print edition വീണ്ടും നീരജ് x പതിരഗെ; മത്സരം 21ന്

രുമേഷ് തരംഗ പതിരഗെ, നീരജ് ചോപ്ര
ന്യൂഡൽഹി : ജാവലിൻ ത്രോയിൽ നീരജ് ചോപ്രയും കോമൺവെൽത്ത് ഗെയിംസ് ചാന്പ്യൻ രുമേഷ് തരംഗ പതിരഗെയും തമ്മിലുള്ള മുഖാമുഖത്തിന് വീണ്ടും കളമൊരുങ്ങുന്നു. 21ന് നടക്കുന്ന ലോസെൻ ഡയമണ്ട് ലീഗിൽ ഇരുവരും മത്സരിക്കും.
നീരജും പതിരഗെയും ഉൾപ്പെടെ കോമൺവെൽത്ത് ഗെയിംസിൽ മത്സരിച്ച അഞ്ച് പേർ ലോസെനിൽ ഇറങ്ങും. ഗ്ലാസ്‌ഗോ ഗെയിംസിൽ വെള്ളിയായിരുന്നു നീരജിന്. പരിക്കുമാറിയശേഷമുള്ള ആദ്യ പ്രധാന മീറ്റിൽ 85.83 മീറ്റർ എറിഞ്ഞ് സീസണിലെ മികച്ച ദൂരവും കുറിക്കാനായി. മികച്ച പ്രകടനം തുടരുന്ന പതിരഗെ 89.75 മീറ്ററിലാണ് സ്വർണം നേടിയത്.
പതിരഗയെ കൂടാതെ ഒളിന്പിക്‌സ് ചാന്പ്യൻ പാകിസ്ഥാന്റെ അർഷാദ് നദീം, ലോക ചാന്പ്യൻ ട്രിനിഡാഡിന്റെ കെഷോൺ വാൽകോട്ട്, മുൻ ലോക ചാന്പ്യൻ ഗ്രനഡയുടെ ആൻഡേഴ്‌സൺ പീറ്റേഴ്‌സ്, മുൻ ഒളിന്പിക്‌സ് ചാന്പ്യൻ ജർമനിയുടെ തോമസ് റോഹ്‌ലെർ എന്നിവരും നീരജിന് വെല്ലുവിളിയായുണ്ട്.
ചെക്ക് റിപ്പബ്ലിക്കിന്റെ യാക്കൂബ് വാദ്‌ലെ, ജർമനിയുടെ ജൂലിയൻ വെബെർ എന്നിവരും ഇറങ്ങും. പരിക്കിനുശേഷമുള്ള മൂന്നാമത്തെ മത്സരമാണ് നീരജിന്. ദോഹ ഡയമണ്ട് ലീഗിലായിരുന്നു തുടക്കം. 85.69 മീറ്റർ എറിഞ്ഞ് നാലാമതായി. 2024ൽ ലോസെനിൽ 89.49 മീറ്റർ എറിഞ്ഞ് ഇരുപത്തെട്ടുകാരൻ വെള്ളി നേടിയിരുന്നു. 2022ൽ 89.08 മീറ്ററിൽ സ്വർണവും.










0 comments