ഉദ്യോഗാർഥികളെ വഞ്ചിക്കുന്ന യുഡിഎഫ് ഭരണം

കഴിഞ്ഞ പത്തുവർഷം രണ്ട് എൽഡിഎഫ് സർക്കാരുകൾ സംസ്ഥാനത്ത് പിഎസ്‌സി നിയമനമേഖലയിൽ അനന്യമാതൃകയാണ് സൃഷ്‌ടിച്ചതെന്ന വസ്‌തുത രാഷ്‌ട്രീയ എതിരാളികൾക്കും നിഷേധിക്കാനാകില്ല. രാജ്യമൊട്ടുക്ക് സർക്കാർ വകുപ്പുകളിലും റെയിൽവേ അടക്കമുള്ള പൊതുമേഖലാ സ്ഥാപനങ്ങളിലും ദശലക്ഷക്കണക്കിന് ഒഴിവുകൾ നികത്താതിരിക്കുമ്പോൾ കേരളത്തിൽ സർക്കാർ മേഖലയിലെ നിയമനത്തിൽ പത്തുവർഷത്തെ പ്രകടനം സമാനതകളില്ലാത്തതായിരുന്നു. 3,15,512 പേർക്ക് നിയമനം നൽകാൻ എൽഡിഎഫ് സർക്കാരുകൾക്ക് സാധിച്ചത് ചെറിയ നേട്ടമല്ല.
ചെലവുചുരുക്കലിനായുള്ള നവ ഉദാര നയ കുറിപ്പടികളിൽ ഒന്നാമത്തേതാണ് നിയമന നിരോധനം. കേന്ദ്രസർക്കാരിലെ വിവിധ വകുപ്പുകളിൽ പത്തുലക്ഷത്തോളം തസ്‌തികകളിൽ നിയമനം നടത്താതെ ഒഴിച്ചിട്ടിരിക്കുന്നു; രാജ്യത്തെ വിവിധ റെയിൽവേ സോണുകളിലായി മൂന്നുലക്ഷത്തോളം തസ്‌തികകളും. മറ്റ് പൊതുമേഖലാ സ്ഥാപനങ്ങളിലെ ഒഴിച്ചിട്ട തസ്‌തികകളുടെ എണ്ണം ഇൗ കണക്കുകളിൽ പെടുന്നില്ല. റെയിൽവേയിൽ നിർണായകമായ സുരക്ഷാ കാറ്റഗറികളിൽപ്പെട്ട തസ്‌തികകളാണ് പകുതിയിലേറെയും ഒഴിച്ചിട്ടിരിക്കുന്നത്. എല്ലാ റെയിൽവേ സോണുകളിലും അനുവദനീയമായ മനുഷ്യശക്തിയുടെ രണ്ടുശതമാനം കുറയ്‌ക്കാൻ റെയിൽവേ ബോർഡ് കഴിഞ്ഞ ഏപ്രിൽ 24ന് സർക്കുലർ പുറപ്പെടുവിച്ചത് ഇൗ വിഷയത്തിന്റെ ഗൗരവം കൂട്ടുന്നു. ആകെ അനുവദിച്ച ജീവനക്കാരുടെ എണ്ണം 14.80 ലക്ഷമാണ്. പുതിയ സർക്കുലർപ്രകാരം ഈ സാമ്പത്തികവർഷം 29,608 തസ്‌തികകൾ നിർത്തലാക്കുകയോ പുനർവിന്യസിക്കുകയോ ചെയ്യും.
കോൺഗ്രസ് അധികാരത്തിലുള്ളപ്പോഴാണ് ഇൗ പ്രവണതയ്ക്ക് തുടക്കംകുറിച്ചത്. ഏത് സർക്കാർ സർവീസിൽനിന്നും മൂന്നുപേർ വിരമിച്ചാൽ പകരം ഒരാളെ നിയമിച്ചാൽ മതിയെന്ന് നിർദേശിക്കപ്പെട്ടത് കോൺഗ്രസ് നേതാവ് ഡോ. മൻമോഹൻ സിങ് രാജ്യം ഭരിച്ചപ്പോഴാണ്. ബിജെപി സർക്കാർ കോൺഗ്രസിനേക്കാൾ തീവ്രമായി നിയമനനിരോധനം നടപ്പാക്കുകയും ചെയ്യുന്നു.
ഇൗ സാഹചര്യത്തിലാണ് കേരളത്തിൽ പിഎസ്‌സി റാങ്ക് പട്ടികകളുടെ കാലാവധി തുടർച്ചയായി നീട്ടുന്ന രീതി യുഡിഎഫ് സർക്കാർ ശക്തമാക്കുന്നത്. ഒഴിവുകൾ റിപ്പോർട്ട് ചെയ്യുന്നതിൽ അനാവശ്യ കാലതാമസമുണ്ടാക്കുന്നത് പതിവാക്കി. റാങ്ക് പട്ടികയിൽ ഇടംനേടിയവർ ഇതിനെതിരെ പ്രതിഷേധിച്ചപ്പോൾ അതിന് പ്രതിവിധിയായാണ് പട്ടികയുടെ കാലാവധി നീട്ടൽ. ഇത്തരത്തിൽ 18 പട്ടികകളുടെ കാലാവധിയാണ് കഴിഞ്ഞദിവസം ആറുമാസത്തേക്ക് നീട്ടിയത്. സെപ്‌തംബർ, ഒക്‌ടോബർ, നവംബർ മാസങ്ങളിൽ കാലാവധി തീരുന്ന പട്ടികകളാണിത്. നിലവിലെ പട്ടികയിലുള്ളവർക്ക് താൽക്കാലികാശ്വാസം പകരുമെന്ന പ്രതീതിയുണ്ടാക്കുമെങ്കിൽ പുറത്തുനിൽക്കുന്ന പതിനായിരങ്ങൾക്ക് അവസരം നഷ്‌ടമാകുന്ന സ്ഥിതിയാണ് ഉണ്ടായിരിക്കുന്നത്.
പിഎസ്‌സി പരീക്ഷകൾ സമയബന്ധിതമായി നടത്തി റാങ്ക് ലിസ്റ്റ് യഥാസമയം പ്രസിദ്ധീകരിച്ചും പരമാവധി നിയമനം നടത്തിയും എൽഡിഎഫ് സർക്കാർ നടപ്പാക്കിവന്ന നയത്തിന് കടകവിരുദ്ധമാണ് യുഡിഎഫ് സർക്കാരിന്റെ സമീപനം. സ്വാഭാവികമായും ഇത് ഉദ്യോഗാർഥികളോടുള്ള കടുത്ത വഞ്ചനയുമാണ്. തൊഴിൽരഹിതരോടുള്ള യുഡിഎഫ് സർക്കാരിന്റെ മനുഷ്യത്വവിരുദ്ധ സമീപനത്തിന്റെ മറ്റൊരു ഉദാഹരണമാണ് മോട്ടോർ വാഹനവകുപ്പിലെ 88 താൽക്കാലിക ഡ്രൈവർ തസ്‌തിക ഒഴിവാക്കി പിഎസ്‌സിവഴി നിയമനം നൽകണമെന്ന ട്രാൻസ്‌പോർട്ട് കമീഷണറുടെ ശുപാർശ തള്ളിയ സംസ്ഥാന സർക്കാർ തീരുമാനം. പിഎസ്‌സിവഴി നിയമനം നടത്തണമെന്നാവശ്യപ്പെട്ട് ബുധനാഴ്‌ച മുഖ്യമന്ത്രി വി ഡി സതീശന്റെ ഓഫീസിലെത്തിയ ഉദ്യോഗാർഥികളോട് ‘നിങ്ങളൊക്കെ എത്ര സമരം ചെയ്‌തിട്ടും കാര്യമില്ല. നിങ്ങൾക്ക് പണി തരില്ല. വേണമെങ്കിൽ കിളയ്ക്കാൻ പൊയ്‌ക്കോ’ എന്ന് ഒരുന്നതൻ ആക്രോശിച്ചത്. വി ഡി സതീശൻ നയിക്കുന്ന സർക്കാരിന് തൊഴിൽരഹിതരോടുള്ള നിഷേധസമീപനത്തിന് ഇതിൽപ്പരം മറ്റെന്ത് തെളിവ് വേണം.
ബിരുദധാരികളുടെ തൊഴിലില്ലായ്‌മ 40 ശതമാനംവരെ ഉയർന്ന ഒരു രാജ്യത്തെ ചെറുപ്പക്കാരോടാണ് ഇൗ ആക്രോശം എന്നോർക്കണം. മാന്യമായ തൊഴിൽ ലഭിക്കില്ലെന്ന നിരാശയാൽ, തങ്ങളുടെ കുടുംബത്തെ സഹായിക്കാനായി യുവജനങ്ങൾ വിദ്യാഭ്യാസത്തിൽനിന്ന് പിൻവലിയുന്ന അപകടകരമായ പ്രവണതയിലേക്കാണ് ഇത്തരം സമീപനങ്ങൾ നയിക്കുക. എല്ലാ സേവനമേഖലയിൽനിന്നും പിന്മാറാൻ താൽപ്പര്യപ്പെടുന്ന സർക്കാരുകളും അതുതന്നെയാണ് ആഗ്രഹിക്കുന്നത്.










0 comments