print edition ആശിഷ് ജോഷിയിൽനിന്ന് പൊലീസിന് അറിയേണ്ടത് ഇതുമാത്രം; എങ്ങനെ അറിഞ്ഞു?


സ്വന്തം ലേഖകൻ
Published on Sep 05, 2026, 01:35 AM | 1 min read
ന്യൂഡൽഹി: ‘ജന്തർമന്തർ പ്രക്ഷോഭത്തെ അടിച്ചമർത്താനുള്ള പൊലീസ് നീക്കത്തെച്ചൊല്ലി ആഭ്യന്തര മന്ത്രി അമിത് ഷായും ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹനും തമ്മിൽ തർക്കമുണ്ടായെന്ന വിവരം എങ്ങനെ അറിഞ്ഞു?’– സ്‌പെഷൽ സെൽ ഉദ്യോഗസ്ഥർ തന്നോട് മുഖ്യമായും ചോദിച്ചത് ഇൗ ചോദ്യമാണെന്ന് ഒരു പകൽ മുഴുവൻ ഡൽഹി പൊലീസ് അന്യായമായി കസ്റ്റഡിയിൽ വെച്ച മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ആശിഷ് ജോഷി വെളിപ്പെടുത്തി.
നിലവിലെ എസ്‌ഐആർ പ്രക്രിയയെയും തെരഞ്ഞെടുപ്പ് നടത്തിപ്പിനെയും വിമർശിച്ചുള്ള സമൂഹമാധ്യമ കുറിപ്പുമായി ബന്ധപ്പെട്ടാണ് ആശിഷ് ജോഷിയെ ചോദ്യംചെയ്യാനെന്ന പേരിൽ ഡൽഹി പൊലീസ് സ്‌പെഷൽ സെൽ ഉദ്യോഗസ്ഥർ ബുധനാഴ്‌ച കസ്റ്റഡിയിലെടുത്തത്. രാവിലെ 8.40 ന് നെഹ്‌റു പാർക്കിൽ നിന്ന് കസ്റ്റഡിയിലെടുത്ത ജോഷിയെ രാത്രി ഏഴുമണിക്കാണ് വിട്ടയച്ചത്.
ബംഗാൾ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സമൂഹമാധ്യമ പോസ്റ്റിന്റെ പേരിലാണ് കസ്റ്റഡിയിൽ എടുത്തതെങ്കിലും ചോദ്യം മുഴുവൻ അമിത് ഷായും ആഭ്യന്തര സെക്രട്ടറിയുമായുള്ള തർക്കത്തെക്കുറിച്ചായിരുന്നുവെന്ന് ആശിഷ് ജോഷി മാധ്യമങ്ങളോട് പറഞ്ഞു.
ആഭ്യന്തര മന്ത്രിയും ആഭ്യന്തര സെക്രട്ടറിയും തമ്മിൽ ഭിന്നതയുണ്ടായെന്ന വിവരത്തിന്റെ സ്രോതസ്സാണ് അവർക്ക് അറിയേണ്ടിയിരുന്നത്. എഴുപത് ശതമാനം ചോദ്യങ്ങളും ഇൗ വിഷയത്തെക്കുറിച്ചായിരുന്നു. ആരാണ് ഇൗ വിവരം കൈമാറിയതെന്ന് അവർ തുടർച്ചയായി ചോദിച്ചു.
എന്നാൽ വെളിപ്പെടുത്താനാവില്ലെന്ന നിലപാടിൽ ഉറച്ചുനിന്നതായും ജോഷി പറഞ്ഞു.
തെരഞ്ഞെടുപ്പ് പ്രക്രിയയിൽ അട്ടിമറി നടക്കുന്നുണ്ടെങ്കിൽ അവർക്കെതിരെ ന്യൂറംബർഗ് ശൈലിയിലുള്ള വിചാരണ വേണ്ടി വരുമെന്ന് ആഗസ്‌ത് 26ന് താൻ പോസ്റ്റിട്ടിരുന്നു. ന്യൂറംബർഗ് വിചാരണ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമുണ്ടായി.
ഇന്ത്യൻ ഭരണഘടനയെ വഞ്ചിച്ച എല്ലാവരെയും നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നാണ് താൽപ്പര്യപ്പെട്ടതെന്ന് അവരെ അറിയിച്ചതായും ജോഷി പറഞ്ഞു.










0 comments