ad
Deshabhimani

‘അസാധ്യമായി ഒന്നുമില്ല’; ജി വി രാജ പുരസ്‌കാരവുമായി നെറ്റ്‌ബോൾ താരം പി കെ ഐശ്വര്യ

pkaiswarya
avatar
പ്രദീപ്‌ ഗോപാൽ

Published on Feb 24, 2026, 01:00 AM | 2 min read

കോഴിക്കോട്‌: രണ്ട്‌ തോണിയിൽ കാൽവയ്‌ക്കരുതെന്ന്‌ പഴമക്കാർ പറയും. പക്ഷേ, ഒന്നും അസാധ്യമല്ലെന്നാണ്‌ ഐശ്വര്യയുടെ പക്ഷം. നെറ്റ്‌ബോളും ബാസ്‌കറ്റ്‌ബോളും ഐശ്വര്യയ്‌ക്ക്‌ ഒരുപോലെ വഴങ്ങും. നെറ്റ്‌ബോളിലെ രാജ്യാന്തര താരമാണ്‌. ആ മികവിനാണ്‌ കോഴിക്കാട്ടുകാരിക്ക്‌ 2-024ലെ മികച്ച വനിതാ കായിക താരത്തിനുള്ള സംസ്ഥാന സ്‌പോർട്‌സ്‌ ക‍ൗൺസിലിന്റെ ജി വി രാജ അവാർഡ്‌ ലഭിച്ചത്‌. നെറ്റ്‌ബോളിൽ ഇന്ത്യക്കായി രാജ്യാന്തര വേദിയിൽ ഇറങ്ങിയ ആദ്യ കേരള സീനിയർ താരം കൂടിയാണ്‌.


ഏഷ്യൻ നെറ്റ്‌ബോൾ ചാന്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനായി 2022, 2024 വർഷങ്ങളിൽ ഇറങ്ങി. രണ്ട്‌ ദേശീയ ഗെയിംസുകളിലും മത്സരിച്ചു. ഗോവ ദേശീയ ഗെയിംസിൽ വെങ്കലം നേടിയ കേരള ടീമിൽ അംഗമായിരുന്നു. ഇ‍ൗ വർഷം ഖേലോ ഇന്ത്യ യൂണിവേഴ്‌സിറ്റി ഗെയിംസിൽ ചാന്പ്യൻമാരായ എം ജി സർവലാശാലയ്‌ക്കായി ബാസ്‌കറ്റ്‌ബോളിൽ കളത്തിലിറങ്ങി.

ജി വി രാജ അവാർഡ്‌ നേട്ടത്തെക്കുറിച്ചും പുതിയ ലക്ഷ്യങ്ങളെക്കുറിച്ചും പി കെ ഐശ്വര്യ മനസ്‌ തുറക്കുന്നു.


ജിവി രാജ

വലിയ ബഹുമതിയായി കരുതുന്നു. ഇതുവരെ പുറത്തെടുത്ത പ്രകടനങ്ങൾക്കുള്ള അംഗീകാരമായി കാണുന്നു. ഇ‍ൗ ഗെയിമുകൾ കൊണ്ട്‌ ഒന്നും നേടാനാകില്ലെന്ന്‌ വിമർശിച്ചവർക്ക്‌ മുന്നിലാണ്‌ ഇ‍ൗ നേട്ടം. 2022ലെ ഏഷ്യൻ ചാന്പ്യൻഷിപ്പിനുശേഷം പരിക്കേറ്റിരുന്നു. ശസ്‌ത്രക്രിയ വേണ്ടിവന്നു. തളരാതെ തിരിച്ചുവരാനായത്‌ ഇ‍ൗ കളികളോടുള്ള ആവേശം കൊണ്ടാണ്‌. ശേഷം രണ്ട്‌ ദേശീയ ഗെയിംസിലും ഒരു ഏഷ്യൻ ചാന്പ്യൻഷിപ്പിലും ഇറങ്ങി. ഇ‍ൗ വേളയിൽ ഓർക്കാനുള്ളത്‌ അതൊക്കെയാണ്‌.

തുടക്കം

കോഴിക്കോട്‌ ലിറ്റിൽ ഫ്‌ളവർ ഇംഗ്ലീഷ്‌ മീഡിയം സ്‌കൂളിൽ പഠിക്കുന്പോഴാണ്‌ അത്‌ലറ്റിക്‌സ്‌ കാര്യമായെടുക്കുന്നത്‌. പിന്നീട്‌ ടീം ഗെയിമിലേക്ക്‌ മാറി. ഖൊഖൊയും ബാസ്‌കറ്റ്‌ബോളുമായിരുന്നു തുടക്കത്തിൽ. സിൽവർഹിൽസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ പഠിക്കുന്പോഴാണ്‌ നെറ്റ്‌ബോളിലേക്ക്‌ മാറുന്നത്‌.

മറ്റ്‌ നേട്ടങ്ങൾ

അഖിലേന്ത്യാ അന്തർസർവകലാശാല നെറ്റ്‌ബോളിൽ രണ്ട്‌ തവണ റണ്ണറപ്പായ കലിക്കറ്റ്‌ സർവകലാശാല ടീമിൽ അംഗമായിരുന്നു. മാർ ഇവാനിയോസ്‌ കോളേജിൽ പഠിക്കുന്ന സമയത്ത്‌ കേരള സർവകലാശാലയുടെ ക്യാപ്‌റ്റനായിരുന്നു. അഖിലേന്ത്യാ അന്തർ സർവകലാശാല ചാന്പ്യൻഷിപ്പിൽ ടീമിനെ റണ്ണറപ്പാക്കി.

നെറ്റ്‌ബോൾ, 
ബാസ്‌കറ്റ്‌ബോൾ

നെറ്റ്‌ബോളും ബാസ്‌കറ്റ്‌ബോളും ഒരുപോലെ പ്രിയപ്പെട്ടതാണ്‌. ഏതെങ്കിലുമൊന്ന്‌ ഒഴിവാക്കാൻ പറഞ്ഞാലത്‌ സാധിക്കില്ല. ജീവിതത്തിൽ അച്ചടക്കവും മനക്കരുത്തും നൽകിയത്‌ ഇ‍ൗ രണ്ട്‌ കളികളാണ്‌. എന്റെ അധ്യാപകരെപോലെയാണ്‌. ഒരു കായിക താരമെന്ന രീതിയിൽ മാത്രമല്ല, നല്ല മനുഷ്യനാവാനും സഹായിച്ചിട്ടുണ്ട്‌.

ലക്ഷ്യം, ഒരുക്കം

വരാനിരിക്കുന്ന ചാന്പ്യൻഷിപ്പുകൾക്കായുള്ള പരിശീലനത്തിലാണ്‌. നല്ലൊരു ജോലിയാണ്‌ ലക്ഷ്യം. അതിനായുള്ള കാത്തിരിപ്പിലാണ്‌.


കുടുംബം

കോഴിക്കോട്‌ ചെലവൂരാണ്‌ സ്വദേശം. അച്ഛൻ എസ്‌ മുരളി. അമ്മ നിഷിധ. സഹോദരി പികെ അശ്വതിയും സഹോദരൻ പികെ ആനന്ദും നെറ്റ്‌ബോൾ, ബാസ്-കറ്റ്‌ബോൾ താരങ്ങളാണ്‌. നെറ്റ്‌ബോളിൽ വിക്രമാദിത്യ റെഡ്ഡിയും വിവേക് കുമാർ സെയ്നുമാണ്‌ പരിശീലകർ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home