Deshabhimani

പന്ത്രണ്ടുകാരിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവം; പെൺകുട്ടി പ്രതിക്കൊപ്പം സൈക്കിളിൽ പോകുന്ന സിസിടിവി ദൃശ്യം പുറത്ത്

west bengal rpe cctv
വെബ് ഡെസ്ക്

Published on Nov 10, 2026, 10:17 AM | 1 min read

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഉത്തര ദിനാജ്പുരിൽ പന്ത്രണ്ടുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ നിർണായക സിസിടിവി ദൃശ്യം പുറത്ത്. കാണാതാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ്, പെൺകുട്ടി പ്രതി ദിലീപ് റോയിക്കൊപ്പം സൈക്കിളിൽ സഞ്ചരിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പിങ്ക് ഷർട്ടും കറുത്ത പാന്റും ധരിച്ച പ്രതി സൈക്കിൾ ഓടിക്കുന്നതും പെൺകുട്ടി പിന്നിലിരിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.


പെൺകുട്ടിയുടെ കുടുംബവുമായി അടുത്ത പരിചയമുണ്ടായിരുന്നയാളാണ് പ്രതി. പെൺകുട്ടി ഇയാളെ അമ്മാവൻ എന്നാണ് വിളിച്ചിരുന്നത്. കുലിക് നദി കാണിച്ചുതരാമെന്ന് പറഞ്ഞ് പെൺകുട്ടിയെ ആളൊഴിഞ്ഞ പ്രദേശത്തേക്ക് കൊണ്ടുപോയ പ്രതി ബലാത്സംഗത്തിനിരയാക്കിയശേഷം കൊലപ്പെടുത്തിയെന്നാണ് പൊലീസ് പറയുന്നത്.


നവംബർ മൂന്നിനാണ് പെൺകുട്ടിയെ കാണാതായത്. വീട്ടുകാർ അന്വേഷണം നടത്തുന്നതിനിടെ പ്രതിയും ഇവർക്കൊപ്പം ചേർന്നിരുന്നു. പെൺകുട്ടിയെ കണ്ടെത്താൻ സഹായിക്കാമെന്ന് പറഞ്ഞ് പിതാവിൽനിന്ന് 300 രൂപയും വാങ്ങി. കാണാതായി രണ്ടുദിവസത്തിനുശേഷം കുലിക് നദിക്കുസമീപത്തെ വനപ്രദേശത്തുനിന്നാണ് പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കുടുംബം നൽകിയ പരാതിയിൽ ബലാത്സംഗത്തിനും കൊലപാതകത്തിനും കേസെടുത്തു. ഇതിനിടെ പ്രതി ഒളിവിൽ പോയിരുന്നു.


നാലുദിവസമായി പ്രതിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു പൊലീസ്. ഞായറാഴ്ച രാത്രിയിൽ ഗൗരി ഗ്രാമപഞ്ചായത്ത് പ്രദേശത്ത് പ്രതി ഒളിച്ചിരിക്കുന്നതായി രഹസ്യവിവരം ലഭിച്ചു. തുടർന്ന് പൊലീസ് നടത്തിയ പരിശോധനയ്ക്കിടെ പ്രതി വെടിയുതിർത്തെന്നാണ് ഉദ്യോഗസ്ഥർ പറയുന്നത്. വെടിയേറ്റ് പൊലീസ് വാഹനത്തിന്റെ ടയറിന് കേടുപാടുണ്ടായതായും റിപ്പോർട്ടുണ്ട്. പൊലീസ് തിരിച്ചുവെടിവച്ചതോടെ പരിക്കേറ്റ പ്രതിയെ റായ്ഗഞ്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു.


ബംഗാൾ–ബിഹാർ അതിർത്തിക്കുസമീപമുള്ള പരാപുക്കൂരിൽനിന്നാണ് പ്രതിയെ കണ്ടെത്തിയതെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. പ്രതി പൊലീസിനുനേരെ വെടിയുതിർത്തതിനെത്തുടർന്ന് സ്വയരക്ഷയ്ക്കായാണ് തിരിച്ചുവെടിവച്ചതെന്നും ഉദ്യോഗസ്ഥൻ വ്യക്തമാക്കി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home