print edition അഞ്ച് വർഷത്തിൽ ഇഡി എടുത്തത് 4622 കേസ്; ശിക്ഷാവിധി ലഭിച്ചത് 43 എണ്ണത്തിൽമാത്രം

സ്വന്തം ലേഖകൻ
Published on Aug 05, 2026, 02:33 AM | 1 min read
ന്യൂഡൽഹി: ഇഡി അഞ്ച് വർഷത്തിനിടെ 4,622 കേസുകൾ രജിസ്റ്റർ ചെയ്‌തെങ്കിലും ശിക്ഷാവിധിലഭിച്ചത് 43 കേസിൽ മാത്രം. കേന്ദ്രസർക്കാർ വി ശിവദാസന് രാജ്യസഭയിൽ നൽകിയ മറുപടിയിലാണ് ഇൗ കണക്ക്. 2021-–2022 മുതൽ 2025–20-26 വരെ പിഎംഎൽഎ പ്രകാരം ഇഡി 4,622 കേസുകൾ രജിസ്‌റ്റർ ചെയ്‌ത് 1,243 പേരെ അറസ്‌റ്റ് ചെയ്‌തു. 43 കേസിൽ മാത്രമാണ് ശിക്ഷാവിധിയുണ്ടായത്. ആകെ രജിസ്റ്റർ ചെയ്‌ത കേസുകളുടെ ഒരു ശതമാനത്തിൽ താഴെയാണിത്. കുറ്റക്കാരാണെന്ന് കോടതി കണ്ടെത്തിയത് 104 പേരെ (രണ്ട് ശതമാനം) മാത്രം.
എത്ര കേസുകളിൽ വിചാരണ ആരംഭിച്ചു, എത്ര കേസുകൾ കോടതികളിൽ കെട്ടിക്കിടക്കുന്നു, എത്ര കേസുകൾ അഞ്ച് വർഷത്തിലേറെയായി തീർപ്പാകാതെ തുടരുന്നു, ശരാശരി ഒരു കേസ് തീരാൻ എത്ര വർഷമെടുക്കുന്നു, എത്ര പേർ കുറ്റവിമുക്തരായി, അറസ്‌റ്റ് ചെയ്യപ്പെട്ടവരിൽ എത്ര പേർ ഇപ്പോഴും വിചാരണത്തടവുകാരായി ജയിലുകളിൽ തുടരുന്നു തുടങ്ങിയ ചോദ്യങ്ങൾക്കൊന്നും കൃത്യമായ മറുപടിയില്ല.
ആദായനികുതി കഴിഞ്ഞ അഞ്ച് വർഷത്തിനിടെ രജിസ്‌റ്റർ ചെയ്‌തത് 2127 കേസാണ്. ശിക്ഷിക്കപ്പെട്ടത് 233 കേസുകളിൽ. കേവലം 11 ശതമാനത്തിൽ താഴെയാണിത്. 854 കേസുകളിൽ പ്രതികളെ കുറ്റവിമുക്തരാക്കി.









0 comments