എണ്ണച്ചോർച്ച: തീരം വൃത്തിയാക്കൽ പോര; കടൽ ആവാസവ്യവസ്ഥയുടെ വീണ്ടെടുപ്പും ഉറപ്പാക്കണം

യുഎഇയിൽ ഉമ്മുൽ ഖുവൈൻ തീരത്ത് എണ്ണടാങ്കറിൽ നിന്നുണ്ടായ ചോർച്ച
ദുബായ്: യുഎഇയുടെ വടക്കൻ തീരങ്ങളിൽ എണ്ണച്ചോർച്ചയെത്തുടർന്ന് ശുചീകരണ പ്രവർത്തനങ്ങൾ തുടരുന്ന സാഹചര്യത്തിൽ കടൽത്തീരങ്ങൾ വൃത്തിയാക്കുന്നതു മാത്രമല്ല പരിസ്ഥിതി വീണ്ടെടുപ്പ് ഉറപ്പാക്കുന്നതും പ്രധാനമാണെന്ന് വിദഗ്ധർ. കടൽജലം, സമുദ്രത്തിലെ ആവാസവ്യവസ്ഥകൾ, മത്സ്യങ്ങൾ, കടലാമകൾ, പക്ഷികൾ എന്നിവയുടെ ആരോഗ്യനില ദീർഘകാലം നിരീക്ഷിക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
എണ്ണയുടെ ഇനം, ചോർച്ചയുണ്ടായ സ്ഥലം, എണ്ണ പടരുന്ന ദിശ, നിയന്ത്രണ നടപടികളുടെ വേഗം എന്നിവയാണ് പരിസ്ഥിതി ആഘാതത്തിന്റെ വ്യാപ്തി നിർണയിക്കുന്നത്. കാറ്റ്, വേലിയേറ്റം, കടലൊഴുക്ക്, തിരമാലകൾ എന്നിവയും എണ്ണയുടെ വ്യാപനത്തെ സ്വാധീനിക്കും.
കാനേഡിയൻ സർവകലാശാല ദുബായിലെ ആരോഗ്യശാസ-്‌ത്രം, ഡിജിറ്റൽ നവീകരണം, സുസ്ഥിരത വിഭാഗം മേധാവി ഡോ. അസീൽ തക്ഷേയുടെ അഭിപ്രായത്തിൽ, തീരങ്ങളിൽ കാണുന്ന എണ്ണ നീക്കം ചെയ-്‌താലും കടലിന്റെ അടിത്തട്ടിലെ അവശിഷ-്‌ടങ്ങളിലും സംരക്ഷിത തീരമേഖലകളിലും എണ്ണയുടെ അംശം നിലനിൽക്കാൻ സാധ്യതയുണ്ട്. ഇത് സമുദ്രജീവികളെ ദീർഘകാലം ബാധിച്ചേക്കാം.
ഉമ്മുൽ ഖുവൈനിലെ ഖോർ അൽ ബൈദ, അൽ സിനിയ ദ്വീപ് മേഖലകളിൽ കണ്ടൽക്കാടുകൾ, കടൽപ്പുല്ല് മേഖലകൾ, ചെളിത്തീരങ്ങൾ, പവിഴപ്പുറ്റുകൾ എന്നിവയുൾപ്പെടെ സമ്പന്നമായ ആവാസവ്യവസ്ഥകളുണ്ട്. കടലാമകൾക്ക് ഭക്ഷണം ലഭിക്കുന്ന ഇടങ്ങൾ, മത്സ്യങ്ങളുടെ പ്രജനനകേന്ദ്രങ്ങൾ, സ്രാവുകൾ, തിരണ്ടികൾ, ദേശാടനപ്പക്ഷികൾ എന്നിവയുടെ ആവാസമേഖലകൾ എന്ന നിലയിലും ഇവ പ്രധാനമാണ്.
മണൽത്തീരങ്ങൾ വേഗത്തിൽ വീണ്ടെടുക്കാൻ കഴിയുമെങ്കിലും കണ്ടൽക്കാടുകൾ, കടൽപ്പുല്ല് മേഖലകൾ, പവിഴപ്പുറ്റുകൾ എന്നിവയുടെ സ്വാഭാവിക നില വീണ്ടെടുക്കാൻ വർഷങ്ങളെടുത്തേക്കാം. ശുചീകരണത്തിനിടെ ഇത്തരം ദുർബലമായ ആവാസവ്യവസ്ഥകൾക്ക് കൂടുതൽ നാശമുണ്ടാകാതിരിക്കാനും ശ്രദ്ധിക്കണം.
എണ്ണയുടെ അംശം കടൽജലത്തിലും അടിത്തട്ടിലെ അവശിഷ-്‌ടങ്ങളിലും തുടരുന്നുണ്ടോയെന്നും കണ്ടൽക്കാടുകൾ, കടൽപ്പുല്ലുകൾ, പവിഴപ്പുറ്റുകൾ എന്നിവയുടെ നില എങ്ങനെയാണെന്നും അധികൃതർ തുടർച്ചയായി പരിശോധിക്കണം. മത്സ്യങ്ങൾ, കടലാമകൾ, കടൽപ്പക്ഷികൾ എന്നിവയുടെ എണ്ണത്തിലും ആരോഗ്യനിലയിലും അസാധാരണമായ മാറ്റങ്ങളുണ്ടോയെന്നും നിരീക്ഷിക്കണം.
കാലാവസ്ഥാ വ്യതിയാനങ്ങൾക്കും വിവിധ ഋതുക്കൾക്കും അനുസരിച്ച് തുടർച്ചയായ പരിശോധനകൾ നടത്തുന്നത് പരിസ്ഥിതി വീണ്ടെടുപ്പിന്റെ പുരോഗതി വിലയിരുത്താനും ആവശ്യമായ പുനഃസ്ഥാപന നടപടികൾ സ്വീകരിക്കാനും സഹായിക്കുമെന്ന് ഡോ. അസീൽ തക്ഷേ പറഞ്ഞു.
ഉമ്മുൽ ഖുവൈനിലെ തീരങ്ങളിൽ എണ്ണമലിനീകരണം കണ്ടെത്തിയതിനെത്തുടർന്ന് ഫെഡറൽ, പ്രാദേശിക അധികൃതർ ഏകോപിതമായി നടപടികൾ സ്വീകരിച്ചുവരികയാണ്. ഉമ്മുൽ ഖുവൈൻ, ഷാർജ, റാസൽഖൈമ എന്നിവിടങ്ങളിലെ ചില കടൽത്തീരങ്ങൾ താൽക്കാലികമായി അടച്ചിരുന്നു. ടാങ്കറിൽനിന്നുണ്ടായ എണ്ണച്ചോർച്ചയാണ് വടക്കൻ എമിറേറ്റുകളുടെ ചില ഭാഗങ്ങളിൽ അസാധാരണ ഗന്ധത്തിന് കാരണമായതെന്ന് കാലാവസ്ഥാ വ്യതിയാന-പരിസ്ഥിതി മന്ത്രാലയം അറിയിച്ചിരുന്നു.








0 comments