ad
Deshabhimani

100 മീറ്ററിൽ താരങ്ങളായി ദേവപ്രിയയും അതുലും , നേരിട്ടും ഫോണിലൂടെയും അഭിനന്ദിച്ച്‌ മുൻ റെക്കോഡുകാർ

print edition പതിറ്റാണ്ടിന്റെ 
പൊന്നുമ്മകൾ ; ദേവപ്രിയ മായ്‌ച്ചത്‌ 38 വർഷം, അതുൽ പിന്തള്ളിയത്‌ 37 വർഷം

State School Sports Meet
avatar
പ്രദീപ്‌ ഗോപാൽ

Published on Oct 24, 2025, 03:05 AM | 1 min read


തിരുവനന്തപുരം

ഒരു നിമിഷം, രണ്ട്‌ ഘടികാരങ്ങൾ നിലച്ചു. മഴത്തണുപ്പുള്ള സന്ധ്യയിലും ട്രാക്ക്‌ തെളിഞ്ഞു. രണ്ട്‌ പുതിയ സമയങ്ങൾ. മാഞ്ഞുപോയതിലൊന്ന്‌ 38 വർഷം. മറ്റൊന്ന്‌ 37 വർഷം. കേരളത്തിന്റെ അഭിമാന ട്രാക്കിൽ രണ്ട്‌ നക്ഷത്രങ്ങൾ ഉദിച്ചു– ദേവപ്രിയ ഷൈബുവും ടി എം അതുലും. സംസ്ഥാന സ്‌കൂൾ അത്‌ലറ്റിക്‌സ്‌ ചരിത്രത്തിലെ ഏറ്റവും പഴക്കമുള്ള രണ്ട്‌ റെക്കോഡുകൾ തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ മിനിറ്റുകളുടെ വ്യത്യാസത്തിൽ തകർന്നുവീഴുന്നത്‌ കണ്ട്‌ സ്റ്റേഡിയം കോരിത്തരിച്ചു.


സബ്‌ ജൂനിയർ പെൺകുട്ടികളുടെ 100 മീറ്റർ ഓട്ടത്തിൽ കണ്ണൂ‍ർ സ്‌പോർട്‌സ്‌ ഡിവിഷനിലെ ബിന്ദു മാത്യു 1987ൽ കുറിച്ച 12.70 സെക്കൻഡ്‌ ഇടുക്കി കാൽവരിമ‍ൗണ്ട്‌ സി എച്ച്‌ എസിലെ ദേവപ്രിയ തിരുത്തി (12.69 സെക്കൻഡ്‌). ജൂനിയർ ആൺകുട്ടികളുടെ 100 മീറ്ററിൽ ജിവി രാജ സ്‌പോർട്‌സ്‌ സ്‌കൂ‍ളിലെ രാംകുമാർ 1988ൽ കുറിച്ച 10.90 സെക്കൻഡ്‌ ആലപ്പുഴ ചാരമംഗലം ഗവ. ഡിവിഎച്ച്‌എസ്‌എസിലെ അതുലും മായ്‌ച്ചു. 10.81 സെക്കൻഡാണ്‌ പുതിയ സമയം.


ഹീറ്റ്‌സിൽ 10.79 സെക്കൻഡും കുറിച്ചിരുന്നു. ദേവപ്രിയയെ മുൻ റെക്കോഡുകാരി ബിന്ദു മാത്യു ഫോണിൽ വിളിച്ച്‌ അഭിനന്ദിച്ചപ്പോൾ അതുലിന്‌ സമ്മാനപ്പൊതിയുമായി മുൻ റെക്കോഡുകാരൻ രാംകുമാറെത്തിയത്‌ വൈകാരികമായ നിമിഷങ്ങളായി. രണ്ട്‌ തലമുറകൾ സ്‌നേഹത്തോടെ പുണരുന്ന കാഴ്‌ച. റെയിൽവേ ഉദ്യോഗസ്ഥനായ രാംകുമാർ 1991മുതൽ സമ്മാനപ്പൊതിയുമായി കാത്തിരിക്കുന്നുണ്ട്‌. എറണാകുളം പിറവത്തെ വീട്ടിൽനിന്നാണ്‌ റെയിൽവേ ഉദ്യോഗസ്ഥയായ ബിന്ദു വീഡിയോ കോളിലൂടെ ദേവപ്രിയയെ കണ്ടത്‌. ‘മോളേ, ഞാൻ വരുന്നുണ്ട്‌ സമ്മാനവുമായി’ എന്ന വാഗ്‌ദാനത്തോടെയാണ്‌ സംഭാഷണം അവസാനിപ്പിച്ചത്‌.


സംസ്ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ നിലവിലെ ഓവറോൾ ചാമ്പ്യൻമാരായ തിരുവനന്തപുരം ബഹുദൂരം മുന്നിലാണ്‌. തൃശൂരും കണ്ണൂരും കോഴിക്കോടും പിന്നാലെയുണ്ട്‌. അത്‌ലറ്റിക്‌സിന്റെ ആദ്യ ദിനം 10 ഇനങ്ങൾ പൂർത്തിയായപ്പോൾ അഞ്ച്‌ സ്വർണമടക്കം 38 പോയിന്റുമായി പാലക്കാട്‌ ഒന്നാമതുണ്ട്‌. കോഴിക്കോടും മലപ്പുറവും വിടാതെയുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home