ആറ് രാജ്യാന്തര മെഡലുകൾ , 133 ദേശീയ ചാമ്പ്യൻമാർ
ആകാശം അതിരായി കാൽനൂറ്റാണ്ട് ; 25 വർഷം പൂർത്തിയാക്കി പാലാ ജമ്പ്‌സ് അക്കാദമി

കോട്ടയം പാലാ ജമ്പ്സ് അക്കാദമിയിലെ താരങ്ങൾ പരിശീലകൻ സതീഷ് കുമാറിനൊപ്പം /ഫോട്ടോ: ജിഷ്ണു പൊന്നപ്പൻ
ജിതിൻ ബാബു
Published on Aug 27, 2025, 03:30 AM | 1 min read
പാലാ
ആകാശം തൊടാനുള്ള യാത്രയിൽ കെ പി സതീഷ് കുമാർ അവർക്ക് കൂട്ടായി. സ്വർണവും വെള്ളിയും വെങ്കലവും പൊഴിഞ്ഞ കാൽനൂറ്റാണ്ട്. പോൾവോൾട്ട് വേദിയിലെ കേരളത്തിന്റെ അഭിമാനമായ പാലാ ജമ്പ്‌സ് അക്കാദമി 25 വർഷം പിന്നിടുമ്പോൾ പുതിയ കുട്ടികളെ നേട്ടങ്ങളുടെ ഉയരത്തിലേക്ക് എത്തിക്കാനുള്ള തിരക്കിലാണ് പരിശീലകനായ സതീഷ്. റബർ തോട്ടത്തിലെ മരങ്ങൾക്കിടയിൽ കമ്പ് കെട്ടിവച്ച് ചാടിയ കാലമുണ്ടായിരുന്നു. മുളയിൽ തീർത്ത പോളിലും ഉയരങ്ങൾ കണ്ടു.
അക്കാദമിയുടെ കഴിഞ്ഞകാല മികവ് അടയാളപ്പെടുത്താൻ മെഡലുകളുടെ കണക്ക് മാത്രം നോക്കിയാൽ മതി. 25 വർഷത്തിനിടയിൽ അക്കാദമിയുടേതായി ആറ് രാജ്യാന്തര മെഡലുകൾ, 133 ദേശീയ ചാമ്പ്യൻമാർ, 381 ദേശീയ മെഡലുകൾ, 560 സംസ്ഥാന മെഡലുകൾ... കെ പി ബിപിൻ, ബിനീഷ് ജേക്കബ്, എബിൻ സണ്ണി, നിവ്യ ആന്റണി, മരിയ ജെയ്‌സൺ, കൃഷ്‌ണ രചന തുടങ്ങിയ താരങ്ങളും അക്കാദമിയിലൂടെ വേദികളിലെത്തി.
വഴി തെളിച്ച ചോദ്യം
ജംഷഡ്‌പുർ ടാറ്റാ സ്റ്റീൽസിലെ സീനിയർ സ്‌പോർട്‌സ് കോ ഓർഡിനേറ്റർ സ്ഥാനത്തുനിന്ന് സ്വയം വിരമിച്ചാണ് മുൻ ദേശീയ റെക്കോഡുകാരനും പാലാ പോണാട് സ്വദേശിയുമായ സതീഷ് കുമാർ 1998ലാണ് മടങ്ങിയെത്തുന്നത്.
സുഹൃത്തുക്കൾ ചേർന്ന് ആരംഭിക്കാനിരുന്ന എക്‌സിക്യൂട്ടീവ് ഫിറ്റ്‌നസ് സെന്ററിന്റെ ഭാഗമാകാനിരുന്ന സതീഷിന്റെ ജീവിതം മാറ്റുന്നത് സഹതാരവും അയൽവാസിയുമായ എൻ സി സെബാസ്റ്റ്യന്റെ ചോദ്യമായിരുന്നു. ‘സമയം കിട്ടുമ്പോൾ കുട്ടികൾക്ക് എന്തെങ്കിലും പറഞ്ഞ് കൊടുത്താൽ അവർക്ക് ഒരു പരിശീലനമാകുമെന്ന’ വാക്കിൽ തുടങ്ങിയ യാത്ര ഇന്ന് കേരളത്തിന്റെ കായിക ഭൂപടത്തിൽ എഴുതപ്പെട്ട സുവർണ അധ്യായമാണ്.
സെബാസ്റ്റ്യന്റെ മകൻ സിജോ സെബാസ്റ്റ്യനിലൂടെയാണ് ആദ്യമായി ദേശീയ മെഡൽ അക്കാദമിയിലെത്തുന്നത്. 2000ൽ ദേശീയ സ്‌കൂൾ ഗെയിംസിൽ നേടിയ മെഡലോടെ കുതിപ്പ് ആരംഭിച്ചു. അയൽക്കാരായ കുട്ടികൾക്ക് പരിശീലനം നൽകി ആരംഭിച്ചെങ്കിലും 2000ലാണ് അക്കാദമിക്ക് രൂപംനൽകുന്നത്. 2004മുതൽ പാലാ മുനിസിപ്പൽ സ്‌റ്റേഡിയത്തിലാണ് പരിശീലനം. 2004മുതൽ 2023വരെ കേരള സ്‌പോർട്‌സ് കൗൺസിലിൽ കരാർ അടിസ്ഥാനത്തിൽ പരിശീലകനായും അറുപത്തേഴുകാരൻ പ്രവർത്തിച്ചു. ഭാര്യ: ലത സതീഷ്. ചെസ് താരം ശ്രീചിത്തിരയും പോൾവോൾട്ട് താരം ഉത്തരയും മക്കളാണ്.










0 comments