ഇരു കൈകളുമില്ല; പാരാ ഗെയിംസിൽ ഇരട്ട സ്വർണവുമായി ശീതൾ ദേവി

നഗോയ: ഏഷ്യൻ പാരാ ഗെയിംസിൽ ഇന്ത്യക്കായി സ്വർണ മെഡൽ എയ്തിട്ട് ശീതൾ ദേവി. അമ്പെയ്ത്തിൽ രണ്ട് സ്വർണമാണ് ശീതൾ വെള്ളിയാഴ്ച നേടിയത്. ഇരു കൈകളുമില്ലാതെ കാലുകൊണ്ട് ഞാൺ വലിക്കുന്ന ജമ്മു കശ്മീർ സ്വദേശിനി പിഴക്കാത്ത ഉന്നവുമായി ഇന്ത്യയെ മുന്നോട്ട് നയിക്കുകയായിരുന്നു. വനിതകളുടെ വ്യക്തിഗത ഇനത്തിലും കോമ്പൗണ്ട് വിഭാഗം മിക്‌സഡ് ടീം ഇനത്തിലുമാണ് ശീതൾ ദേവി സ്വർണം നേടിയത്. കഴിഞ്ഞ ദിവസം വനിതകളുടെ കോമ്പൗണ്ട് ഡബിൾസ് അമ്പെയ്ത്തിൽ വെള്ളിയും നേടിയിരുന്നു.
വനിതകളുടെ കോമ്പൗണ്ട് ഫൈനലിൽ സിംഗപ്പൂരിന്റെ നൂർ സ്യാഹിദ അലിമിനെയാണ് തോൽപ്പിച്ചത്. മത്സരത്തിന്റെ രണ്ടാം സെറ്റിൽ നാല് പോയിന്റിന് പിന്നിൽ നിന്ന ശേഷം ഉജ്ജ്വലമായ തിരിച്ചുവരവാണ് ശീതൾ നടത്തിയത്. സ്കോർ: 142-138. വെള്ളിയാഴ്ച രാവിലെ കോമ്പൗണ്ട് വിഭാഗം മിക്‌സഡ് ടീം ഇനത്തിൽ ശീതൾ ദേവി- തോമൻ കുമാർ സഖ്യം സ്വർണം നേടിയിരുന്നു. ഫൈനലിൽ ഇന്തോനീഷ്യയെയാണ് സഖ്യം തകർത്തത്. വനിതകളുടെ കോമ്പൗണ്ട് ഡബിൾസ് അമ്പെയ്ത്തിൽ ശീതൾ ദേവി– പായൽ നാഗ് സഖ്യമാണ് വെള്ളി നേടിയത്. സ്വർണ മെഡൽ പോരാട്ടത്തിൽ ചൈനയുടെ ഷാവോ ജിങ്–ഷു ഷുവെക്വിങ് സഖ്യത്തോട് 141–150ന് പരാജയപ്പെടുകയായിരുന്നു.
ശീതളിന്റെ ഏഷ്യൻ പാരാ ഗെയിംസിലെ ആറാമത്തെ മെഡലാണിത്. 2022-ൽ രണ്ട് സ്വർണവും ഒരു വെള്ളിയും നേടിയിരുന്നു. 2024ലെ പാരീസ് പാരാലിമ്പിക്സിൽ വെങ്കലവും 2025ലെ ലോക ചാമ്പ്യൻഷിപ്പിൽ വ്യക്തിഗത സ്വർണവും നേടിയിട്ടുണ്ട്.








0 comments