Deshabhimani

പ്രതിസന്ധികൾക്ക് പരിഹാരം തേടി ലോകം; കോപ് 31 കാലാവസ്ഥാ ഉച്ചകോടിക്ക് തുർക്കിയയിൽ തുടക്കം

cop 31 turkiye

photo credit: UN Climate Change Facebook

വെബ് ഡെസ്ക്

Published on Nov 10, 2026, 09:51 AM | 2 min read

അന്റാലിയ : ഐക്യരാഷ്ട്രസഭയുടെ 31-ാമത് കാലാവസ്ഥാ ഉച്ചകോടിക്ക് (COP31) തുർക്കിയയിലെ അന്റാലിയയിൽ തുടക്കമായി. ആഗോളതാപനം നിയന്ത്രിക്കുക, ഹരിതഗൃഹ വാതകങ്ങളുടെ പുറന്തള്ളൽ കുറയ്ക്കുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം അവസാനിപ്പിക്കുക തുടങ്ങിയ വിഷയങ്ങളാണ് ഉച്ചകോടിയിൽ പ്രധാനമായും ചർച്ചയാകുന്നത്. 20 വരെ നടക്കുന്ന സമ്മേളനത്തിൽ 190ലധികം രാജ്യങ്ങളിൽ നിന്നായി ഭരണാധികാരികളും പ്രതിനിധികളും കാലാവസ്ഥാ പ്രവർത്തകരുമടക്കം 68,500 പേർ പങ്കെടുക്കും. കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിൽ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തേണ്ടതിന്റെ ആവശ്യകത യുഎൻ മുന്നോട്ടുവച്ചു.


കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാനുള്ള സാങ്കേതികവിദ്യകളുണ്ടെങ്കിലും അവ പ്രയോജനപ്പെടുത്തുന്നതിൽ രാജ്യങ്ങൾ പിന്നിലാണെന്ന് യുഎൻ ചൂണ്ടിക്കാട്ടുന്നു. സൗരോർജം, വൈദ്യുത വാഹനങ്ങൾ, ബാറ്ററി സംഭരണ സംവിധാനങ്ങൾ തുടങ്ങിയവ അതിവേഗം വികസിക്കുന്നുണ്ടെങ്കിലും സാമ്പത്തിക പരിമിതികൾ കാരണം പല രാജ്യങ്ങൾക്കും ഇവയുടെ പ്രയോജനം ലഭിക്കുന്നില്ല.


un climate sumitphoto credit: UN Climate Change Facebook


കാലാവസ്ഥാ വ്യതിയാനം ആഗോള ആരോഗ്യപ്രതിസന്ധിയായി മാറിയതായി യുഎൻ പറയുന്നു. യൂറോപ്പിലുണ്ടായ കടുത്ത ഉഷ്ണതരംഗങ്ങളും നേപ്പാളിലെ വിനാശകരമായ വെള്ളപ്പൊക്കവും കാലാവസ്ഥാ പ്രതിസന്ധിയുടെ രൂക്ഷത വ്യക്തമാക്കുന്നതാണെന്ന് യുഎൻ കാലാവസ്ഥാ വിഭാഗം മേധാവി സൈമൺ സ്റ്റീൽ പറഞ്ഞു. ആഗോളതാപനത്തിന് കാരണമാകുന്ന മീഥേൻ വാതകത്തിന്റെ പുറന്തള്ളൽ കുറയ്ക്കണമെന്നും സൗരോർജം, കാറ്റാടി വൈദ്യുതി തുടങ്ങിയ പുനരുപയോഗ ഊർജസ്രോതസ്സുകളിലേക്ക് രാജ്യങ്ങൾ മാറണമെന്നും സ്റ്റീൽ ആവശ്യപ്പെട്ടു


കാലാവസ്ഥാ വ്യതിയാനം നേരിടാൻ വികസ്വരരാജ്യങ്ങൾക്ക് സാമ്പത്തികസഹായം ഉറപ്പാക്കുക, കാലാവസ്ഥാ ദുരന്തങ്ങളെ പ്രതിരോധിക്കാനുള്ള സംവിധാനങ്ങൾ ശക്തിപ്പെടുത്തുക, ഫോസിൽ ഇന്ധനങ്ങളുടെ ഉപയോഗം കുറയ്ക്കുക എന്നിവയും ഉച്ചകോടിയിലെ പ്രധാന ചർച്ചാവിഷയങ്ങളാണ്. വികസിതരാജ്യങ്ങൾ പ്രഖ്യാപിച്ച കാലാവസ്ഥാ ധനസഹായം ലഭ്യമാക്കുന്നതിനെച്ചൊല്ലിയുള്ള അഭിപ്രായവ്യത്യാസങ്ങളും ചർച്ചയാകും. വികസിതരാജ്യങ്ങൾ കൂടുതൽ സാമ്പത്തികസഹായം നൽകണമെന്നാണ് വികസ്വരരാജ്യങ്ങളുടെ ആവശ്യം. ആഫ്രിക്കൻ രാജ്യങ്ങൾ മുന്നോട്ടുവച്ച നിർദേശങ്ങളെ യൂറോപ്യൻ യൂണിയനും കാനഡയും എതിർത്തതായും റിപ്പോർട്ടുണ്ട്.


un climate sumitphoto credit: UN Climate Change Facebook


2015ലെ പാരിസ് കാലാവസ്ഥാ ഉടമ്പടിപ്രകാരം ആഗോളതാപനിലയിലെ വർധന വ്യവസായവൽക്കരണത്തിനു മുമ്പുള്ള നിലയിൽനിന്ന് 1.5 ഡിഗ്രി സെൽഷ്യസിൽ പരിമിതപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. എന്നാൽ ഈ പരിധി താൽക്കാലികമായെങ്കിലും മറികടക്കാനുള്ള സാധ്യത ശാസ്ത്രജ്ഞർ മുന്നറിയിപ്പായി ഉയർത്തിയിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധിക്കെതിരായ നടപടികളുടെ പുരോഗതി വിലയിരുത്തുന്ന രണ്ടാം ആഗോള അവലോകനത്തിനും (Global Stocktake) കോപ് 31 തുടക്കമിടും.


പുതിയ ലക്ഷ്യങ്ങൾ പ്രഖ്യാപിക്കുന്നതിനേക്കാൾ മുൻകാല കാലാവസ്ഥാ പ്രതിജ്ഞകൾ നടപ്പാക്കുന്നതിനാണ് ഇത്തവണ പ്രാധാന്യം നൽകുന്നതെന്ന് ഉച്ചകോടി അധ്യക്ഷനും തുർക്കി പരിസ്ഥിതി മന്ത്രിയുമായ മുറാത്ത് കുറും വ്യക്തമാക്കി. തുർക്കിയും ഓസ്ട്രേലിയയും സംയുക്തമായാണ് ആതിഥേയത്വം വഹിക്കുമ്പോൾ ഓസ്ട്രേലിയയാണ് ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഓസ്ട്രേലിയൻ കാലാവസ്ഥാ മന്ത്രി ക്രിസ് ബോവനാണ് രാജ്യങ്ങൾ തമ്മിലുള്ള ഔദ്യോഗിക ചർച്ചകൾക്ക് നേതൃത്വം നൽകുന്നത്. ഭരണാധികാരികൾക്ക് പുറമെ ശാസ്ത്രജ്ഞർ, പരിസ്ഥിതി പ്രവർത്തകർ, യുവജന പ്രതിനിധികൾ, തദ്ദേശീയ ജനവിഭാഗങ്ങൾ, വ്യവസായ മേഖലകളിലെ പ്രതിനിധികൾ എന്നിവരും പങ്കെടുക്കുന്നുണ്ട്. അമേരിക്ക ഇത്തവണയും ഉച്ചകോടിയിൽ നിന്ന് വിട്ടുനിന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home