മെയ്പ്പയറ്റിൽ പാലക്കാടൻ ചടുലത; അതുൽ രാജിന് സ്വർണം

തിരുവനന്തപുരം: സംസ്ഥാന സ്കൂൾ കായികോത്സവത്തിൽ ആദ്യമായി ഉൾപ്പെടുത്തിയ കളരിപയറ്റിൽ സീനിയർ ആൺകുട്ടികളുടെ മെയ്പ്പയറ്റിൽ പാലക്കാടിന്റെ കളരി അടിതട മുറകൾ പ്രദർശിപ്പിച്ച് എൻ അതുൽരാജ് സ്വർണം ചൂടി. പാലക്കാട് പിഎംജി ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ്ടു വിദ്യാർഥിയായ അതുൽ കളരിപ്പയറ്റ് ഫെഡറേഷന്റെ ദേശീയ ഗെയിംസിൽ നാല് തവണ സ്വർണം നേടിയിട്ടുണ്ട്. നാല് വയസ് മുതൽ കളരി അഭ്യസിക്കുന്ന അതുലിന്റെ പിതാവ് ഡി നടരാജൻ കളരി അഭ്യാസിയാണ്. കൈരളി കളരി സംഘത്തിലെ എസ് ശരണിന്റെയും എസ് വരുണിന്റെയും കീഴിലാണ് പഠനം.
തനത് ആയോധന മുറയായ കളരിപയറ്റിനോട് വൈകാരിക ബന്ധം സൂക്ഷിക്കുന്ന പാലക്കാട് ചന്ദ്രനഗർ ചെമ്പിലോട് നിന്നാണ് അതുൽ വരുന്നത്. ചേച്ചി അമൃത രാജും കളരി പഠിച്ചിരുന്നു. വുഷു താരം കൂടിയാണ് അതുൽരാജ്. സീനിയർ ആൺകുട്ടികളുടെ മെയ്പ്പയറ്റിൽ കണ്ണൂരിന്റെ എം നിയാതിഷ് (കണ്ണൂർ സെന്റ് മൈക്കിൾസ് എഐ എച്ച്എസ്എസ്) രണ്ടാം സ്ഥാനവും തൃശൂരിന്റെ പി ബി ആദിദേവ് (ഗവ. വിഎച്ച്എസ്എസ് പഴഞ്ഞി) മൂന്നാം സ്ഥാനവും നേടി.
മെയ്‌പയറ്റ്
രണ്ട് മിനിറ്റാണ് സമയം. 36 അടിനീളവും 5 അടി വീതിയുമുള്ള കളത്തിനകത്തുവേണം മെയ്‌പയറ്റ് ചെയ്യാൻ. മെയ് വഴക്കവും അഭ്യാസ പാടവവും ചടുലതയുമെല്ലാം ഒത്തിണങ്ങണം. തുടവാരിയിൽ തൊഴുതമർന്ന് ഗജവടിവിൽ പൂർണമായി അമരണം. മലക്കംമറിയുമ്പോൾ ചക്രംപോലെ മറിഞ്ഞുവരണം. ബാലൻസ് അൽപ്പം പോലും തെറ്റുകയോ അമർന്ന് പോവുകയോ ചെയ്യരുത്. തിരിഞ്ഞു ചാടുമ്പോൾ കൃത്യതയും ബാലൻസും ഉണ്ടായിരിക്കണം.









0 comments