം. എന്നാൽ, അവിടെ അയാൾക്ക്‌ ലഭിച്ച പരിഗണനയും കാര്യങ്ങളിൽ ഇടപെടാൻ നൽകിയ സ്വാതന്ത്ര്യവും നിയമവിരുദ്ധമാണ്‌. പൊലീസുകാർ അതിനെല്ലാം ഒത്താശയുമായി കൂട്ടുനിന്നു. പദവി ദുരുപയോഗത്തിൽ ജഡ്ജിയോട് ഹൈക്കോടതി വിശദീകരണം തേടിയിട്ടുണ്ട്. അത്രയെങ്കിലും ആശ്വാസം.


അടുത്തതായി അതീവ ഗുരുതരമായ ഒരു കുറ്റമാണ്‌ ജഡ്‌ജിക്കു മേലുള്ളത്‌. അപകടമുണ്ടാക്കിയ കെഎൽ 46 എഫ്‌ 0333 നന്പർ കറുത്ത ബെൻസ് കാറിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന്‌ മോട്ടോർ വാഹന വകുപ്പിന്റെ രേഖകൾ തെളിയിക്കുന്നു. മോട്ടോർ വാഹന വകുപ്പിന്റെ പരിവാഹൻ സൈറ്റിലെ രേഖകൾ പ്രകാരം ഇത്‌ ഒരു 'ഫോർഡ് ഫിയസ്റ്റ' കാറിന്റെ നന്പറാണ്‌. ഇത്തരത്തിൽ ബെൻസിനേക്കാൾ വില കുറഞ്ഞ മറ്റൊരു കാറിന്റെ നമ്പർ ബെൻസിൽ ഉപയോഗിക്കുന്നത്‌ നികുതി കുറച്ച് കിട്ടാനും ഇൻഷുറൻസ് തുക കുറയ്‌ക്കാനുമുള്ള തട്ടിപ്പിനാണ്‌.


മോട്ടോർ വാഹന വിഷയങ്ങൾ പരിഗണിക്കുന്ന ജഡ്‌ജി തന്നെ ഇത്തരം ക്രിമിനൽ കുറ്റങ്ങൾ ചെയ്യുന്നത്‌ ഒരു തരത്തിലും അംഗീകരിക്കാൻ കഴിയില്ല. ഇത്തരക്കാർ ഒരു നിമിഷം പോലും ആസ്ഥാനത്തിരിക്കാൻ യോഗ്യരുമല്ല. ജഡ്ജിക്കെതിരായ ആരോപണങ്ങളെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം നടക്കുന്നുണ്ട്‌. അതും വഴിതെറ്റിക്കാൻ ആരെല്ലാം ഇടപെടുമെന്ന ആശങ്ക കുടുംബത്തിനുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home