തിരഞ്ഞെടുപ്പ് തോൽവിയിൽ തട്ടിപ്പ് ആരോപിച്ച് പി ടി ഉഷ; പ്രധാന മന്ത്രിയുടെയും ഐഒസിയുടെയും ഇടപെടൽ തേടി

ന്യൂഡൽഹി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ ഗുരുതര ക്രമക്കേട് ആരോപിച്ച് പ്രസിഡന്റ് പി ടി ഉഷ. തന്നെ പുറത്താക്കാൻ വലിയ തട്ടിപ്പ് നടന്നെന്നാണ് ഉഷയുടെ ആരോപണം. വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിയും (ഐഒസി) ഇടപെടണമെന്നും അവർ ആവശ്യപ്പെട്ടു.
ഐഒഎയിലെ സ്‌പോർട്‌സ്പേഴ്‌സൺസ് ഓഫ് ഔട്ട്സ്റ്റാൻഡിങ് മെറിറ്റ് (എസ്ഒഎം) തിരഞ്ഞെടുപ്പിൽ ആറ് സ്ഥാനാർഥികളിൽ നാല് പേർ മാത്രമാണ് വിജയിച്ചത്. അഞ്ജു ബോബി ജോർജ് (53), റാണി റാംപാൽ (50), ദോല ബാനർജി (45), സൈന നെഹ്‌വാൾ (43) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടപ്പോൾ 40 വോട്ടുമായി ഉഷ അഞ്ചാം സ്ഥാനത്തായി പരാജയപെട്ടു.
തിരഞ്ഞെടുപ്പ് ഫലം തട്ടിപ്പാണെന്നും തനിക്ക് ലഭിച്ച വോട്ടുകളുടെ എണ്ണത്തിൽ പൊരുത്തക്കേടുണ്ടെന്നും ഉഷ ആരോപിച്ചു. 25ലധികം പേർ തനിക്ക് മാത്രം വോട്ട് ചെയ്തതായി അറിയാമെന്നും അവർ വിളിച്ച് ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്നും ഉഷ പറഞ്ഞു. അഞ്ജു ബോബി ജോർജിന് 53 വോട്ട് ലഭിച്ചത് ഗണിതശാസ്ത്രപരമായി പോലും അസാധ്യമാണെന്നും ഉഷ അവകാശപ്പെട്ടു.
2022ൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിർബന്ധപ്രകാരമാണ് ഐഒഎ പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തതെന്നും ഉഷ വ്യക്തമാക്കി. കായികരംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനും അഴിമതിക്കെതിരെ പ്രവർത്തിക്കാനുമാണ് ചുമതലയേറ്റതെന്നും അവർ പറഞ്ഞു. കായികമന്ത്രി മൻസുഖ് മാണ്ഡവ്യയുമായും ആഭ്യന്തരമന്ത്രി അമിത് ഷായുമായും വിഷയം സംസാരിച്ചിരുന്നുവെന്നും പ്രധാനമന്ത്രിയുടെ ഇടപെടൽ പ്രതീക്ഷിക്കുന്നതായും ഉഷ കൂട്ടിച്ചേർത്തു.
ഭാരത് പാനലിനെതിരെ പരാതി
തിരഞ്ഞെടുപ്പിൽ തനിക്കെതിരായ വിഭാഗം രഹസ്യ നീക്കങ്ങൾ നടത്തിയെന്നാരോപിച്ച് ഉഷ ഐഒസിക്കും പരാതി നൽകിയിട്ടുണ്ട്. അഞ്ജു ബോബി ജോർജ്, റാണി റാംപാൽ, ദോല ബാനർജി, സൈന നെഹ്‌വാൾ എന്നിവർ 'ഭാരത് പാനൽ' എന്ന പേരിൽ ഒന്നിച്ച് വോട്ടഭ്യർഥിച്ച വാട്സ്ആപ്പ് സന്ദേശവും ഉഷ പുറത്തുവിട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ഭൂപീന്ദർ സിങ് ബജ്വ, യോഗേശ്വർ ദത്ത് എന്നിവർ അനധികൃതമായി വോട്ട് തേടിയെന്നും ബാഡ്മിന്റൺ അസോസിയേഷൻ ഓഫ് ഇന്ത്യ സെക്രട്ടറി സഞ്ജയ് മിശ്ര, വോട്ട് ചെയ്തതിന്റെ ഇമെയിൽ സ്ഥിരീകരണം കാണിക്കാൻ കായികതാരങ്ങളെ നിർബന്ധിച്ചെന്നും പരാതിയിൽ ആരോപിക്കുന്നു.
പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് ലഭിച്ച നാല് പരാതികളിൽ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവ നടപടി സ്വീകരിച്ചില്ലെന്നും ഉഷ കുറ്റപ്പെടുത്തി. വോട്ടർമാർ സമ്മർദത്തിലായിരുന്നുവെന്നും തിരഞ്ഞെടുപ്പ് ഫലം ഐഒസി പരിശോധിക്കണമെന്നും അവർ ആവശ്യപ്പെട്ടു.
അതേസമയം, ഐഒഎ പ്രസിഡന്റായ ഒരു സ്ഥാനാർഥിക്ക് അനുകൂലമായി വോട്ടർമാരെ സ്വാധീനിക്കാൻ സംഘടിത നീക്കം നടക്കുന്നുണ്ടെന്ന് ഭാരോദ്വഹന താരം സതീഷ് ശിവലിംഗവും തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ് കുമാർ ശ്രീവാസ്തവയ്ക്ക് പരാതി നൽകിയിരുന്നു. ഇതിനായി ഐഒഎയുടെ ഔദ്യോഗിക സംവിധാനങ്ങളും വിഭവങ്ങളും ഉപയോഗിക്കുന്നുണ്ടെന്നും അദ്ദേഹം ആരോപിച്ചു. പരാതിയിൽ പി ടി ഉഷയുടെ പേര് നേരിട്ട് പരാമർശിച്ചിരുന്നില്ല.
ആദ്യഘട്ടത്തിൽ എട്ട് എസ്ഒഎം സ്ഥാനങ്ങളിലേക്ക് 27 പേരാണ് മത്സരരംഗത്തുണ്ടായിരുന്നത്. നവംബർ അഞ്ചോടെ സ്ഥാനാർഥികളുടെ എണ്ണം 23 ആയി കുറഞ്ഞു. എന്നാൽ ശനിയാഴ്ച എട്ട് പ്രമുഖ മുൻ കായികതാരങ്ങൾ അപ്രതീക്ഷിതമായി മത്സരത്തിൽനിന്ന് പിന്മാറിയിരുന്നു.
വേൾഡ് അത്‌ലറ്റിക്സ് വൈസ് പ്രസിഡന്റ് അഡിൽ സുമരിവാല, ടേബിൾ ടെന്നീസ് താരം അചന്ത ശരത് കമൽ, മുൻ ബാഡ്മിന്റൺ താരം ബി. സായ് പ്രണീത്, ഭാരോദ്വഹന താരം സതീഷ് ശിവലിംഗം, 1980ലെ ഒളിമ്പിക്സ് ഹോക്കി സ്വർണ മെഡൽ ജേതാവ് സുരീന്ദർ സിങ് ഷോക്കർ, മുൻ ഷൂട്ടർമാരായ രഞ്ജൻ സോധി, മൻഷേർ സിങ്, മൊറാദ് അലി ഖാൻ എന്നിവരാണ് മത്സരത്തിൽനിന്ന് പിന്മാറിയത്.
വനിതാ വിഭാഗത്തിലും അഞ്ച് പേർ സ്ഥാനാർഥിത്വം പിൻവലിച്ചിരുന്നു. മുൻ സ്പ്രിന്റർ അശ്വിനി നാച്ചപ്പ, അമ്പെയ്ത്ത് താരം ചെക്രവോലു സ്വൂറോ, മുൻ ബാഡ്മിന്റൺ താരം തൃപ്തി മുർഗുണ്ടെ, ഭാരോദ്വഹന താരം നീലം സെറ്റി ലക്ഷ്മി, കനോയിങ് ആൻഡ് കയാക്കിങ് താരം രാഗിന കിറോ എന്നിവരാണ് പിന്മാറിയത്.









0 comments