തിരുവനന്തപുരത്തുനിന്നും യൂറോപ്യൻ യൂണിയനിലേക്ക് കാർഗോ കയറ്റുമതി; കാർഷികമേഖയ്ക്ക് ഉണർവേകും

തിരുവനന്തപുരം : കരിപ്പൂർ വിമാനത്താവളത്തിനു പുറമെ തിരുവനന്തപുരത്തു നിന്നും യൂറോപ്യൻ യൂണിയനിലേക്ക് നേരിട്ട് കാർഗോ കയറ്റുമതി ചെയ്യാം. കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡിന് (കെഎസ്ഐഇ) അന്താരാഷ്ട്ര റെഗുലേറ്റഡ് ഏജന്റ് (RA3 (റെഗുലേറ്റഡ് ഏജന്റ് ഇൻ എ തേർഡ് കൺട്രി) ) അംഗീകാരം ലഭിച്ചതോടെയാണ് കയറ്റുമതിക്ക് അവസരമൊരുങ്ങിയത്. ചൊവ്വാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് യൂറോപ്യൻ യൂണിയനിലേക്കുള്ള ആദ്യ ചരക്കുനീക്കവും നടന്നു.
യൂറോപ്യൻ യൂണിയൻ രാജ്യങ്ങളിലേക്ക് നേരിട്ട് ചരക്കുകൾ കയറ്റുമതി ചെയ്യുന്നതിന് RA3 അംഗീകാരം അനിവാര്യമാണ്. പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, പൂക്കൾ തുടങ്ങിയവയുടെ കയറ്റുമതിക്ക് പുതിയ അംഗീകാരം ഏറെ സഹായകമാകും. ഗൾഫ് രാജ്യങ്ങളിലേക്കു മാത്രമായിരുന്നു നിലവിൽ കാർഗോ കയറ്റുമതിക്ക് അനുമതിയുണ്ടായിരുന്നത്.
കഴിഞ്ഞ എൽഡിഎഫ് സർക്കാരാണ് അന്താരാഷ്ട്ര കയറ്റുമതിക്ക് യൂറോപ്പിനെകൂടി ഉൾപ്പെടുത്താനുള്ള ശ്രമങ്ങൾ ആരംഭിച്ചത്. അന്നത്തെ മന്ത്രിയായിരുന്ന പി രാജീവിന്റെ ഇടപെടൽ കയറ്റുമതിക്ക് കൂടുതൽ മികവ് നൽകാൻ കാരണമായി.സംസ്ഥാനത്തെ വിമാനത്താവളങ്ങളുടെ വളർച്ചക്കും വരുമാനത്തിനും പുതിയ അനുമതി വേഗം കൂട്ടും. തിരുവനന്തപുരം, കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ എയർ കാർഗോ ടെർമിനലുകൾക്ക് യൂറോപ്യൻ യൂണിയൻ അംഗീകരിച്ച സുരക്ഷാ കേന്ദ്രങ്ങളായി പ്രവർത്തിക്കാനും സാധിക്കും.
സംസ്ഥാന വ്യവസായ വകുപ്പിനുകീഴിലെ കേരള സ്റ്റേറ്റ് ഇൻഡസ്ട്രിയൽ എന്റർപ്രൈസസ് ലിമിറ്റഡ് ആണ് വിമാനത്താവളത്തിൽ കാർഗോ കയറ്റുമതി നിയന്ത്രിക്കുന്നത്. ബ്രിട്ടനിൽനിന്നുള്ള അംഗീകൃത RA3 വാലിഡേറ്റർ ജാൻ കാപി കേരളത്തിലെത്തി തിരുവനന്തപുരം, കോഴിക്കോട് വിമാനത്താവളങ്ങളിലെ കാർഗോ ടെർമിനലുകൾ പരിശോധിച്ചിരുന്നു. സുരക്ഷാ സംവിധാനങ്ങൾ, പരിശോധനാ ഉപകരണങ്ങൾ, ജീവനക്കാരുടെ പരിശീലനം, രേഖകൾ എന്നിവ വിശദമായി വിലയിരുത്തിയ ശേഷമാണ് അംഗീകാരം നൽകിയത്. തിങ്കളാഴ്ചയാണ് കെഎസ്ഐഇക്ക് ഔദ്യോഗികമായി RA3 സർട്ടിഫിക്കറ്റ് ലഭിച്ചത്.
ചരക്കുനീക്കത്തിൽ പുത്തൻ ഉണർവ്
പച്ചക്കറികൾ, സുഗന്ധവ്യഞ്ജനങ്ങൾ, കൈത്തറി ഉൽപ്പന്നങ്ങൾ, സമുദ്രോൽപ്പന്നങ്ങൾ, പൂക്കൾ എന്നിവ ഇനി നേരിട്ട് കേരളത്തിൽ നിന്ന് യൂറോപ്യൻ യൂണിയനിലേക്ക് കയറ്റുമതി ചെയ്യാം. നിലവിൽ ദുബായ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ ഇറക്കി പരിശോധന പൂർത്തിയാക്കിയ ശേഷമാണ് ഇയുവിലേക്ക് എത്തിക്കുന്നത്. ഇനി ഈ പരിശോധന ഒഴിവാക്കാം. സമയലാഭവുമുണ്ടാകും. ഗൾഫ് വിപണികൾക്കു പുറമെ യൂറോപ്യൻ വിപണി കൂടി തുറക്കുന്നത് സംസ്ഥാനത്തെ കാർഷിക മേഖലയ്ക്ക് വൻ ഉണർവാകും. കേരളത്തിൽ നിന്നുള്ള പല ഉൽപ്പന്നങ്ങൾക്കും വിദേശ രാജ്യങ്ങളിൽ വൻ ഡിമാൻഡുണ്ട്. ഇനി ഇവ മുമ്പത്തേക്കാൾ കുറഞ്ഞ സമയത്തിൽ എത്തിക്കാൻ സാധിക്കുമെന്നത് കൂടുതൽ കയറ്റുമതി ഓർഡറുകൾ ലഭിക്കാൻ സഹായിക്കും.









0 comments