ടൂറിസംകേന്ദ്രത്തിൽ മാലിന്യക്കൂമ്പാരം

നീലേശ്വരം കായലോരത്തെ ടൂറിസംകേന്ദ്രത്തിൽ മാലിന്യക്കൂമ്പാരം. കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിലെ ബേക്കൽ റിസോർട്ട്സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെ സ്വീകരണകേന്ദ്രവും പരിസരവുമാണ് മാലിന്യകൊണ്ട് നിറഞ്ഞത്. ഉത്തര മലബാർ റിവർ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായി പ്രവർത്തിക്കുന്ന പ്രധാനപ്പെട്ട ടൂറിസം കേന്ദ്രത്തിന്റെതാണ് ഇൗ അവസ്ഥ. അധികൃതരുടെ അനാസ്ഥയും കടുത്ത അവഗണനയുംകൊണ്ടാണ് പ്രദേശം വൃത്തിഹീനമായതെന്ന് ബന്ധപ്പെട്ടവർ പറയുന്നു. ടെർമിനലിന്റെ കവാടത്തിലും സ്വീകരണകേന്ദ്രത്തിന്റെ പടവുകളിലും കാർഡ്ബോർഡ് പെട്ടികൾ, പ്ലാസ്റ്റിക് മാലിന്യം, മറ്റ് അവശിഷ്ടങ്ങൾ എന്നിവ കുന്നുകൂടിക്കിടക്കുന്ന നിലയിലാണ്. യഥാസമയങ്ങളിൽ മാലിന്യം നീക്കംചെയ്യാത്തതിനാൽ ഇവിടെ ചീഞ്ഞുനാറുന്ന അവസ്ഥയാണ്. നിലവിൽ ടെർമിനലിന്റെ നിയന്ത്രണം രണ്ട് വകുപ്പുകളുടെ കീഴിലാണുള്ളത്. ടെർമിനൽ നിയന്ത്രിക്കുന്നത് ടൂറിസം വകുപ്പാണ്. സ്വീകരണകേന്ദ്രം ബേക്കൽ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ കീഴിലുമാണ്. ഏകോപനവും ഉത്തരവാദിത്തമില്ലായ്മയുമാണ് ദുരവസ്ഥയ്ക്ക് കാരണമെന്ന ആക്ഷേപവുമുണ്ട്. ഹൗസ്ബോട്ട് ടെർമിനലിലേക്ക് ആഭ്യന്തര, വിദേശ ടൂറിസ്റ്റുകളായി നിരവധിപേരാണ് എത്തുന്നത്. മൂക്കുപൊത്തിയാണ് നിലവിൽ ടൂറിസ്റ്റുകൾ കായലോരത്ത് സമയം തള്ളിനീക്കുന്നത്. അതേസമയം, കോട്ടപ്പുറം ഹൗസ് ബോട്ട് ടെർമിനലിന്റെ നിയന്ത്രണം പൂർണമായും നീലേശ്വരം നഗരസഭയ്ക്ക് വിട്ടുകൊടുക്കണമെന്ന ആവശ്യവുമുണ്ട്. നഗരസഭയുടെ നിയന്ത്രണത്തിലായാൽ നിരവധി വികസന സാധ്യതകളാണ് ഇവിടെയുള്ളതെന്ന് നാട്ടുകാർ പറയുന്നു. പ്രധാന ടൂറിസം കേന്ദ്രത്തിൽ എത്തുന്ന സഞ്ചാരികൾക്ക് ദുരിതം സൃഷ്ടിക്കുന്ന ഈ സ്ഥിതിക്കെതിരെ നാട്ടുകാരും ടൂറിസം പ്രവർത്തകരും രംഗത്തെത്തിയിട്ടുണ്ട്. ഉടൻ പ്രദേശം ശുചീകരിക്കാനും കുന്നുകൂടിക്കിടക്കുന്ന മാലിന്യം നീക്കംചെയ്യാനും ബിആർഡിസി അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.









0 comments