ad
Deshabhimani

മണ്ണറിഞ്ഞ്‌ പത്താണ്ട്‌; മാതൃകയാണ്‌ പുനർജനി

മടിക്കൈ ചുള്ളിമൂലയിലെ പുനർജനി പുരുഷ സ്വയം സഹായ സംഘം പ്രവർത്തകർ കപ്പത്തോട്ടത്തിൽ
വെബ് ഡെസ്ക്

Published on Aug 05, 2026, 03:00 AM | 1 min read

മടിക്കൈ മണ്ണിൽ പൊന്നുവിളയിച്ച്‌ മടിക്കൈ ചുള്ളിമൂലയിലെ പുനർജനി പുരുഷ സ്വയം സഹായ സംഘം പത്താം വർഷത്തിന്റെ നിറവിൽ. പത്താം വർഷത്തിൽ 10,000 കപ്പക്കൂട്ടം എന്ന വ്യത്യസ്തവും ശ്രമകരവുമായ ദൗത്യത്തിലാണ് സംഘം. പത്ത് വർഷമായി കാർഷിക മേഖലക്കൊപ്പം ജീവകാരുണ്യ, കലാ-സാംസ്കാരിക രംഗത്തും വ്യത്യസ്‌തമായ പ്രവർത്തനങ്ങളുമായി സാമൂഹിക പ്രതിബദ്ധതയോടെ മുന്നേറുകയാണുവർ. ചുള്ളിമൂലയിലെ പാടശേഖരത്തിൽ തരിശായി കിടന്നിരുന്ന 10 ഏക്കർ വയൽ കൃഷിയോഗ്യമാക്കി, നൂറുമേനി വിളവെടുത്ത് കൂട്ടായ്മയുടെ കരുത്തും കൃഷിയുടെ വിജയവും തെളിയിച്ചു. കൂടാതെ മഞ്ഞൾ, വിവിധ പച്ചക്കറികൾ എന്നിവയും സ്ഥിരമായി കൃഷിയിറക്കി കാർഷിക സംസ്കൃതിയെ തിരിച്ചുപിടിക്കുകയാണ് കൂട്ടായ്മ. 10 വർഷം പൂർത്തിയാക്കുന്ന വേളയിൽ വാർഷികാഘോഷത്തിന്റെ ഭാഗമായി “10 വർഷം – 10,000 കപ്പക്കൂട്ടം” എന്ന ലക്ഷ്യവുമായാണ്‌ ഈ വർഷത്തെ കാർഷിക പ്രവർത്തനങ്ങൾക്ക്‌ തുടക്കംകുറിക്കുന്നത്‌. ഉദ്യോഗസ്ഥരും കച്ചവടക്കാരും കൂലിപ്പണിക്കാരും എല്ലാം അടങ്ങിയ കൂട്ടായ്മ ഒഴിവുസമയങ്ങളിലും ഒഴിവുദിവസങ്ങളിലുമാണ് കൃഷിക്ക്‌ സമയം കണ്ടെത്തുന്നത്. കൃഷി നഷ്ടമാണെന്ന പലരുടെയും വാദത്തെ ഇവർ തിരുത്തിപ്പറയുന്നു. ആത്മാർത്ഥ പരിശ്രമവും മനസുമുണ്ടെങ്കിൽ ഏത് കൃഷിയിലും വിജയം കൈവരിക്കാം എന്ന്‌ ഇവർ തെളിയിക്കുന്നു. സി സത്യൻ ചുള്ളിമൂല സെക്രട്ടറിയും ബാലകൃഷ്ണൻ ചുള്ളിവീട് പ്രസിഡന്റുമായ സംഘം കൃഷിയിൽ തുടരാൻ തന്നെയാണ് തീരുമാനം. വിഷരഹിതവും ഗുണമേന്മേയുള്ളതുമായ ഭക്ഷ്യവസ്തുക്കൾ പ്രദേശത്തെ വീട്ടുകാർക്ക് എത്തിച്ചുകൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇവർ കൃഷിയിലേക്കിറങ്ങിയത്. അതുകൊണ്ടുതന്നെ വിളവെടുത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഉത്പന്നങ്ങൾ വിറ്റുപോവുകയും ചെയ്യുന്നു. ആവശ്യമായ നിർദ്ദേശങ്ങളും സഹായവുമായി മടിക്കൈ കൃഷിഭവനും ഒപ്പമുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home