Deshabhimani

തോൽവിക്ക് പിന്നാലെ രാജ്യംവിട്ട് ഫ്ലാവിയോ; നാണക്കേടെന്ന് ലുല

 Flavio Bolsonaro

ഫ്ലാവിയോ ബോൾസനാരോ

വെബ് ഡെസ്ക്

Published on Oct 28, 2026, 09:41 AM | 1 min read

ബ്രസീലിയ: ബ്രസീൽ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട തീവ്ര വലതുപക്ഷ സ്ഥാനാർഥിയും സെനറ്ററുമായ ഫ്ലാവിയോ ബോൾസനാരോ രാജ്യംവിട്ടു. കള്ളപ്പണം വെളുപ്പിക്കൽ കേസിലും സാമ്പത്തിക ക്രമക്കേടുകളിലും അന്വേഷണം നേരിടുന്ന ഫ്ലാവിയോയോട് 24 മണിക്കൂറിനകം പാസ്പോർട്ട് ഹാജരാക്കാൻ പരമോന്നത തെരഞ്ഞെടുപ്പ്‌ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ ഫ്ലാവിയോ ഇതിന് തയ്യാറായില്ല. തുടർന്നാണ് ബ്രസീലിൽനിന്ന് ഒളിച്ചോടിയത്.


ഫ്ലാവിയോ അമേരിക്കയിലെത്തിയതായാണ് റിപ്പോർട്ട്. കുടുംബത്തിനൊപ്പം മിയാമിയിലെത്തിയ ഫ്ലാവിയോയെ സഹോദരൻ എഡ്വാർഡോ സ്വീകരിച്ചതായി വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ കടുത്ത അനുകൂലിയായ ഫ്ലാവിയോയ്ക്ക് വിസ അനുവദിക്കുമെന്നും അഭയം നൽകുമെന്നും യുഎസ് നേരത്തെ അറിയിച്ചിരുന്നു.


ഫ്ലാവിയോയുടെ ഒളിച്ചോട്ടം നാണക്കേടാണെന്ന് ബ്രസീൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ഇടതുപക്ഷ നേതാവ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവ പ്രതികരിച്ചു.


ചൂതാട്ട കമ്പനികളും പേയ്‌മെന്റ് പ്ലാറ്റ്‌ഫോമുകളും വഴി കോടികളുടെ കള്ളപ്പണം വെളുപ്പിച്ചുവെന്ന ഗുരുതര കുറ്റകൃത്യത്തിലാണ് ഫ്ലാവിയോ ബ്രസീലിൽ അന്വേഷണം നേരിടുന്നത്. കേസിന്റെ ഭാഗമായി 600 കോടി റിയാൽ മൂല്യമുള്ള ആസ്തികൾ മരവിപ്പിക്കാൻ കോടതി ഉത്തരവിട്ടിരുന്നു. മുൻ ഏകാധിപതി ജയ്ർ ബോൾസനാരോയുടെ രാഷ്ട്രീയ ജീവിതത്തെക്കുറിച്ചുള്ള "ഡാർക്ക് ഹോഴ്സ്" എന്ന സിനിമക്കായി നിയമവിരുദ്ധമായി ഫണ്ട്‌ സമാഹരിച്ചതിലും അന്വേഷണം നടക്കുകയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home