Deshabhimani

‘പീപ്പിൾ എഗെയിൻസ്റ്റ് എസ്‌ഐആർ’ പ്രതിഷേധത്തിൽ അണിനിരക്കാൻ സിഐടിയു

CITU
വെബ് ഡെസ്ക്

Published on Oct 22, 2026, 06:55 PM | 1 min read

ന്യൂഡൽഹി : എസ്‌ഐആർ പിൻവലിക്കണമെന്നും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ രാജിവക്കണമെന്നും ആവശ്യപ്പെട്ട് വെള്ളിയാഴ്ച രാജ്യവ്യാപക പ്രതിഷേധത്തിൽ പങ്കെടുക്കണമെന്ന് സിഐടിയു. 'പീപ്പിൾ എഗെയിൻസ്റ്റ് എസ്‌ഐആർ' ദേശീയ പ്ലാറ്റ്‌ഫോം ആഹ്വാനം ചെയ്ത പ്രതിഷേധത്തിൽ തൊഴിലാളികളും കർഷകരും ഉൾപ്പെടെ മുഴുവൻ ജനവിഭാഗങ്ങളും അണിനിരക്കണമെന്ന് സിഐടിയു ജനറൽ സെക്രട്ടറി എളമരം കരീം പ്രസ്താവനയിൽ പറഞ്ഞു.


'ഓരോ കൈയിലും ദേശീയ പതാക, ഓരോ തെരുവും ജന്തർ മന്തർ' എന്ന മുദ്രാവാക്യമുയർത്തിയാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. സംസ്ഥാന, ജില്ലാ, പ്രാദേശിക തലത്തിൽ സിഐടിയു നേതാക്കളും പ്രവർത്തകരും സമരത്തിൽ പങ്കെടുക്കും. ഒക്ടോബർ 16 മുതൽ 22 വരെ സിഐടിയു രാജ്യവ്യാപക പ്രചാരണവാരം സംഘടിപ്പിച്ചിരുന്നു.


കർഷകർ, തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, സ്ത്രീകൾ, യുവജനങ്ങൾ, വിദ്യാർഥികൾ, ആദിവാസികൾ, ന്യൂനപക്ഷങ്ങൾ, ദളിതർ, ഭിന്നശേഷിക്കാർ തുടങ്ങിയ വിഭാഗങ്ങളെയും പുരോഗമന സംഘടനകളെയും കലാകാരന്മാരെയും പൗരാവകാശ പ്രവർത്തകരെും ഉൾക്കൊള്ളുന്നതാണ് 'പീപ്പിൾ എഗെയിൻസ്റ്റ് എസ്‌ഐആർ' ദേശീയ പ്ലാറ്റ്‌ഫോം.


തൊഴിൽ കോഡുകൾ നടപ്പാക്കുന്നതും എസ്‌ഐആറിലൂടെ വോട്ടർപട്ടികയിൽനിന്ന് പുറത്താകുന്നതും തൊഴിലാളികളെ കൂടുതൽ പ്രതിസന്ധിയിലാക്കുമെന്ന് സിഐടിയു മുന്നറിയിപ്പ് നൽകി. പ്രത്യേകിച്ച് സാമൂഹ്യസുരക്ഷാ കോഡ് പ്രകാരം സാമൂഹ്യസുരക്ഷാ ബോർഡുകളിൽ രജിസ്റ്റർ ചെയ്യുന്നതിനും ആനുകൂല്യങ്ങൾ ലഭിക്കുന്നതിനും കേന്ദ്രസർക്കാർ നിർദേശിക്കുന്ന തിരിച്ചറിയൽ കാർഡ് ആവശ്യമാണ്.


വോട്ടർപട്ടികയിൽനിന്ന് പുറത്തായ തൊഴിലാളികൾക്ക് സാമൂഹ്യസുരക്ഷാ ആനുകൂല്യങ്ങളും മറ്റ് സർക്കാർ ക്ഷേമപദ്ധതികളുടെ സഹായവും നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്ന ആശങ്കയും സിഐടിയു പങ്കുവച്ചു. എസ്‌ഐആർ പിൻവലിക്കുന്നത് വോട്ടവകാശം സംരക്ഷിക്കുന്നതിനൊപ്പം തൊഴിലാളികളുടെ സാമൂഹ്യസുരക്ഷാ അവകാശങ്ങൾ ഉറപ്പാക്കുന്നതിനും അനിവാര്യമാണെന്ന് സിഐടിയു വ്യക്തമാക്കി.


'പീപ്പിൾ എഗെയിൻസ്റ്റ് എസ്‌ഐആർ' പ്ലാറ്റ്‌ഫോമിലെ മറ്റ് സംഘടനകളുമായി ഏകോപിച്ച് പ്രതിഷേധത്തിൽ പങ്കാളിത്തം ഉറപ്പാക്കണമെന്നും സിഐടിയു അഭ്യർഥിച്ചു. തെറ്റായ നടപടികളിലൂടെ വോട്ടവകാശം നഷ്ടപ്പെട്ട എല്ലാ പൗരന്മാരുടെയും അവകാശം വീണ്ടെടുക്കാൻ തൊഴിലാളിവർഗം ഉറച്ചുനിൽക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home