വിജിലൻസിലെ വിവരാവകാശ വിലക്ക്; സർക്കാരിന് നോട്ടീസയച്ച് ഹൈക്കോടതി

കൊച്ചി: വിജിലൻസിലെ ടി സെക്ഷനിൽ വിവരവകാശത്തിന് വിലക്കേർപ്പെടുത്തിയ നടപടിയിൽ സർക്കാരിന് ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചയ്ക്കകം മറുപടി നൽകണം. ഉന്നത വ്യക്തികളുടെ ഫയലുകളും രഹസ്യാന്വേഷണ വിവരങ്ങളും കൈകാര്യം ചെയ്യുന്ന ടി 1, ടി 2 സെക്ഷനുകളെയാണ് സർക്കാർ വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയിരുന്നത്.
രാഷ്ട്രീയനേതാക്കൾ, ജനപ്രതിനിധികൾ തുടങ്ങിയവർ ഉൾപ്പെടുന്ന കേസുകളിലെ നിർണായക വിവരങ്ങൾ കൈകാര്യം ചെയ്യുന്ന വിഭാഗമാണ് വിജിലൻസിലെ ടി സെക്ഷൻ. പുതിയ ഉത്തരവിറങ്ങിയതോടെ ഈ വിവരങ്ങളൊന്നും പൊതുജനങ്ങൾക്ക് ലഭിക്കില്ലായിരുന്നു.
രാഷ്ട്രീയ നേതാക്കളടക്കൻ ഉൾപ്പെടുന്ന കേസുകളെ സംബന്ധിച്ച വിവരങ്ങൾ ജനങ്ങളിൽ നിന്ന് മറച്ചുവയ്ക്കാനുള്ള നീക്കമാണ് സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായത്. ഏതൊക്കെ തരം കേസുകളാണ് വിവരാവകാശ പരിധിയിൽ നിന്ന് ഒഴിവാക്കിയതെന്നതിനെ സംബന്ധിച്ച വിവരങ്ങളും മൂന്നാഴ്ചയ്ക്കകം കോടതിയിൽ ഹാജരാക്കണം.
ഭരണകൂടത്തിൻറെ പ്രവർത്തനങ്ങളിൽ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പുവരുത്തുന്നതിനായി 2005ൽ ഇന്ത്യയിൽ നിലവിൽ വന്ന ചരിത്രപരമായ ഒരു നിയമമാണ് വിവരവകാശ നിയമം (ആർടിഐ). ഇടതുപക്ഷത്തിന്റെ ശക്തമായ ഇടപെടൽ നിയമം വന്നതിന് പിന്നിലുണ്ട്.
സർക്കാർ സ്ഥാപനങ്ങളുടെ പക്കലുള്ള പൊതുവിവരങ്ങൾ അറിയാൻ ഏതൊരു ഇന്ത്യൻ പൗരനും ഈ നിയമം വഴി അവകാശമുണ്ട്. അഴിമതി നിർമാർജനം ചെയ്യുക, ജനങ്ങൾക്ക് ഭരണകാര്യങ്ങളിൽ പങ്കാളിത്തം നൽകുക, ജനാധിപത്യം കൂടുതൽ ശക്തമാക്കുക എന്നിവയാണ് ഇതിന്റെ പ്രധാന ലക്ഷ്യങ്ങൾ.
സുരക്ഷ, പ്രതിരോധം തുടങ്ങിയ അതീവ രഹസ്യ സ്വഭാവമുള്ള ചില മേഖലകളെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും, സാധാരണയായി അപേക്ഷ സമർപ്പിച്ച് 30 ദിവസത്തിനകം അധികാരികൾ ആവശ്യപ്പെടുന്ന വിവരങ്ങൾ നൽകാൻ ബാധ്യസ്ഥരാണ്. പൗരന്മാരെ ശാക്തീകരിക്കുന്നതിൽ ഈ നിയമം വലിയൊരു പങ്കുവഹിക്കുന്നു.









0 comments