ജാമിയ മിലിയയിൽ പ്രതികാരനടപടി തുടരുന്നു; നിരാഹാരം 16-ാം ദിവസം, ഗേറ്റുകൾ അടച്ചിട്ട് അധികൃതർ

ന്യൂഡൽഹി: ജാമിയ മിലിയ സർവകലാശാലയിലെ വിദ്യാർത്ഥി പ്രതിഷേധങ്ങളോട് പ്രതികാരനടപടികളുമായി അധികൃതർ. പ്രദേശത്ത് കൂട്ടം കൂടുന്നവർക്കെതിരെ നിയമനടപടി സ്വീകരിക്കാനായി പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. എസ്‌എഫ്‌ഐ പ്രവർത്തകരായ അൻഷിദ്, സഹീർ, അൽ അമീൻ എന്നിവരും കസ്റ്റഡിയിലായി.
ക്യാമ്പസിലേക്ക് പുറത്തുനിന്നുള്ള ആളുകളെ കയറ്റിവിടാതിരിക്കാൻ ഗേറ്റുകൾ പൂട്ടിയിരിക്കുകയാണ്. വിദ്യാർത്ഥികളുടെ നിരാഹാരസമരം 16-ാം ദിവസമായിട്ടും നിഷേധാത്മക നിലപാട് തന്നെയാണ് മാനേജ്മെന്റിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത്.
സമരം അടിച്ചമർത്തുന്നതിന്റെ ഭാഗമായി നേരത്തെ ക്ലാസുകൾ ഓൺലൈൻ രീതിയിലേക്ക് മാറ്റിയിരുന്നു. മുഴുവൻ വിദ്യാർഥികളോടും ഹോസ്റ്റലിൽനിന്ന് ഒഴിയാനും നിർദേശിച്ചു. വിദ്യാർഥികൾ ഇത് നിരസിച്ച് സർവകലാശാലയിൽ തുടരുകയാണ്.
മലയാളി നിയമ വിദ്യാർഥി എബിൻ ബേസിൽ, റിഹാൻ ഖാൻ, അബുസാർ, റിതിക്, അൽതാഫ് എന്നിവരാണ് നിരാഹാരമിരിക്കുന്നത്. എബിൻ ബേസിൽ 16 ദിവസവും റിഹാൻ ഖാൻ 13 ദിവസവുമായി നിരാഹത്തിലാണ്. വിദ്യാർഥി യൂണിയൻ പുനഃസ്ഥാപിക്കാമെന്ന് സർവകലാശാല ഉത്തരവിറക്കിയിരുന്നു. എന്നാൽ ഉത്തരവിൽ വ്യക്തതയില്ലാത്തതിനാൽ വിദ്യാർഥികൾ സമരം ഇപ്പോഴും തുടരുകയാണ്.








0 comments