നാല് ഇന്ത്യക്കാർ ആദ്യമായി വേദിയിൽ ,രോഹിതിനും യാഷ്‌വീറിനും യോഗ്യതയില്ല , ഫൈനൽ ഇന്ന് പകൽ 3.50ന്
പൊന്നാവട്ടെ ജാവലിൻ ; സ്വർണം നിലനിർത്താൻ നീരജ് ചോപ്ര

ടോക്യോ
ലോകവേദിയിൽ ഒരിക്കൽകൂടി പൊന്നണിയാൻ നീരജ് ചോപ്ര ഒരുങ്ങി. ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ പുരുഷന്മാരുടെ ജാവലിൻ ത്രോയിൽ കിരീടം നിലനിർത്താൻ ഇന്നിറങ്ങും. ഫൈനൽ പകൽ 3.50ന്. യോഗ്യതാ റൗണ്ടിൽ ആദ്യ ഏറിൽത്തന്നെ ഇരുപത്തേഴുകാരൻ ഫൈനലിലേക്ക് ടിക്കറ്റെടുത്തു. 84.85 മീറ്ററാണ് താണ്ടിയത്. ഫൈനലിലെത്താൻ വേണ്ടിയിരുന്നത് 84.50 മീറ്ററായിരുന്നു. ഇന്ത്യയുടെ സച്ചിൻ യാദവും(83.67 മീറ്റർ) മെഡൽപ്പോരിന് അർഹത നേടി. രോഹിത് യാദവിനും(77.51) യാഷ്‌വീർ സിങ്ങിനും(77.51) യോഗ്യതയില്ല.
രണ്ട് ഗ്രൂപ്പിലായി 37 താരങ്ങൾ അണിനിരന്ന യോഗ്യതാ റൗണ്ടിനുശേഷം 12 പേരാണ് ഫൈനലിലെത്തിയത്. അതിൽ ഏഴ് പേർക്കാണ് നേരിട്ട് യോഗ്യത. അഞ്ച് പേർക്ക് മികച്ച പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ അവസരം കിട്ടി. നീരജ് അടക്കം ഏഴ് താരങ്ങൾ 90 മീറ്റർ മറികടന്നവരാണ്. എന്നാൽ, യോഗ്യതാ റൗണ്ടിൽ ആരും 90 മീറ്റർ എറിഞ്ഞില്ല. ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സിന്റേതാണ്(89.53) മികച്ച ദൂരം. പാകിസ്ഥാന്റെ ഒളിമ്പിക് ചാമ്പ്യൻ അർഷാദ് നദീം 85.28 മീറ്ററുമായി അഞ്ചാമതാണ്. നീരജിന് ആറാംസ്ഥാനം.
പാരിസ് ഒളിമ്പിക്‌സിൽ 92.97 മീറ്റർ എറിഞ്ഞ് അർഷാദ് സ്വർണം നേടിയിരുന്നു. നീരജ് 89.45 മീറ്ററുമായി രണ്ടാമതായി. കഴിഞ്ഞതവണ(2023) ബുഡാപെസ്‌റ്റിൽ നടന്ന ലോക ചാമ്പ്യൻഷിപ്പിൽ 88.17 മീറ്റർ എറിഞ്ഞാണ് നീരജ് ചാമ്പ്യനായത്. അർഷാദ് വെള്ളിയും ചെക്ക് താരം യാകൂബ് വാദ്‌ലെ വെങ്കലവും സ്വന്തമാക്കി. പാരിസ് ഒളിമ്പിക്‌സിനുശേഷം ആദ്യമായാണ് നീരജും അർഷാദും മുഖാമുഖമെത്തുന്നത്.
ഇന്ത്യയുടെ നാല് താരങ്ങൾ ഒരുമിച്ച് ജാവലിൻ ത്രോയിൽ പങ്കെടുക്കുന്നത് ആദ്യമായിട്ടായിരുന്നു. എന്നാൽ, രോഹിത് യാദവിനും യാഷ്‌വീറിനും ഫൈനലിലേക്ക് മുന്നേറാനായില്ല. രോഹിത് 28–ാം സ്ഥാനത്തും യാഷ്‌വീർ 30–ാം സ്ഥാനത്തും അവസാനിപ്പിച്ചു.
മൂന്നാമനാകാൻ നീരജ് ചോപ്ര
ജാവലിൻ ത്രോ സ്വർണം നിലനിർത്തുന്ന മൂന്നാമത്തെ താരമാകാനാണ് നീരജ് ചോപ്ര ഒരുങ്ങുന്നത്. ചെക്ക് ഇതിഹാസ താരം യാൻ സെലൈസ്‌നിയും (1993, 1995) ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സും (2019, 2022) മാത്രമാണ് ഇൗ നേട്ടം കൈവരിച്ചിട്ടുള്ളത്. ലോക റെക്കോഡുകാരൻകൂടിയായ സെലെസ്‌നിയാണ് ഇപ്പോൾ നീരജിന്റെ കോച്ച്. ഇൗവർഷം സെലെസ്‌നിയുടെ കീഴിലാണ് 90 മീറ്റർ എന്ന കടമ്പ മറികടന്നത്. നീരജ് രണ്ടുതവണ ലോക മെഡൽ നേടിയിട്ടുണ്ട്. 2022ൽ അമേരിക്കയിലെ യൂജിനിൽ വെള്ളിയും(88.13 മീറ്റർ) 2023ല്‍ ഹംഗറിയിലെ ബുഡാപെസ്‌റ്റിൽ സ്വർണവും(88.17) കരസ്ഥമാക്കി.









0 comments