പിലിക്കോട് സർവീസ് സഹകരണ ബാങ്കിൽ നിയമനത്തിന്റെ മറവിൽ വീണ്ടും കോഴ

പിലിക്കോട് കോൺഗ്രസ് നിയന്ത്രണത്തിലുള്ള പിലിക്കോട് സർവീസ് സഹകരണ ബാങ്കിൽ നിയമനത്തിന്റെ മറവിൽ വീണ്ടും കോഴ. കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ പരാതിയിൽ ഡിസിസി ഇടപ്പെട്ടതോടെ ബുധൻ നിശ്ചയിച്ച അഭിമുഖം മാറ്റി. ബാങ്കിൽ കാഷ്യർ, ക്ലർക്ക് എന്നീ രണ്ട് ഒഴിവിലേക്കാണ് നിയമനം നടത്തുന്നത്. കണ്ണൂരിലെ ഡിസിസി നേതാവിന്റെ ശുപാർശ പ്രകാരം കാഞ്ഞങ്ങാട് സ്വദേശിയിൽനിന്നുമാണ് ജോലി നൽകാമെന്ന ഉറപ്പിൽ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയത്. കോഴവിവാദം നാട്ടിൽ പാട്ടായതോടെ മണ്ഡലം കമ്മിറ്റി ഡിസിസിക്ക് പരാതി നൽകി. ഇതേ തുടർന്ന് കഴിഞ്ഞ ദിവസം ഡിസിസി പ്രസിഡന്റ് നേരിട്ട് യുവതിയെയും കോഴിക്കോട് സ്വദേശിയായ ഭർത്താവിനെയും ഫോണിൽ വിളിച്ച് വസ്തുത ചോദിച്ചറിഞ്ഞു. മണ്ഡലം കമ്മിറ്റി ഉന്നയിച്ച പരാതിയിൽ കഴമ്പുണ്ടന്ന് മനസ്സിലാക്കിയാണ് ബുധൻ നടത്തേണ്ട അഭിമുഖം മാറ്റിയത്. ബാങ്കിന്റെ മുൻ സെക്രട്ടറി പണയ ഉരുപ്പടികൾ തട്ടിയെടുത്ത് പകരം മുക്കുപണ്ടം വെച്ച് തട്ടിപ്പുനടത്തിയതും നിയമനത്തിൽ ലക്ഷങ്ങളുടെ കോഴ വാങ്ങിയതും ഉൾപ്പെടെ നിരവധി ആരോപണങ്ങൾ മുൻകാലങ്ങളിൽ ബാങ്കിനെതിരെ ഉയർന്നിരുന്നു.









0 comments