ജനകീയ വികസനമാതൃകയെ സർക്കാർ തകർക്കുന്നു; സാമൂഹ്യരംഗത്തെ നിക്ഷേപത്തെ വാണിജ്യ ലാഭമായി കാണരുത്: പ്രതിപക്ഷനേതാവ്

പിണറായി വിജയൻ
തിരുവനന്തപുരം: കിഫ്ബിക്കെതിരെ നാളുകളായി ഗൂഢനീക്കം നടന്നുവരികയാണെന്ന് പ്രതിപക്ഷനേതാവ് പിണറായി വിജയൻ പറഞ്ഞു. പശ്ചാത്തലസൗകര്യ വികസനത്തിൽ ഫലപ്രദമായ പങ്ക് കിഫ്ബിക്കുണ്ട്. നാടിന്റെ ജനകീയ വികസനമാതൃകയെയാണ് യുഡിഎഫ് സർക്കാർ തകർക്കാൻ ശ്രമിക്കുന്നതെന്നും പ്രതിപക്ഷനേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കിഫ്ബിയുടെ വായ്പ തിരിച്ചടയ്ക്കാൻ കഴിയുന്നില്ലെന്നാണ് മുഖ്യമന്ത്രി പറയുന്നത്. എന്നാൽ നികുതി വരുമാനത്തിൽനിന്ന് ഒരുഭാഗം കിഫ്ബിക്ക് നൽകുന്നുണ്ട്. ഇപ്പോഴത്തെ അവസ്ഥയിൽ തിരിച്ചടവിന് ഒരുപ്രയാസവുമില്ല.
കിഫ്ബി വരുമാനദായകമല്ലെന്നും സർക്കാർ വാദിക്കുന്നുണ്ട്. സാമൂഹ്യരംഗത്തുള്ള ഇടപെടലും അതിലുള്ള നിക്ഷേപവും വാണിജ്യ-വായ്പാ രംഗത്തെ കണക്ക് ശാസ്ത്രം അനുസരിച്ച് ലാഭമായിരിക്കില്ല. ആശുപത്രികളുടെ വികസനവും സ്കൂളുകൾ മെച്ചപ്പെടുത്തുന്നതും സാമൂഹ്യരംഗത്തെ നിക്ഷേപമാണ്. അതൊക്കെ ലാഭമല്ല എന്ന് പറഞ്ഞ് തള്ളിക്കളയുന്നത് ശരിയല്ല.
വലിയതോതിൽ ഭൂമി ഏറ്റെടുത്തു എന്ന ആക്ഷേപവും കിഫ്ബിക്കെതിരെ ഉന്നയിക്കുന്നുണ്ട്. അവശ്യംവേണ്ട കാര്യങ്ങൾക്ക് മാത്രമാണ് ഭൂമി ഏറ്റെടുത്തത്. ആകെ ചെലവഴിച്ചതിന്റെ നേരിയ ശതമാനം മാത്രമാണ് ഭൂമിയേറ്റെടുക്കലനായി ചെലവഴിച്ചത്. റവന്യു വകുപ്പ് നിയമം അനുസരിച്ച് ഭൂമിയേറ്റെടുക്കുമ്പോൾ കമ്പോളവിലയേക്കാൾ കൂടുതൽ നൽകണം. കമ്പോള വിലയുമായി താരതമ്യപ്പെടുത്തുന്നത് അസംബന്ധമാണ്. സംസ്ഥാന സർക്കാരിനുവേണ്ടിയുള്ള കമീഷനാണ് സുധാപിള്ളയുടേത്.
കേന്ദ്രസർക്കാരിനെ ശരിവെച്ച് കിഫ്ബി നിലനിൽക്കേണ്ടതില്ലെന്ന നിലപാട് സർക്കാർ സ്വീകരിക്കുമ്പോൾ സുപ്രീംകോടതിയിലെ കേസ് ദുർബലപ്പെട്ടേക്കാം. കോർപറേറ്റ്‍വത്കരണമാണ് കേന്ദ്രസർക്കാരിന്റെ നയം. ഇതിന്റെ പിന്തുടർച്ചക്കാരായി യുഡിഎഫ് സർക്കാർ മാറുകയാണെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.









0 comments