ആദിവാസി വിഭാഗത്തിൽപെട്ടവരും ഇരകൾ വനംവകുപ്പിൽ കൂട്ടപ്പിരിച്ചുവിടൽ

വെള്ളരിക്കുണ്ട് വനംവകുപ്പിൽ വർഷങ്ങളായി ജോലിചെയ്യുന്ന താൽകാലിക ജീവനക്കാരെ ഒരു കാരണവുമില്ലാതെ പിരിച്ചുവിട്ടു. പത്തും പതിനഞ്ചും വർഷംവരെ ജോലിചെയ്ത ജില്ലയിലെ വിവിധ പ്രദേശങ്ങളിലെ 20 പേരെയാണ് ശമ്പളംപോലും തീർത്തു നൽകാതെ പിരിച്ചുവിട്ടത്. ആദിവാസി വിഭാഗത്തിൽപെട്ടവരെയടക്കമാണ് കുട്ട പിരിച്ചുവിടലിന് വിധേയമാക്കിയത്. ഡ്രൈവർ, വാച്ചർ, നൈറ്റ് വാച്ചർ, പാമ്പ് പിടിത്തക്കാർ എന്നിവരടക്കമുള്ളവരെയാണ് ഒരു മാനദണ്ഡവും പാലിക്കാതെ പിരിച്ചു വിട്ടത്. ഭരണമാറ്റം ഉണ്ടായതിനെ തുടർന്ന് സ്വന്തക്കാരെ തിരുകികയറ്റാനാണ് വർഷങ്ങളായി ജോലിചെയ്യുന്ന ജീവനക്കാരെ ഒറ്റ രാത്രികൊണ്ട് പിരിച്ചുവിട്ടത്. പിരിച്ചു വിട്ടതിന് പിന്നാലെ 17 പേരെ നിയമിക്കാനുള്ള രാഷ്ട്രീയ ശുപാർശയും നടത്തിയതായാണ് സൂചന. ഇതിൽ 15 പേരും 55നും 60 ഇടയിൽ പ്രായമുള്ളവരാണ്. ഇവർക്ക് വനംവകുപ്പിനെ ഒരു സാഹചര്യത്തിലും സഹായിക്കാൻ കഴിയില്ലെന്ന് പിരിച്ചുവിട്ടവർ ആരോപിക്കുന്നു. പിരിച്ചുവിടപ്പെട്ടവർ ആകട്ടെ വനംവകുപ്പ് എടുത്ത നിരവധി കേസുകളിൽ സർക്കാരിനെ സഹായിച്ചവരാണ്. അതിന്റെ ഭാഗമായി പലവിധ ഭീഷണികൾ നേരിടുന്നവരുമാണ്. അങ്ങനെ ഉള്ളവരെയാണ് വനംവകുപ്പ് ഭരിക്കുന്ന പാർട്ടിയുടെ ആളുകളെ നിയമിക്കണം എന്ന് വാക്കാൽ പറഞ്ഞ്, ജൂലൈ 31ന് രാത്രി മേലുദ്യോഗസ്ഥർ ആഗസ്റ്റ് 1മുതൽ ജോലിക്ക് വരേണ്ടതില്ലെന്ന് പറഞ്ഞത്. വർഷങ്ങളോളം ജോലിചെയ്ത ആളുകളെ മറ്റൊരു ജോലി കണ്ടെത്താൻ സമയം നൽകാതെ ഒരു മാനുഷിക പരിഗണനപോലും നൽകാതെയാണ് പിരിച്ചു വീട്ടത്. ഇതിൽ പലർക്കും മാർച്ച് മാസത്തിന് ശേഷം ശമ്പളവും നൽകിയിട്ടില്ല. കുടിശ്ശിക ശമ്പളം സംബന്ധിച്ച് ഒരു വിവരവും ഉദ്യോഗസ്ഥർ പറയുകയുംചെയ്തിട്ടില്ല. വലിയ പ്രതിഷേധത്തിലാണ് ജീവനക്കാർ.










0 comments