ശമ്പളം തിരികെ വാങ്ങുന്ന കമ്പനികളെ പിടികൂടൽ: ഇലക്ട്രോണിക് സംവിധാനവുമായി കുവൈത്ത്

കുവൈത്ത് സിറ്റി: തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടുകളിൽ നിക്ഷേപിച്ച ശമ്പളം നിർബന്ധിച്ച് തിരികെ വാങ്ങുന്ന കമ്പനികളെ കണ്ടെത്താൻ പുതിയ ഇലക്ട്രോണിക് നിരീക്ഷണ സംവിധാനവുമായി കുവൈത്ത്. സെൻട്രൽ ബാങ്കുമായി സഹകരിച്ച് മാനവശേഷി അതോറിറ്റിയാണ് സംവിധാനം നടപ്പാക്കാൻ തയ്യാറെടുക്കുന്നത്. ശമ്പളം അക്കൗണ്ടിൽ നിക്ഷേപിച്ചശേഷം തുക പൂർണമായോ ഭാഗികമായോ പിൻവലിച്ച് തിരികെ നൽകാൻ തൊഴിലാളികളെ നിർബന്ധിക്കുന്ന പ്രവണത തടയുകയാണ് ലക്ഷ്യം. തൊഴിലാളികൾക്ക് ശമ്പളം യഥാർഥത്തിൽ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനാണ് നടപടി.
ശമ്പളം നിക്ഷേപിച്ചതിന് പിന്നാലെയുള്ള പണം പിൻവലിക്കൽ ഉൾപ്പെടെ സംശയാസ-്പദമായ ഇടപാടുകൾ പുതിയ സംവിധാനം സ്വയമേവ നിരീക്ഷിക്കും. ഇതിലൂടെ കണ്ടെത്തുന്ന നിയമലംഘനങ്ങളിലും തൊഴിലാളികളിൽനിന്ന് ലഭിക്കുന്ന പരാതികളിലും അടിയന്തര നടപടി സ്വീകരിക്കും. തുടർനടപടികൾക്കായി കേസുകൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറും. ശമ്പളവിതരണം ഇലക്ട്രോണിക് സംവിധാനത്തിലൂടെ പരിശോധിക്കാനുള്ള എട്ട് ഘട്ടങ്ങൾ മാനവശേഷി അതോറിറ്റിയുടെ സമീപകാല റിപ്പോർട്ടിൽ വിശദീകരിച്ചിട്ടുണ്ട്.
തൊഴിലുടമ ശമ്പളവിതരണത്തിനുള്ള അപേക്ഷ സമർപ്പിക്കുന്നതോടെ ആരംഭിക്കുന്ന നടപടിക്രമം പരിശോധനാഫലം അതോറിറ്റിക്ക് ഇലക്ട്രോണിക് മാർഗം കൈമാറുന്നതോടെ പൂർത്തിയാകും. ശമ്പളവിവരം സ്വീകരിക്കുക, പരിശോധിക്കുക, രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ വിവരങ്ങളുമായി ഒത്തുനോക്കുക, അംഗീകാരം നൽകുക, പണം കൈമാറുക തുടങ്ങിയവ ഇതിന്റെ ഭാഗമാണ്. അതേസമയം, ശമ്പളവിതരണ നിബന്ധനകൾ പാലിക്കുന്നതുമായി ബന്ധപ്പെട്ട് കമ്പനികൾ സമർപ്പിച്ച അപേക്ഷകളുടെ എണ്ണത്തിൽ വൻ വർധനയുണ്ടായി. 2026 ജനുവരിമുതൽ സെപ്തംബർവരെ 93,865 അപേക്ഷയാണ് ലഭിച്ചത്. മുൻവർഷം ഇതേ കാലയളവിൽ ലഭിച്ച 31,757 അപേക്ഷകളെ അപേക്ഷിച്ച് 195.6 ശതമാനമാണ് വർധന.








0 comments