തുടർപ്രക്ഷോഭങ്ങൾ പ്രഖ്യാപിച്ച് സിപിഐ

ന്യൂഡൽഹി: ഡൽഹി ചലോ മാർച്ചിന്റെ വിജയത്തിന് പിന്നാലെ ‘മാറ്റം അനിവാര്യമാണ്’ മുദ്രാവാക്യമുയർത്തിയുള്ള തുടർപ്രക്ഷോഭങ്ങളുമായി സിപിഐ. മാർച്ചിനെ തകർക്കാൻ പരമാവധി ശ്രമിച്ചിട്ടും മോദി സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പ്രതിഷേധിക്കാൻ എൺപതിനായിരം പേരാണ് രാംലീല മൈതാനിയിൽ എത്തിയതെന്നും തുടർപ്രക്ഷോഭങ്ങൾ ശക്തമാക്കുമെന്നും ജനറൽ സെക്രട്ടറി ഡി രാജ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഗാന്ധിജയന്തി ദിനം മതസൗഹാർദ ദിനമായി ആചരിക്കും. സംഘപരിവാറിന്റെ വർഗീയ ധ്രുവീകരണം ചെറുക്കുകയാണ് ലക്ഷ്യം. നവംബർ ഏഴ് വിപ്ലവ ദിനമായും ആചരിക്കും. ഡിസംബർ 1, 2, 3 തീയതികളിൽ അഞ്ച് ലക്ഷം പേർ അറസ്റ്റ് വരിക്കുന്ന ജയിൽ നിറയ്‌ക്കൽ സമരം നടത്തും.
വനിതാ മാധ്യമപ്രവർത്തകരെ മർദിച്ച ഡൽഹി പൊലീസ് നടപടിയെ സിപിഐ അപലപിച്ചു. അയോധ്യ സംഭാവനക്കൊള്ളയിൽ വ്യക്തത വരുത്താൻ സർക്കാർ തയ്യാറാകാത്തത് ദുരൂഹമാണ്. കേരളത്തിലെ പ്രതിപക്ഷ ഉപനേതൃപദവി സംബന്ധിച്ച് ദേശീയ കൗൺസിൽ ചർച്ച ചെയ്‌തിട്ടില്ല. സംസ്ഥാനതലത്തിലാണ് തീരുമാനമെടുക്കുക. നിയമസഭാ തെരഞ്ഞെടുപ്പുകളിൽ ബിജെപിയെ തോൽപ്പിക്കാൻ ജനാധിപത്യ മതനിരപേക്ഷ പാർടികളുമായി സഹകരിക്കുമെന്നും ഡി രാജ പറഞ്ഞു.










0 comments