ദേശീയ ജൂനിയർ (അണ്ടർ 20) മീറ്റ്
അഷ്‌ഫാഖിന് ദേശീയ റെക്കോഡ്

അഷ്ഫാഖ് സ്വർണ മെഡലുമായി
തുംകൂർ (കർണാടക): കേരളത്തിന്റെ മുഹമ്മദ് അഷ്‌ഫാഖിന് ദേശീയ റെക്കോഡിന്റെ തിളക്കം. ദേശീയ ജൂനിയർ (അണ്ടർ 20) അത്‌ലറ്റിക് മീറ്റിൽ പുരുഷന്മാരുടെ 400 മീറ്റർ ഓട്ടത്തിലാണ് നേട്ടം. പുതിയ സമയം 46.05 സെക്കൻഡ്. 2017ൽ അമോജ് ജേക്കബ് സ്ഥാപിച്ച 46.26 സെക്കൻഡ് മായ്‌ച്ചു. ലോക, ഏഷ്യൻ ജൂനിയർ മീറ്റുകൾക്ക് അർഹത നേടി. അഷ്‌ഫാഖിന്റേതടക്കം മൂന്ന് ദേശീയ റെക്കോഡുകൾ കുറിക്കപ്പെട്ടു.
തിരുവനന്തപുരം ജി വി രാജയിലെ പരിശീലകൻ കെ എസ് അജിമോനാണ് അഷ്‌ഫാഖിനെ കണ്ടെടുത്ത് രാജ്യാന്തര അത്‌ലീറ്റായി വളർത്തിയത്. തൃശൂർ പെരിങ്ങനം മടത്തിൽപ്പറന്പിൽ എം കെ അഷ്‌റഫിന്റെയും ജെസീനയുടെയും മകനാണ്. അഞ്ച് കിലോമീറ്റർ നടത്തത്തിൽ ആർമി താരം നിതിൻ ഗുപ്‌തയും ലോങ്ജമ്പിൽ ഉത്തർപ്രദേശിന്റെ ഷാനവാസ് ഖാനും ദേശീയ റെക്കോഡിട്ടു. 19 മിനിറ്റിൽ താഴെ നടത്തം പൂർത്തിയാക്കിയ ആദ്യ ജൂനിയർ താരമായി നിതിൻ.
പുതിയ സമയം 18 മിനിറ്റ് 54.37 സെക്കൻഡ്. ഷാനവാസ് ഖാൻ 8.23 മീറ്റർ ചാടിയാണ് റെക്കോഡോടെ ഒന്നാമതെത്തിയത്. 110 മീറ്റർ ഹർഡിൽസിൽ കേരളത്തിന്റെ കെ കിരണും(13.75 സെക്കൻഡ്) വനിതകളുടെ ഷോട്ട്‌പുട്ടിൽ വി എസ് അനുപ്രിയയും (14.35 മീറ്റർ) സ്വർണം നേടി. ട്രിപ്പിൾ ജമ്പിൽ എം ധനുഷ് രാജും ഒന്നാമതെത്തി.









0 comments