ആഘോഷത്തിരക്ക്: യാത്രാ ദുരിതത്തിൽ അമർന്ന് ജനങ്ങൾ; കൈയൊഴിഞ്ഞ് റെയിൽവേ

ന്യൂഡൽഹി: സാധാരണക്കാരോടുള്ള റെയിൽവേയുടെ ക്രൂരതകൾ തുടരുന്നു. റെയിൽവേയുടെ കടുത്ത അനാസ്ഥയിലൂടെ ദുരിതത്തിലാകുന്നത് ലക്ഷക്കണക്കിന് യാത്രക്കാരാണ്. ദീപാവലിയും ഛഠ് പൂജയും ആഘോഷിക്കാൻ നാട്ടിലേക്ക് തിരിക്കുന്നവർ ട്രെയിൻ സർവീസുകൾ ഇല്ലാതെ സ്റ്റേഷനുകളിൽ കുടുങ്ങിക്കിടക്കുകയാണ്.
ആവശ്യത്തിന് അധിക ട്രെയിനുകൾ ഏർപ്പെടുത്താത്തതിനെ തുടർന്ന് രാജ്യത്തെ പ്രധാന റെയിൽവേ സ്റ്റേഷനുകളിലെല്ലാം അടിയന്തര സാഹചര്യത്തിന് സമാനമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഡൽഹി ഉൾപ്പെടെയുള്ള വൻനഗരങ്ങളിൽ മണിക്കൂറുകളോളം കാത്തുനിന്നിട്ടും ട്രെയിനുകളിൽ കയറാനാകാതെ യാത്രക്കാർ വലഞ്ഞു. സ്റ്റേഷൻ വളപ്പും കടന്ന് കിലോമീറ്ററുകളോളമാണ് ജനങ്ങളുടെ വരി നീളുന്നത്.
ബിഹാർ, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലേക്ക് പെരുന്നാളും ഉത്സവങ്ങളും ആഘോഷിക്കാൻ പോകുന്ന കുടിയേറ്റ തൊഴിലാളികളാണ് റെയിൽവേയുടെ ഈ ദയയില്ലാത്ത നിലപാടിൽ ഏറ്റവും അധികം പ്രയാസപ്പെടുന്നത്. തിരക്ക് നേരിടാൻ 18,000 പ്രത്യേക ട്രെയിനുകൾ സർവീസ് നടത്തുന്നുണ്ടെന്നാണ് റെയിൽവേ അധികൃതരുടെ അവകാശവാദം.
എന്നാൽ യാഥാർത്ഥ്യവുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്ന് സ്റ്റേഷനുകളിലെ അവസ്ഥ വ്യക്തമാക്കുന്നു. യാത്രക്കാരുടെ വൻ വർധന മുൻകൂട്ടി കാണുന്നതിൽ റെയിൽവേ പൂർണമായും പരാജയപ്പെട്ടു. ന്യൂഡൽഹി, ആനന്ദ് വിഹാർ, ഓൾഡ് ഡൽഹി, ഹസ്രത്ത് നിസാമുദ്ദീൻ തുടങ്ങിയ പ്രധാന സ്റ്റേഷനുകളിലെല്ലാം വൻ തിരക്കാണ്. തിരക്ക് നിയന്ത്രിക്കാനെന്ന പേരിൽ ആറ് സ്റ്റേഷനുകളിൽ ഈ മാസം 14 വരെ പ്ലാറ്റ്‌ഫോം ടിക്കറ്റ് വിൽപ്പന നിർത്തിവെക്കുക മാത്രമാണ് റെയിൽവേ ചെയ്തത്.
ഈ മാസം ഒന്നുമുതൽ ആറുവരെ ഡൽഹി, മുംബൈ, ബംഗളൂരു, ഹൈദരാബാദ്, സൂറത്ത് എന്നീ പ്രധാന കേന്ദ്രങ്ങളിലെ 16 സ്റ്റേഷനുകളിൽനിന്ന് മാത്രം 56.68 ലക്ഷം പേരാണ് യാത്ര ചെയ്തത്. ഇതിൽ 26.94 ലക്ഷം പേരും (ആകെ യാത്രക്കാരുടെ 47.5 ശതമാനം) റിസർവേഷൻ ഇല്ലാത്ത ജനറൽ കോച്ചുകളെ ആശ്രയിച്ചവരാണ്. സാധാരണക്കാരായ ജനങ്ങൾ അനുഭവിക്കുന്ന യാത്രാദുരിതത്തിന്റെ വ്യാപ്തി വെളിപ്പെടുത്തുന്നതാണ് ഈ കണക്കുകൾ.
ഉത്സവ സീസണുകളിൽ സർവീസുകൾ വർധിപ്പിക്കുന്നതിന് പകരം കണ്ണടയ്ക്കുന്ന റെയിൽവേ നയം മൂലം ജനങ്ങളുടെ ജീവൻ തന്നെ അപകടത്തിലാകുന്ന സ്ഥിതിയാണ്. 2025 ഫെബ്രുവരിയില്‍ ന്യൂഡൽഹി സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ച ദാരുണ സംഭവം മുന്നിലുണ്ടായിട്ടും അധികൃതർ പാഠം പഠിച്ചിട്ടില്ലെന്നതിന്റെ തെളിവാണ് നിലവിലെ ഈ അരാജകത്വം.








0 comments