Deshabhimani

13 വർഷത്തെ ദാമ്പത്യത്തിന് വിരാമം; പവൻ കല്യാണും അന്ന കൊനിഡേലയും വേർപിരിയുന്നു

pawan kalyan Anna Konidala
വെബ് ഡെസ്ക്

Published on Nov 10, 2026, 09:53 AM | 1 min read

ഹൈദരാബാദ്‌: ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയും നടനുമായ പവൻ കല്യാണും ഭാര്യ അന്ന കൊനിഡേലയും വേർപിരിയുന്നു. 13 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കാൻ ഇരുവരും തീരുമാനിച്ചത്. പരസ്പര ധാരണയോടെയും ബഹുമാനത്തോടെയുമാണ് തീരുമാനമെടുത്തതെന്ന് പവൻ കല്യാണിന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ പുറത്തുവിട്ട സംയുക്ത പ്രസ്താവനയിൽ പറയുന്നു.


ദാമ്പത്യബന്ധം അവസാനിപ്പിക്കുകയാണെങ്കിലും നല്ല സുഹൃത്തുക്കളായി തുടരുമെന്ന് ഇരുവരും വ്യക്തമാക്കി. മക്കളുടെ സന്തോഷത്തിനും ക്ഷേമത്തിനുമാണ് പ്രഥമ പരിഗണന നൽകുന്നത്. അവരുടെ സംരക്ഷണത്തിൽ ഇരുവരും ഒരുപോലെ ഉത്തരവാദിത്തം നിർവഹിക്കും. ജീവിതത്തിലെ ഈ ഘട്ടത്തിൽ തങ്ങളുടെ സ്വകാര്യത മാനിക്കണമെന്നും ഇതുവരെ പിന്തുണച്ച എല്ലാവർക്കും നന്ദിയുണ്ടെന്നും പ്രസ്താവനയിൽ പറയുന്നു.


പവൻ കല്യാണിന്റെ മൂന്നാം വിവാഹമാണ് ഇതോടെ അവസാനിക്കുന്നത്. 1997ൽ നന്ദിനിയെയായിരുന്നു ആദ്യം വിവാഹം കഴിച്ചത്. 1999ൽ ഇരുവരും വേർപിരിഞ്ഞു. പിന്നീട് നടി രേണു ദേശായിയെ വിവാഹം കഴിച്ചു. ഈ ബന്ധത്തിൽ ഒരു മകനും മകളുമുണ്ട്. 2012ൽ രേണു ദേശായിയുമായുള്ള വിവാഹബന്ധവും അവസാനിച്ചു. തുടർന്ന് 2013ലാണ് റഷ്യൻ സ്വദേശിയായ അന്നയെ പവൻ കല്യാൺ വിവാഹം കഴിച്ചത്. പോളേന അഞ്ജന പവനോവ, മാർക്ക് ശങ്കർ പവനോവിച്ച് എന്നിവരാണ് ഇവരുടെ മക്കൾ.


തെലുങ്ക് സൂപ്പർതാരം ചിരഞ്ജീവിയുടെ ഇളയ സഹോദരനായ പവൻ കല്യാൺ 1996ൽ പുറത്തിറങ്ങിയ 'അക്കഡ അമ്മായി ഇക്കഡ അബ്ബായി' എന്ന ചിത്രത്തിലൂടെയാണ് സിനിമയിലെത്തിയത്. 2008ൽ ചിരഞ്ജീവി രൂപീകരിച്ച പ്രജാരാജ്യം പാർടിയുടെ യുവജനവിഭാഗം അധ്യക്ഷനായാണ് രാഷ്ട്രീയപ്രവേശം. പിന്നീട് 2014ൽ ജനസേന പാർടി രൂപീകരിച്ചു.


2019ലെ ആന്ധ്രപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിൽ രണ്ട് മണ്ഡലങ്ങളിൽ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. 2024ൽ ടിഡിപി, ബിജെപി പാർടികളുമായി സഖ്യമുണ്ടാക്കി തെരഞ്ഞെടുപ്പിനെ നേരിട്ട ജനസേന മത്സരിച്ച മുഴുവൻ സീറ്റുകളിലും വിജയിച്ചു. തുടർന്ന് ജൂൺ 14ന് പവൻ കല്യാൺ ആന്ധ്രപ്രദേശ് ഉപമുഖ്യമന്ത്രിയായി ചുമതലയേറ്റു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home