Deshabhimani

മക്കളായി ഒപ്പം നിന്നു; കല്യാണി അമ്മയ്ക്ക് അന്ത്യകർമം ചെയ്ത് റസാക്കും സുലൈമാനും

kalyani amma wayanad.JPG
വെബ് ഡെസ്ക്

Published on Nov 10, 2026, 10:13 AM | 1 min read

ചിത്ര​ഗിരി/വയനാട്: അമ്മയുടെ ചിതയ്ക്ക് തീ കൊളുത്താനും ഹിന്ദു ആചാര പ്രകാരം കർമം ചെയ്യാനും റസാക്കിനും സുലൈമാനും മറിച്ചൊന്നും ചിന്തിക്കേണ്ടി വന്നില്ല. മതത്തിന്റെ അതിർവരമ്പുകളേക്കാൾ ഏറെ കരുത്തുള്ളതായിരുന്നു ആ സ്നേഹ വാത്സല്യം. കുഞ്ഞായിരുന്നപ്പോൾ കൈ പിടിച്ച് നടത്തിയ അമ്മയ്ക്ക് ഇരുവരും കൈത്താങ്ങായി നിന്നു. മക്കളോ ബന്ധുക്കളോ ഇല്ലാതിരുന്ന കല്യാണി അമ്മ (85) മരിച്ചപ്പോൾ അന്ത്യകർമം ചെയ്യാനും ആ മക്കൾ മുന്നിട്ടിറങ്ങി. മൂപ്പൈനാട് പഞ്ചായത്തിലെ ചിത്ര​ഗിരിയിലാണ് മനുഷ്യസ്നേഹത്തിന്റെ മഹാമാതൃക പിറന്നത്.


അരനൂറ്റാണ്ടോളം അയൽവാസികളായി കഴിഞ്ഞ കല്യാണി അമ്മയെ റാസാക്കിന്റെയും സുലൈമാന്റെയും കുടുംബം സ്വന്തം അമ്മയെ പോലെതന്നെയാണ് പരിചരിച്ചിരുന്നത്. വീട്ടിലെ ആവശ്യങ്ങളും ആശുപത്രിയിൽ കൊണ്ടുപോകലും മരുന്ന് എത്തിക്കലുമെല്ലാം അവർ ഏറ്റെടുത്ത് ചെയ്തു. ആഘോഷ വേളകളെല്ലാം ഒപ്പം ചേർന്നു. സന്തോഷങ്ങളിലും സങ്കടങ്ങളിലും ഒരുപോലെ കൂടെനിന്നു.


സ്വന്തം അമ്മയെ പോലെ നോക്കിയ ആ രണ്ട് മക്കൾ തന്നെ മരണാനന്തര ചടങ്ങുകൾ നടത്തണമെന്ന് കല്യാണി അമ്മ പറഞ്ഞ് വെച്ചിരുന്നു. ആണ്ടൂർകുറിഞ്ഞിലകം ഹിന്ദുശ്മശാനത്തിൽ ആയിരുന്നു കല്യാണി അമ്മയുടെ സംസ്കാരം. ഹിന്ദു ചടങ്ങനുസരിച്ച് എല്ലാ കർമ്മങ്ങളും റസാക്കും സുലൈമാനും നിർഹിക്കുമ്പോൾ നാടാകെ ഇതിന് സാക്ഷിയായി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home