പോൾവോൾട്ടിൽ ദേശീയ റെക്കോർഡ്; ഉയർന്നുപൊങ്ങി പത്തൊൻപതുകാരൻ ദേവ് മീണ

ഡെറാഡൂൺ: പോൾവോൾട്ടിൽ പുതിയ ദേശീയ റെക്കോർഡ് പിറന്നിരിക്കുന്നു. മധ്യപ്രദേശുകാരൻ ദേവ് മീണയാണ് 38–ാമത് ദേശീയ ഗെയിംസ് വേദിയിൽ നിന്ന് പോൾവോൾട്ടിലെ പുതിയ ദേശീയ റെക്കോർഡ് കുറിച്ചിരിക്കുന്നത്. 5.32 മീറ്ററാണ് പുതിയ റെക്കോർഡ്.
2022ൽ തമിഴ്‌നാട്ടുകാരൻ എസ് ശിവ കുറിച്ച 5.31 മീറ്ററിന്റെ റെക്കോർഡാണ് ദേവ് മീണ മറികടന്നത്. മൂന്നാമത്തെ ശ്രമത്തിലായിരുന്നു ദേവ് ചരിത്രത്തിലേക്ക് പറന്നുയർന്നത്. 5.20 മീറ്ററായിരുന്നു താരത്തിന്റെ ഇതുവരെയുള്ള മികച്ച ഉയരം.
മധ്യപ്രദേശിലെ ദേവാസ് ജില്ലയിലെ സിൽഫോഡ് ഗ്രാമത്തിൽ നിന്നുള്ള അത്‌ലറ്റാണ് ദേവ് മീണ. 2024ലെ അണ്ടർ 20 ഏഷ്യൻ അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിൽ വെങ്കലം നേടിയതോടെ, ദേവ് മീണ മീറ്റിന്റെ ചരിത്രത്തിൽ പോൾവോൾട്ടിൽ ആദ്യമായി മെഡൽ നേടുന്ന ഇന്ത്യക്കാരനായി മാറിയിരുന്നു. പെറുവിൽ നടന്ന അണ്ടർ 20 വേൾഡ് അത്‌ലറ്റിക് ചാമ്പ്യൻഷിപ്പിലും മീണ പങ്കെടുത്തിട്ടുണ്ട്.








0 comments