9 ദിവസത്തിനുശേഷം രക്ഷ: നേപ്പാൾ മിന്നൽപ്രളയത്തില്‍ മരണം 1326


സ്വന്തം ലേഖകൻ
Published on Sep 05, 2026, 01:32 AM | 1 min read
ന്യൂഡൽഹി : നേപ്പാളിലെ മിന്നൽപ്രളയത്തെ തുടർന്ന് ജലവൈദ്യുതി പദ്ധതിയുടെ ടണലിൽ ഒമ്പത് ദിവസമായി കുടുങ്ങിക്കിടന്ന രണ്ടുപേരെ രക്ഷാപ്രവർത്തകർ പുറത്തെത്തിച്ചു. തൃശൂലി 3എ ജലവൈദ്യുത പദ്ധതിയുടെ ടണലിൽ നിന്നാണ് സഞ്‌ജയ് ഷായെയും (30) കബിർ മഹാർജനെയും (45) പുറത്തെത്തിച്ചത്. ഇരുവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കബിർ മഹാർജന്റെ നില ഗുരുതരമാണ്.
അപകടം നടക്കുമ്പോൾ ടണലിന്റെ കൺട്രോൾ റൂമിലായിരുന്നുവെന്ന് സഞ്‌ജയ് ഷാ. രക്ഷപ്പെടാമായിരുന്നെങ്കിലും മറ്റുള്ളവരെ സഹായിക്കുന്നതിനായി ടണലിൽ തുടർന്നു. എന്നാൽ കുത്തിയൊലിച്ചെത്തിയ ചെളിയും മറ്റും ടണലിന്റെ കവാടത്തെ മൂടിയതോടെ ഉള്ളിൽപ്പെട്ടുപോയതായും ഷാ പറഞ്ഞു.
തൃശൂലി 3 എ ടണലിൽ നാൽപ്പതോളം പേർ ഇനിയുണ്ടാകുമെന്നാണ് രക്ഷാപ്രവർത്തകർ കരുതുന്നത്. ടണലിൽ അറുപത് മീറ്ററോളം ഉള്ളിലേക്ക് എത്തിയപ്പോഴാണ് സഞ്‌ജയ് ഷായെയും കബിർ മഹാർജനെയും കണ്ടെത്താനായത്.
ഇനി 150 മീറ്റർ കൂടി ഉള്ളിലേക്ക് പോകാനുണ്ട്. മറ്റ് ജലവൈദ്യുതി പദ്ധതികളിലെ ടണലുകളിലും രക്ഷാപ്രവർത്തനം പുരോഗമിക്കുന്നുണ്ട്. നൂറിലേറെ പേർ ഇൗ ടണലുകളിൽ കുടുങ്ങിയിട്ടുണ്ടാകുമെന്നാണ് കണക്കാക്കുന്നത്. ആകെ മരണം 1326 ആയി. നേപ്പാളിൽ 1295 മരണവും ചൈനയിലെ ടിബറ്റ് മേഖലയിൽ 31 മരണവുമാണ് റിപ്പോർട്ട് ചെയ്‌തിട്ടുള്ളത്. അയ്യായിരത്തിലേറെ പേരെ കാണാതായി. 277 ഇന്ത്യക്കാരെ കാണാതായി.










0 comments