ad
Deshabhimani

print edition ചെറുകിട കർഷകർ പ്രതിസന്ധിയിൽ ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞു

BEEF-BCHICKEN
avatar
സ്വന്തം ലേഖകൻ

Published on Sep 05, 2026, 01:30 AM | 1 min read

ആലപ്പുഴ: ഓണത്തിന് പിന്നാലെ ഇറച്ചിക്കോഴി വില കുത്തനെ ഇടിഞ്ഞത് ചെറുകിട കോഴി കർഷകർക്ക് തിരിച്ചടിയാകുന്നു. ഒരാഴ്ചയ്ക്കിടെ കിലോയ്ക്ക് 40 രൂപയോളമാണ് കുറഞ്ഞത്.


ഓണത്തിനുമുമ്പ് കിലോയ്ക്ക്‌ 150 മുതൽ 160 രൂപ വരെ ഉണ്ടായിരുന്ന ഇറച്ചിക്കോഴിയുടെ വിപണിവില ഇപ്പോൾ 120 മുതൽ 130 രൂപ വരെയായി. ഇറച്ചിയുടെ വില കിലോയ്ക്ക്‌ 250-260ൽ നിന്നും 210–220ലേക്ക്‌ ഇടിഞ്ഞു.


വിപണിവില ഇടിഞ്ഞതിനൊപ്പം കർഷകർക്ക് ലഭിക്കുന്ന വിലയും കുത്തനെ കുറഞ്ഞു. ജൂലൈയിൽ ഒരുകിലോ കോഴിക്ക് 100 രൂപയ്ക്കു മുകളിൽ ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ 75 മുതൽ 80 രൂപ വരെയാണ് കർഷകർക്ക് ലഭിക്കുന്നത്.


ഉത്പ്പാദനച്ചെലവിനേക്കാൾ കുറഞ്ഞവിലയ്ക്ക് കോഴികളെ വിൽക്കേണ്ടിവരുന്നത് കർഷകരെ വലിയ സാമ്പത്തിക പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ഓണവിപണി ലക്ഷ്യമിട്ട് ചെറുകിട കർഷകർ വലിയതോതിൽ കോഴികളെ വളർത്തിയിരുന്നു. എന്നാൽ പ്രതീക്ഷിച്ച വില ലഭിക്കാതെ വന്നതോടെ പലർക്കും നഷ്ടം നേരിടേണ്ടിവന്നു.


ഇതരസംസ്ഥാനങ്ങളിൽനിന്ന് വൻതോതിൽ കുറഞ്ഞവിലയ്ക്ക് ഇറച്ചിക്കോഴി കേരളത്തിലെ വിപണിയിലെത്തുന്നതാണ് വിലയിടിവിന്റെ പ്രധാന കാരണങ്ങളിലൊന്നെന്ന് ഓൾ കേരള പോൾട്രി ഫെഡറേഷൻ ചൂണ്ടിക്കാട്ടുന്നു. അതേസമയം, കോഴിക്കുഞ്ഞിനും കോഴിത്തീറ്റയ്ക്കും വില തുടർച്ചയായി ഉയരുകയാണ്. ഉത്പാദനച്ചെലവ് വർധിക്കുമ്പോൾ വിപണിവില താഴുന്നതാണ് കർഷകരുടെ പ്രതിസന്ധി രൂക്ഷമാക്കുന്നത്.


വിലയിടിവ് തുടർന്നാൽ ചെറുകിട കർഷകർ കൃഷിയിൽനിന്ന് പിന്മാറേണ്ടിവരുമെന്നും കർഷകരും വ്യാപാരികളും മുന്നറിയിപ്പ് നൽകുന്നു. അന്യസംസ്ഥാനങ്ങളിൽനിന്നുള്ള കോഴിയുടെ വരവ് നിയന്ത്രിക്കുന്നതടക്കമുള്ള നടപടികളുമായി സർക്കാർ അടിയന്തരമായി ഇടപെടണമെന്ന ആവശ്യം ശക്‌തമാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home